Malayalam ബൈബിൾ

ഉല്പത്തി മൊത്തമായ 50 അദ്ധ്യായങ്ങൾ

ഉല്പത്തി

ഉല്പത്തി അദ്ധ്യായം 16
ഉല്പത്തി അദ്ധ്യായം 16

1 അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.

2 സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു.

3 അബ്രാം കനാൻ ദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.

ഉല്പത്തി അദ്ധ്യായം 16

4 അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.

5 അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

ഉല്പത്തി അദ്ധ്യായം 16

6 അബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു: ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി.

7 പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.

8 സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.

ഉല്പത്തി അദ്ധ്യായം 16

9 യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.

10 യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.

11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;

ഉല്പത്തി അദ്ധ്യായം 16

12 അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു.

13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.

14 അതുകൊണ്ടു ആ കിണറ്റിന്നു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു.

ഉല്പത്തി അദ്ധ്യായം 16

15 പിന്നെ ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേൽ എന്നു പേരിട്ടു.

16 ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.