Malayalam ബൈബിൾ

ഇയ്യോബ് മൊത്തമായ 42 അദ്ധ്യായങ്ങൾ

ഇയ്യോബ്

ഇയ്യോബ് അദ്ധ്യായം 30
ഇയ്യോബ് അദ്ധ്യായം 30

1 ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിൻ കൂട്ടത്തിന്റെ നായ്ക്കളോടുകൂടി ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു.

2 അവരുടെ കയ്യൂറ്റംകൊണ്ട് എനിക്ക എന്ത് പ്രയോജനം? അവരുടെ യൗവ്വനശക്തി നശിച്ചുപോയല്ലോ.

3 ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു; ശൂന്യദേശത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ അവർ വരണ്ട നിലം കാർന്നു തിന്നുന്നു.

ഇയ്യോബ് അദ്ധ്യായം 30

4 അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.

5 ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.

6 താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു; മൺകുഴികളിലും പാറയുടെ ഗുഹകളിലും തന്നെ.

ഇയ്യോബ് അദ്ധ്യായം 30

7 കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു; കുറ്റിച്ചെടിയുടെ കീഴിൽ അവർ ഒന്നിച്ചുകൂടുന്നു.

8 അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ; അവരെ ദേശത്തുനിന്ന് ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു.

9 എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു.

ഇയ്യോബ് അദ്ധ്യായം 30

10 അവർ എന്നെ അറച്ച് അകന്നുനില്ക്കുന്നു; എന്റെ മുഖത്ത് തുപ്പുവാൻ ശങ്കിക്കുന്നില്ല.

11 ദൈവം തന്റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട് അവർ എന്റെ മുമ്പിൽ കടിഞ്ഞാൺ അയച്ചുവിട്ടിരിക്കുന്നു.

12 വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.

ഇയ്യോബ് അദ്ധ്യായം 30

13 അവർ എന്റെ പാതയെ നശിപ്പിക്കുന്നു; അവർ തന്നെ തുണയറ്റവർ ആയിരിക്കുമ്പോൾ എന്റെ അപായത്തിനായി ശ്രമിക്കുന്നു.

14 വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; ഇടിഞ്ഞുവീണതിന്റെ നടുവിൽക്കൂടി അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു.

15 ഭീകരതകൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ഐശ്വര്യവും മേഘംപോലെ കടന്നു പോകുന്നു.

ഇയ്യോബ് അദ്ധ്യായം 30

16 ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.

17 രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കാർന്നുതിന്നുന്നവർ ഉറങ്ങുന്നതുമില്ല.

18 ദൈവത്തിന്റെ ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; [* അങ്കി = പുറങ്കുപ്പായം ]അങ്കിയുടെ കഴുത്തുപോലെ എന്നോട് പറ്റിയിരിക്കുന്നു.

ഇയ്യോബ് അദ്ധ്യായം 30

19 അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു.

20 ഞാൻ അങ്ങയോട് നിലവിളിക്കുന്നു; അവിടുന്ന് ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റുനില്ക്കുന്നു; അവിടുന്ന് എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.

21 അവിടുന്ന് എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; അവിടുത്തെ കയ്യുടെ ശക്തിയാൽ അവിടുന്ന്എന്നെ പീഡിപ്പിക്കുന്നു.

ഇയ്യോബ് അദ്ധ്യായം 30

22 അവിടുന്ന് എന്നെ കാറ്റിൻ പുറത്ത് കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റിൽ അവിടുന്ന് എന്നെ ലയിപ്പിച്ചുകളയുന്നു.

23 മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും അവിടുന്ന് എന്നെ കൊണ്ടുപോകുമെന്ന് ഞാൻ അറിയുന്നു.

24 എങ്കിലും വീഴുമ്പോൾ ആരും കൈ നീട്ടുകയില്ലയോ? അപായത്തിൽപെട്ടവൻ നിലവിളിക്കുകയില്ലയോ?

ഇയ്യോബ് അദ്ധ്യായം 30

25 കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? എളിയവനു വേണ്ടി എന്റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ?

26 ഞാൻ നന്മയ്ക്ക് നോക്കിയിരുന്നപ്പോൾ തിന്മ വന്നു. വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു.

27 എന്റെ ഹൃദയം ഇളകി മറിയുന്നു; കഷ്ടകാലം എനിയ്ക്ക് വന്നിരിക്കുന്നു.

ഇയ്യോബ് അദ്ധ്യായം 30

28 ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും; ഞാൻ സഭയിൽ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.

29 ഞാൻ കുറുക്കന്മാർക്ക് സഹോദരനും ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു.

30 എന്റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു.

ഇയ്യോബ് അദ്ധ്യായം 30

31 എന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്ത് കരച്ചിലായും തീർന്നിരിക്കുന്നു.