1. [PS]എല്ലാ യിസ്രായേലും രെഹബെയാമിനെ രാജാവാക്കേണ്ടതിന് ശെഖേമിൽ വന്നിരുന്നതിനാൽ അവനും അവിടേക്ക് ചെന്നു.
2. നെബാത്തിന്റെ മകൻ യൊരോബെയാം ഈജിപ്റ്റിൽ വച്ച് അത് കേട്ടപ്പോൾ - ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് യൊരോബെയാം ഓടിപ്പോയി ഈജിപ്റ്റിൽ പാർക്കുകയായിരുന്നു
3. യിസ്രായേല്യർ ആളയച്ച് അവനെ വിളിച്ചു വരുത്തിയിരുന്നു - യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്ന് രെഹബെയാമിനോട് സംസാരിച്ചു:
4. “നിന്റെ അപ്പൻ ഭാരമുള്ള നുകമാണ് ഞങ്ങളുടെമേൽ വെച്ചത്; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്ന് പറഞ്ഞു.
5. അവൻ അവരോട്: “നിങ്ങൾ പോയി മൂന്ന് ദിവസം കഴിഞ്ഞിട്ട് വീണ്ടും എന്റെ അടുക്കൽ വരുവിൻ “എന്ന് പറഞ്ഞു. അങ്ങനെ ജനം പോയി.
6. രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്ത് തന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ‘ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾ എന്താലോചന പറയുന്നു’ എന്ന് ചോദിച്ചു.
7. അതിന് അവർ അവനോട്: ‘നീ ഇന്ന് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിച്ച് അവരോട് നല്ലവാക്ക് പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും’ എന്ന് പറഞ്ഞു.
8. എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്നവരും, തന്റെ മുമ്പിൽ നില്ക്കുന്നവരുമായ യൗവനക്കാരോട് ആലോചന ചോദിച്ചു:
9. ‘നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ച് തരേണം’ എന്നിങ്ങനെ എന്നോട് സംസാരിച്ച ഈ ജനത്തോട് നാം എന്ത് മറുപടി പറയേണം? നിങ്ങളുടെ ഉപദേശം എന്താണ്?’ എന്ന് അവരോട് ചോദിച്ചു.
10. തന്നോടുകൂടെ വളർന്നുവന്ന യൗവനക്കാർ അവനോട്: “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അത് ഞങ്ങൾക്ക് ഭാരം കുറച്ച് തരേണം” എന്ന് നിന്നോട് പറഞ്ഞ ഈ ജനത്തോട് നീ ഈവിധം ഉത്തരം പറയേണം: “എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും.
11. എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാൻ അതിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് പറഞ്ഞു.
12. ‘മൂന്നാം ദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ’ എന്ന് രാജാവ് പറഞ്ഞതനുസരിച്ച് യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.
13. എന്നാൽ രാജാവ് ജനത്തോട് കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചുകളഞ്ഞു.
14. യൗവനക്കാരുടെ ആലോചനപോലെ അവരോട്: “എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് ഉത്തരം പറഞ്ഞു.
15. ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവ് മുഖാന്തരം നെബാത്തിന്റെ മകൻ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം യഹോവയുടെ ഹിതപ്രകാരം സംഭവിച്ചു.
16. രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി ? യിശ്ശായിപുത്രനിൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്ക് പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ സ്വന്തഗൃഹം പരിപാലിച്ചുകൊൾക ” എന്നുത്തരം പറഞ്ഞ്, തങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോയി.
17. യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്ക് രെഹബെയാം രാജാവായ്തീർന്നു.
18. പിന്നെ രെഹബെയാംരാജാവ് ഭണ്ഡാരമേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ എല്ലാ യിസ്രായേലും കൂടി അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോന്നു.
19. ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോട് മത്സരിച്ച് നില്ക്കുന്നു.
20. യൊരോബെയാം മടങ്ങിവന്നു എന്ന് യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ച് അവനെ സഭയിലേക്ക് വിളിപ്പിച്ച് അവനെ എല്ലായിസ്രായേലിനും രാജാവാക്കി; യെഹൂദാഗോത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല. [PE]
21. [PS]രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോട് യുദ്ധംചെയ്ത് തന്റെ രാജത്വം വീണ്ടെടുക്കേണ്ടതിന്, അവൻ യെഹൂദാഗൃഹത്തിൽ നിന്നും ബെന്യാമീൻ ഗോത്രത്തിൽ നിന്നും ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തി എൺപതിനായിരംപേരെ വിളിച്ചുകൂട്ടി.
22. എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് ദൈവത്തിന്റെ അരുളപ്പാടുണ്ടായത്:
23. യെഹൂദാരാജാവും ശലോമോന്റെ മകനുമായ രെഹബെയാമിനോടും, യെഹൂദയിലേയും ബെന്യാമീനിലേയും സകല ഗൃഹത്തോടും ശേഷം ജനത്തോടും നീ പറയേണ്ടത് : “നിങ്ങൾ പുറപ്പെടരുത്;
24. നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോട് യുദ്ധം ചെയ്യുകയുമരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്ക് മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് മടങ്ങിപ്പോയി.
25. അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിലെ ശെഖേമിനെ പണിത് അവിടെ പാർത്തു. അവൻ അവിടെനിന്ന് പുറപ്പെട്ട് പെനൂവേലും പണിതു.
26. എന്നാൽ യൊരോബെയാം തന്റെ ഹൃദയത്തിൽ ചിന്തിച്ചത്: ‘രാജത്വം വീണ്ടും ദാവീദ് ഗൃഹത്തിന് ആയിപ്പോകും;
27. ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ പോയാൽ അവരുടെ ഹൃദയം യെഹൂദാരാജാവും തങ്ങളുടെ യജമാനനുമായ രെഹബെയാമിനോട് കൂറ് കാണിച്ച്, അവന്റെ പക്ഷം ചേർന്ന് എന്നെ കൊല്ലുകയും ചെയ്യും’.
28. ആകയാൽ രാജാവിന് ലഭിച്ച ഉപദേശപ്രകാരം, അവൻ പൊന്നുകൊണ്ട് രണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി; “യെരൂശലേം വരെ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണ്; യിസ്രായേലേ, നിന്നെ ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ഇതാ ” എന്ന് അവരോട് പറഞ്ഞു.
29. അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
30. ഈ കാര്യം പാപഹേതുവായിത്തീർന്നു; ഒരു പ്രതിഷ്ഠയെ നമസ്കരിപ്പാൻ ജനം ദാൻവരെ ചെന്നു.
31. അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി, സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
32. യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ച് യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്ക് യാഗം കഴിക്കേണ്ടതിന് ബേഥേലിലും അവൻ അങ്ങനെ തന്നേ ചെയ്തു; താൻ ബേഥേലിൽ നിർമ്മിച്ച പൂജാഗിരികളിൽ പുരോഹിതന്മാരേയും നിയമിച്ചു.
33. അവൻ സ്വയം നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി ബേഥേലിൽ താൻ ഉണ്ടാക്കിയ യാഗപീഠത്തിൽ ചെന്ന് യാഗം കഴിച്ചു; യിസ്രായേൽമക്കൾക്ക് ഒരു ഉത്സവം നിയമിച്ച്, ധൂപപീഠത്തിൽ ധൂപം അർപ്പിക്കുകയും ചെയ്തു. [PE]