Malayalam ബൈബിൾ
ഇയ്യോബ് മൊത്തമായ 42 അദ്ധ്യായങ്ങൾ
ഇയ്യോബ്
ഇയ്യോബ് അദ്ധ്യായം 17
ഇയ്യോബ് അദ്ധ്യായം 17
1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് തീർന്നുപോകുന്നു; ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.
2 എന്റെ അരികിൽ പരിഹാസമേയുള്ളു; എന്റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു.
3 അവിടുന്ന് പണയംകൊടുത്ത് എനിയ്ക്ക് ജാമ്യമാകേണമേ; എന്നെ സഹായിക്കുവാൻ മറ്റാരുള്ളു?
ഇയ്യോബ് അദ്ധ്യായം 17
4 ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു; അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല.
5 ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും.
6 അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്ത് തുപ്പേല്ക്കുന്നവനായിത്തീർന്നു.
ഇയ്യോബ് അദ്ധ്യായം 17
7 ദുഃഖം കാരണം എന്റെ കണ്ണ് മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ എല്ലാം നിഴൽ പോലെ തന്നെ.
8 നേരുള്ളവർ അതു കണ്ട് ഭ്രമിച്ചുപോകും; നിഷ്കളങ്കൻ അഭക്തന്റെ നേരെ ക്ഷോഭിക്കും.
9 നീതിമാനോ തന്റെ വഴി തന്നെ പിന്തുടരും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
ഇയ്യോബ് അദ്ധ്യായം 17
10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
11 എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു.
12 അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു.
ഇയ്യോബ് അദ്ധ്യായം 17
13 ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.
14 ഞാൻ ദ്രവത്വത്തോട്: നീ എന്റെ അപ്പൻ എന്നും പുഴുവിനോട്: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
15 അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആര് എന്റെ പ്രത്യാശയെ കാണും?
ഇയ്യോബ് അദ്ധ്യായം 17
16 അത് പാതാളത്തിന്റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ? പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?”