Malayalam ബൈബിൾ
1 ശമൂവേൽ മൊത്തമായ 31 അദ്ധ്യായങ്ങൾ
1 ശമൂവേൽ
1 ശമൂവേൽ അദ്ധ്യായം 28
1 ശമൂവേൽ അദ്ധ്യായം 28
1 ആ കാലത്ത് ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്യേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോട്: “നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന് പോരേണം” എന്നു പറഞ്ഞു.
2 അപ്പോൾ ദാവീദ് ആഖീശിനോട്: “അടിയന് എന്ത് ചെയ്യുവാൻ കഴിയും എന്ന് നീ കാണുക” എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: “അതുകൊണ്ട് ഞാൻ നിന്നെ എപ്പോഴും എന്റെ അംഗരക്ഷകരിൽ പ്രധാനിയാക്കും” എന്നു പറഞ്ഞു.
1 ശമൂവേൽ അദ്ധ്യായം 28
3 എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ച് വിലപിച്ച് അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗൽ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു.
4 എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൗൽ എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.
5 ശൗൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ട് ഭയപ്പെട്ട്, അവന്റെ ഹൃദയം വിറെച്ചു.
1 ശമൂവേൽ അദ്ധ്യായം 28
6 ശൗൽ യഹോവയോട് ചോദിച്ചപ്പോൾ യഹോവ അവനോട് സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
7 അപ്പോൾ ശൗൽ തന്റെ ഭൃത്യന്മാരോട്: “എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്ന് ചോദിക്കും” എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോട്: “ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട്” എന്നു പറഞ്ഞു.
8 ശൗൽ വേഷംമാറി, രണ്ടാളെയും കൂട്ടി, രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: “വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ കൊണ്ടുവരുകയും ചെയ്യേണം” എന്നു പറഞ്ഞു.
1 ശമൂവേൽ അദ്ധ്യായം 28
9 സ്ത്രീ അവനോട്: “ശൗൽ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു എന്ന് നീ അറിയുന്നുവല്ലോ; എന്നെ നശിപ്പിക്കാൻ നീ എന്റെ ജീവന് കെണി ഒരുക്കുന്നത് എന്തിന്?” എന്നു പറഞ്ഞു.
10 “യഹോവയാണ ഈ കാര്യം കൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കുകയില്ല ” എന്ന് ശൗൽ യഹോവയുടെ നാമത്തിൽ അവളോട് സത്യം ചെയ്തു.
11 “ഞാൻ ആരെ വരുത്തിത്തരേണം” എന്ന് സ്ത്രീ ചോദിച്ചതിന്: “ശമൂവേലിനെ വരുത്തിത്തരേണം” എന്ന് അവൻ പറഞ്ഞു.
1 ശമൂവേൽ അദ്ധ്യായം 28
12 സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു. എന്നിട്ട് ശൗലിനോട്: “നീ എന്നെ ചതിച്ചത് എന്തിന്? നീ ശൗൽ ആകുന്നുവല്ലോ” എന്നു പറഞ്ഞു.
13 രാജാവ് അവളോട്: “ഭയപ്പെടേണ്ടാ; നീ കാണുന്നത് എന്ത് ?” എന്ന് ചോദിച്ചതിന്: “ഒരു ദേവൻ ഭൂമിയിൽനിന്ന് കയറിവരുന്നത് ഞാൻ കാണുന്നു” എന്ന് സ്ത്രീ ശൗലിനോട് പറഞ്ഞു.
14 അവൻ അവളോട്: “അവന്റെ രൂപം എന്ത് എന്ന് ചോദിച്ചതിന് അവൾ: “ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അത് ശമൂവേൽ എന്നറിഞ്ഞ് ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
1 ശമൂവേൽ അദ്ധ്യായം 28
15 ശമൂവേൽ ശൗലിനോട്: “നീ എന്നെ ഇവിടെ കൊണ്ടുവന്ന് എന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തിയത് എന്ത് ” എന്നു ചോദിച്ചു. അതിന് ശൗൽ: “ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോട് യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്ത് ചെയ്യേണമെന്ന് എനിക്ക് പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു” എന്ന് ഉത്തരം പറഞ്ഞു.
1 ശമൂവേൽ അദ്ധ്യായം 28
16 അതിന് ശമൂവേൽ : “ദൈവം നിന്നെ വിട്ടുമാറി നിനക്ക് ശത്രു ആയതിനാൽ നീ എന്തിന് എന്നോട് ചോദിക്കുന്നു?
17 യഹോവ എന്നെക്കൊണ്ട് പറയിച്ചതുപോലെ അവൻ നിന്നോട് ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്ന് പറിച്ചെടുത്ത് നിന്റെ കൂട്ടുകാരനായ ദാവീദിന് കൊടുത്തിരിക്കുന്നു.
18 നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോട് ചെയ്തിരിക്കുന്നു.
1 ശമൂവേൽ അദ്ധ്യായം 28
19 യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും”.
20 പെട്ടെന്ന് ശൗൽ നെടുനീളത്തിൽ നിലത്ത് വീണു. ശമൂവേലിന്റെ വാക്കുകൾ കാരണം ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്ന് രാവും പകലും അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.
1 ശമൂവേൽ അദ്ധ്യായം 28
21 അപ്പോൾ ആ സ്ത്രീ ശൗലിന്റെ അടുക്കൽ വന്ന്, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നത് കണ്ട് അവനോട്: “അടിയൻ നിന്റെ വാക്ക് കേട്ട് ജീവനെ ഉപേക്ഷിച്ചുകൊണ്ട്, നീ എന്നോട് പറഞ്ഞ വാക്ക് അനുസരിച്ചുവല്ലോ.
22 അതുകൊണ്ട് അടിയന്റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ യാത്ര ചെയ്യുവാൻ നിനക്ക് ബലം ഉണ്ടാകും” എന്നു പറഞ്ഞു.
1 ശമൂവേൽ അദ്ധ്യായം 28
23 അതിന് അവൻ: “വേണ്ടാ, ഞാൻ തിന്നുകയില്ല ” എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്ക് കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു.
24 സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ വേഗത്തിൽ അതിനെ അറുത്ത്, മാവ് എടുത്ത് കുഴെച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു.
25 അവൾ അത് ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ അത് ഭക്ഷിച്ചിട്ട് എഴുന്നേറ്റ് രാത്രിയിൽ തന്നെ പോയി.