ഉല്പത്തി 15 : 1 (MOV)
അതിന്റെ ശേഷം അബ്രാമിന്നു ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു.
ഉല്പത്തി 15 : 2 (MOV)
അതിന്നു അബ്രാം: കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസർ അത്രേ എന്നു പറഞ്ഞു.
ഉല്പത്തി 15 : 3 (MOV)
നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.
ഉല്പത്തി 15 : 4 (MOV)
അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും. എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
ഉല്പത്തി 15 : 5 (MOV)
പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
ഉല്പത്തി 15 : 6 (MOV)
അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.
ഉല്പത്തി 15 : 7 (MOV)
പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു.
ഉല്പത്തി 15 : 8 (MOV)
കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളതുഎനിക്കു എന്തൊന്നിനാൽ അറിയാം എന്നു അവൻ ചോദിച്ചു.
ഉല്പത്തി 15 : 9 (MOV)
അവൻ അവനോടു: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻ കുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.
ഉല്പത്തി 15 : 10 (MOV)
ഇവയെയൊക്കെയും അവൻ കൊണ്ടുവന്നു ഒത്തനടുവെ പിളർന്നു ഭാഗങ്ങളെ നേർക്കുനേരെ വെച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല.
ഉല്പത്തി 15 : 11 (MOV)
ഉടലുകളിന്മേൽ റാഞ്ചൻ പക്ഷികൾഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു.
ഉല്പത്തി 15 : 12 (MOV)
സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേൽ വീണു.
ഉല്പത്തി 15 : 13 (MOV)
അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.
ഉല്പത്തി 15 : 14 (MOV)
എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.
ഉല്പത്തി 15 : 15 (MOV)
നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.
ഉല്പത്തി 15 : 16 (MOV)
നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോർയ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.
ഉല്പത്തി 15 : 17 (MOV)
സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.
ഉല്പത്തി 15 : 18 (MOV)
അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,
ഉല്പത്തി 15 : 19 (MOV)
കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,
ഉല്പത്തി 15 : 20 (MOV)
പെറിസ്യർ, രെഫായീമ്യർ, അമോർയ്യർ,
ഉല്പത്തി 15 : 21 (MOV)
കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.
❮
❯