Malayalam ബൈബിൾ

സങ്കീർത്തനങ്ങൾ മൊത്തമായ 150 അദ്ധ്യായങ്ങൾ

സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ അദ്ധ്യായം 28
സങ്കീർത്തനങ്ങൾ അദ്ധ്യായം 28

1 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായ അങ്ങ്, അവിടത്തെ കാതുകൾ എന്റെമുമ്പിൽ കൊട്ടിയടയ്ക്കരുതേ. അവിടന്ന് മൗനം അവലംബിച്ചാൽ, കുഴിയിൽ വെക്കപ്പെടുന്നവരെപ്പോലെ ഞാൻ ആയിത്തീരും.

2 അവിടത്തെ അതിവിശുദ്ധ സ്ഥലത്തേക്ക് ഞാൻ എന്റെ കരങ്ങൾ ഉയർത്തുമ്പോൾ, സഹായത്തിനായി ഞാൻ വിളിക്കുമ്പോൾത്തന്നെ കരുണയ്ക്കായുള്ള എന്റെ വിലാപം കേൾക്കണമേ.

സങ്കീർത്തനങ്ങൾ അദ്ധ്യായം 28

3 അധർമം പ്രവർത്തിക്കുന്നവരോടും ദുഷ്ടരോടുമൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ, അവർ അയൽവാസികളോട് സൗഹൃദത്തോടെ സംസാരിക്കുന്നു എന്നാൽ, ഹൃദയത്തിലവർ ദോഷം ആസൂത്രണംചെയ്യുന്നു.

4 അവരുടെ പ്രവൃത്തികൾക്കും ദ്രോഹകർമങ്ങൾക്കും യോഗ്യമായത് അവർക്കു നൽകണമേ; അവരുടെ കൈകളുടെ പ്രവൃത്തികൾക്ക് അവരർഹിക്കുന്ന പ്രതിഫലംതന്നെ നൽകണമേ.

സങ്കീർത്തനങ്ങൾ അദ്ധ്യായം 28

5 കാരണം അവർ യഹോവയുടെ പ്രവൃത്തികൾ ആദരിക്കുന്നില്ല അവിടത്തെ കരവേലയോടും അങ്ങനെതന്നെ, അവിടന്ന് അവരെ ഇടിച്ചുനിരത്തും, പിന്നീടൊരിക്കലും പുനർനിർമിക്കുകയില്ല.

6 യഹോവ വാഴ്ത്തപ്പെടട്ടെ, കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നല്ലോ.

സങ്കീർത്തനങ്ങൾ അദ്ധ്യായം 28

7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു. എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു, എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും.

8 യഹോവ തന്റെ ജനത്തിന്റെ ശക്തിയാകുന്നു, തന്റെ അഭിഷിക്തന് രക്ഷനൽകുന്ന ഉറപ്പുള്ള കോട്ടയും ആകുന്നു.

സങ്കീർത്തനങ്ങൾ അദ്ധ്യായം 28

9 അങ്ങയുടെ ജനത്തെ രക്ഷിക്കുകയും അവിടത്തെ അവകാശത്തെ അനുഗ്രഹിക്കുകയും ചെയ്യണമേ; അവർക്ക് ഇടയനായിരുന്ന് എപ്പോഴും അവരെ കരങ്ങളിൽ വഹിക്കണമേ.