ഉല്പത്തി 14 : 1 (MOV)
ശിനാർ രാജാവായ അമ്രാഫെൽ, എലാസാർരാജാവായ അർയ്യോക്, ഏലാം രാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്തു
ഉല്പത്തി 14 : 2 (MOV)
ഇവർ സൊദോം രാജാവായ ബേരാ, ഗൊമോരാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു.
ഉല്പത്തി 14 : 3 (MOV)
ഇവരെല്ലാവരും സിദ്ദീംതാഴ്വരിയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു.
ഉല്പത്തി 14 : 4 (MOV)
അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു.
ഉല്പത്തി 14 : 5 (MOV)
അതുകൊണ്ടു പതിനാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരുംവന്നു, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിർയ്യാത്തയീമിലെ ഏമ്യരെയും
ഉല്പത്തി 14 : 6 (MOV)
സേയീർമലയിലെ ഹോർയ്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻ വരെ തോല്പിച്ചു.
ഉല്പത്തി 14 : 7 (MOV)
പിന്നെഅവർ തിരിഞ്ഞു കാദേശ് എന്ന ഏൻ മിശ്പാത്തിൽവന്നു അമലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോർയ്യരെയും കൂടെ തോല്പിച്ചു.
ഉല്പത്തി 14 : 8 (MOV)
അപ്പോൾ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ധീംതാഴ്വരയിൽ വെച്ചു
ഉല്പത്തി 14 : 9 (MOV)
ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അർയ്യോൿ എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നെ.
ഉല്പത്തി 14 : 10 (MOV)
സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാ രാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്കു ഓടിപ്പോയി.
ഉല്പത്തി 14 : 11 (MOV)
സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവർഎടുത്തുകൊണ്ടുപോയി.
ഉല്പത്തി 14 : 12 (MOV)
അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി.
ഉല്പത്തി 14 : 13 (MOV)
ഓടിപ്പോന്ന ഒരുത്തൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോർയ്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു.
ഉല്പത്തി 14 : 14 (MOV)
തന്റെ സഹോദരനെ ബദ്ധനാക്കികൊണ്ടു പോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു.
ഉല്പത്തി 14 : 15 (MOV)
രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു.
ഉല്പത്തി 14 : 16 (MOV)
അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.
ഉല്പത്തി 14 : 17 (MOV)
അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.
ഉല്പത്തി 14 : 18 (MOV)
ശാലേംരാജാവായ മൽക്കീസേദെൿ അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
ഉല്പത്തി 14 : 19 (MOV)
അവൻ അവനെ അനുഗ്രഹിച്ചു: സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
ഉല്പത്തി 14 : 20 (MOV)
നിന്റെ ശത്രുക്കളെ നിന്റെ കൈയില് ഏല്പിച്ച അത്യുന്നതനായ ദൈവംസ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
ഉല്പത്തി 14 : 21 (MOV)
സൊദോംരാജാവു അബ്രാമിനോടു: ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊൾക എന്നുപറഞ്ഞു.
ഉല്പത്തി 14 : 22 (MOV)
അതിന്നു അബ്രാം സൊദോംരാജാവിനോടുപറഞ്ഞതു: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ
ഉല്പത്തി 14 : 23 (MOV)
സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തിസത്യം ചെയ്യുന്നു.
ഉല്പത്തി 14 : 24 (MOV)
ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.
❮
❯