malayalam ബൈബിൾ
ഇയ്യോബ് മൊത്തമായ 42 അദ്ധ്യായങ്ങൾ
ഇയ്യോബ്
ഇയ്യോബ് അദ്ധ്യായം 5
ഇയ്യോബ് അദ്ധ്യായം 5
1. വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?
2. നീരസം ഭോഷനെ കൊല്ലുന്നു; ഈർഷ്യ മൂഢനെ ഹിംസിക്കുന്നു.
3. മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ശപിച്ചു.
4. അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതിൽക്കൽവെച്ചു തകർന്നുപോകുന്നു.
5. അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്തു ദാഹമുള്ളവർ കപ്പിക്കളയും.
ഇയ്യോബ് അദ്ധ്യായം 5
6. അനർത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;
7. തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.
8. ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;
9. അവൻ, ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
10. അവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.
11. അവൻ താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
ഇയ്യോബ് അദ്ധ്യായം 5
12. അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല.
13. അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
14. പകൽസമയത്തു അവർക്കു ഇരുൾ നേരിടുന്നു; ഉച്ചസമയത്തു അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
15. അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.
16. അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.
ഇയ്യോബ് അദ്ധ്യായം 5
17. ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.
18. അവൻ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
19. ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
20. ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
21. നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
ഇയ്യോബ് അദ്ധ്യായം 5
22. നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.
23. വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോടു ഇണങ്ങിയിരിക്കും.
24. നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും; നിന്റെ പാർപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.
25. നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
26. തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.
ഇയ്യോബ് അദ്ധ്യായം 5
27. ഞങ്ങൾ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.