Malayalam ബൈബിൾ

ആവർത്തനം മൊത്തമായ 34 അദ്ധ്യായങ്ങൾ

ആവർത്തനം

ആവർത്തനം അദ്ധ്യായം 3
ആവർത്തനം അദ്ധ്യായം 3

ബാശാൻരാജാവായ ഓഗിനെ കീഴടക്കുന്നു 1 അതിനുശേഷം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയേ കയറിപ്പോയി. അപ്പോൾ ബാശാൻരാജാവായ ഓഗും അദ്ദേഹത്തിന്റെ സർവസൈന്യവും നമ്മുടെനേരേവന്ന് എദ്രെയിൽവെച്ചു യുദ്ധംചെയ്തു.

2 അപ്പോൾ യഹോവ എന്നോടു കൽപ്പിച്ചു: “അവനെ ഭയപ്പെടരുത്; ഞാൻ അവനെ അവന്റെ സർവസൈന്യത്തോടും അവന്റെ ദേശത്തോടുംകൂടി നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുതന്നെ നീ അവനോടും ചെയ്യുക.”

ആവർത്തനം അദ്ധ്യായം 3

3 ഇപ്രകാരം നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലസൈന്യത്തെയും നമ്മുടെ കൈയിൽ ഏൽപ്പിച്ചുതന്നു. ആരും ശേഷിക്കാതവണ്ണം നാം അവരെ സംഹരിച്ചുകളഞ്ഞു.

4 അന്നു നാം അവന്റെ സകലപട്ടണങ്ങളും പിടിച്ചെടുത്തു; ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള അറുപതു പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന അർഗോബ് മുഴുവൻ പിടിച്ചെടുത്തു. നാം അവരിൽനിന്നു പിടിച്ചെടുക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല.

ആവർത്തനം അദ്ധ്യായം 3

5 ആ പട്ടണങ്ങൾ എല്ലാം ഉയരമുള്ള മതിലുകളും കവാടങ്ങളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പാക്കിയിരുന്നു. ഇവകൂടാതെ മതിലില്ലാത്ത നിരവധി ഗ്രാമങ്ങളും അവിടെ ഉണ്ടായിരുന്നു.

6 ഹെശ്ബോൻരാജാവായ സീഹോനോടു ചെയ്തതുപോലെ നാം ബാശാന്റെ രാജ്യം പട്ടണങ്ങൾതോറും—പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും—നിശ്ശേഷം നശിപ്പിച്ചു.

7 എന്നാൽ എല്ലാ പട്ടണങ്ങളിൽനിന്നുമുള്ള വളർത്തുമൃഗങ്ങൾ, കൊള്ളമുതൽ എന്നിവ നാം കൈവശപ്പെടുത്തി.

ആവർത്തനം അദ്ധ്യായം 3

8 ഇങ്ങനെ നാം അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോർദാൻനദിക്ക് കിഴക്ക് അർന്നോൻതാഴ്വരമുതൽ ഹെർമോൻപർവതംവരെയുള്ള ഭൂപ്രദേശം അന്നു പിടിച്ചടക്കി.

9 സീദോന്യർ ഹെർമോനെ ശിര്യോൻ എന്നും അമോര്യർ സെനീർ എന്നും വിളിച്ചുവന്നു.

10 പീഠഭൂമിയിലെ സകലപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾ ഉൾപ്പെടെ ബാശാൻ രാജ്യംമുഴുവനും നാം പിടിച്ചെടുത്തു.

ആവർത്തനം അദ്ധ്യായം 3

11 മല്ലന്മാരിൽ ശേഷിച്ചത് ബാശാൻരാജാവായ ഓഗുമാത്രമായിരുന്നു. അമ്മോന്യനഗരമായ രബ്ബയിൽ ഇരുമ്പുകൊണ്ട് പൊതിഞ്ഞ അവന്റെ കല്ലറയുണ്ട്. അതിന്റെ നീളം പുരുഷന്റെ കൈക്ക് ഒൻപതുമുഴവും വീതി നാലുമുഴവും* ഏക. 4 മീ. നീളം, 1.8 മീ. വീതി. ആയിരുന്നു.

ദേശം വിഭജിക്കുന്നു 12 അന്ന് ഈ രാജ്യം നാം സ്വന്തമാക്കിയപ്പോൾ അർന്നോൻ താഴ്വരയുടെ സമീപത്തുള്ള അരോയേർമുതൽ മലനാടായ ഗിലെയാദിന്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കുമായി കൊടുത്തു.

ആവർത്തനം അദ്ധ്യായം 3

13 ഓഗിന്റെ ഭരണത്തിൻകീഴിലായിരുന്ന ബാശാൻമുഴുവനും ഗിലെയാദിൽ ശേഷിച്ചഭാഗവും മനശ്ശെയുടെ പാതിഗോത്രത്തിനു ഞാൻ കൊടുത്തു. ബാശാനിലെ അർഗോബുദേശം മുഴുവനും മല്ലന്മാരുടെ നാട് എന്നാണ് അറിയപ്പെട്ടിരുന്നത്.

14 മനശ്ശെഗോത്രത്തിൽനിന്നുള്ള യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അർഗോബ് ദേശംമുഴുവനും പിടിച്ചെടുത്തു, അതിന് അദ്ദേഹത്തിന്റെ പേരിനനുസരിച്ച് ഹാവോത്ത്-യായീർ എന്നു പേരുനൽകി; അതുകൊണ്ട് ബാശാന് ഇന്നുവരെ ആ പേര് വിളിച്ചുവരുന്നു.

ആവർത്തനം അദ്ധ്യായം 3

15 ഞാൻ മാഖീർകുലത്തിന് ഗിലെയാദ് കൊടുത്തു.

16 ഗിലെയാദുമുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗംവരെ അതിരായും അമ്മോന്യരുടെ അതിർത്തിയായ യാബ്ബോക്കുനദിവരെയും

17 കിന്നെരെത്തുമുതൽ അതായത്, ഗലീലാതടാകംമുതൽ. കിഴക്കുഭാഗത്ത് പിസ്ഗായുടെ ചെരിവിൽ അരാബയിലെ ഉപ്പുകടൽ ‡ അതായത്, ചാവുകടൽ എന്ന അരാബാക്കടലും പടിഞ്ഞാറേ അതിർത്തിയായി യോർദാൻനദിയും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും അവകാശമായി കൊടുത്തു.

ആവർത്തനം അദ്ധ്യായം 3

18 അക്കാലത്തു ഞാൻ യോർദാൻനദിക്ക് കിഴക്ക് താമസിക്കുന്നവരായ നിങ്ങളോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്ക് അവകാശമായി നൽകിയിരിക്കുന്നു. നിങ്ങളുടെയിടയിൽ യുദ്ധപ്രാപ്തരായ എല്ലാവരും ഇസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാരുടെമുമ്പിൽ യുദ്ധംചെയ്യാൻ സന്നദ്ധരായി അണിനിരക്കണം.

19 നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ആടുമാടുകളും ഞാൻ നിങ്ങൾക്കു നൽകിയിട്ടുള്ള പട്ടണങ്ങളിൽ താമസിച്ചുകൊള്ളട്ടെ. നിങ്ങൾക്കു വളരെ ആടുമാടുകൾ ഉണ്ടെന്ന് എനിക്കറിയാം.

ആവർത്തനം അദ്ധ്യായം 3

20 യഹോവ നിങ്ങൾക്കു സ്വസ്ഥത നൽകിയതുപോലെ യഹോവയായ ദൈവം യോർദാനക്കരെ നിങ്ങളുടെ സഹോദരന്മാർക്കും അവകാശമായി കൊടുക്കുന്ന ദേശം കൈവശപ്പെടുത്തുന്നതുവരെയാണിത്. അതിനുശേഷം നിങ്ങൾക്കു നിങ്ങളുടെ അവകാശത്തിലേക്കു മടങ്ങിപ്പോകാം.”

യോർദാൻനദി കടക്കുന്നതിൽ മോശയ്ക്കുള്ള വിലക്ക് 21 അക്കാലത്തു ഞാൻ യോശുവയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതെല്ലാം നീ വ്യക്തമായി കണ്ടല്ലോ. നീ കൈവശമാക്കാൻചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും.

ആവർത്തനം അദ്ധ്യായം 3

22 നിങ്ങൾ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.”

23 ആ സമയത്ത് ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു:

24 “കർത്താവായ യഹോവേ, അവിടത്തെ മഹിമയും ഭുജബലവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ. അങ്ങയുടെ പ്രവൃത്തികൾപോലെയും അങ്ങയുടെ അത്ഭുതങ്ങൾപോലെയും ചെയ്യാൻ കഴിയുന്ന ദേവൻ സ്വർഗത്തിലും ഭൂമിയിലും വേറെ ഇല്ലല്ലോ.

ആവർത്തനം അദ്ധ്യായം 3

25 യോർദാന് അക്കരെയുള്ള നല്ല പ്രദേശങ്ങളും മനോഹരമായ പർവതവും ലെബാനോനും ഞാൻ പോയി കണ്ടുകൊള്ളട്ടെ!”

26 എന്നാൽ യഹോവ നിങ്ങൾനിമിത്തം എന്നോടു കോപിച്ചിരുന്നതുകൊണ്ട് എന്റെ അപേക്ഷ കേട്ടില്ല. യഹോവ എന്നോട്, “മതി, ഈ കാര്യം ഇനിയും എന്നോടു സംസാരിക്കരുത്.

27 പിസ്ഗായുടെ മുകളിൽ കയറിനിന്ന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നിന്റെ സ്വന്തം കണ്ണുകൊണ്ടുതന്നെ നോക്കിക്കൊൾക, എന്നാൽ ഈ യോർദാൻനദി നീ കടക്കുകയില്ല.

ആവർത്തനം അദ്ധ്യായം 3

28 പകരം യോശുവയ്ക്ക് അധികാരംനൽകി അവനെ പ്രോത്സാഹിപ്പിച്ച് ഉറപ്പുള്ളവനാക്കുക; അവന്റെ നേതൃത്വത്തിലായിരിക്കും ഈ ജനത അക്കരെ എത്തുക. നീ കാണുന്ന ഈ ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു.

29 അങ്ങനെ നാം ബേത്-പെയോരിന് എതിർവശത്തുള്ള താഴ്വരയിൽ താമസിച്ചു.