ഉല്പത്തി 17 : 1 (MOV)
അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.
ഉല്പത്തി 17 : 2 (MOV)
എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
ഉല്പത്തി 17 : 3 (MOV)
അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ:
ഉല്പത്തി 17 : 4 (MOV)
എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും;
ഉല്പത്തി 17 : 5 (MOV)
ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹു ജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.
ഉല്പത്തി 17 : 6 (MOV)
ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും.
ഉല്പത്തി 17 : 7 (MOV)
ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.
ഉല്പത്തി 17 : 8 (MOV)
ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും.
ഉല്പത്തി 17 : 9 (MOV)
ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.
ഉല്പത്തി 17 : 10 (MOV)
എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.
ഉല്പത്തി 17 : 11 (MOV)
നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.
ഉല്പത്തി 17 : 12 (MOV)
തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി.
ഉല്പത്തി 17 : 13 (MOV)
നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.
ഉല്പത്തി 17 : 14 (MOV)
അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.
ഉല്പത്തി 17 : 15 (MOV)
ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം.
ഉല്പത്തി 17 : 16 (MOV)
ഞാൻ അവളെ അനുഗ്രഹിച്ചു അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
ഉല്പത്തി 17 : 17 (MOV)
അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.
ഉല്പത്തി 17 : 18 (MOV)
യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽമതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു.
ഉല്പത്തി 17 : 19 (MOV)
അതിന്നു ദൈവം അരുളിച്ചെയ്തതു: അല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാൿ എന്നു പേരിടേണം; ഞാൻ അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും
ഉല്പത്തി 17 : 20 (MOV)
യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും.
ഉല്പത്തി 17 : 21 (MOV)
എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ടു ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോടു ആകുന്നു.
ഉല്പത്തി 17 : 22 (MOV)
ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ടു കയറിപ്പോയി.
ഉല്പത്തി 17 : 23 (MOV)
അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.
ഉല്പത്തി 17 : 24 (MOV)
അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന്നു തൊണ്ണൂറ്റെമ്പതു വയസ്സായിരുന്നു.
ഉല്പത്തി 17 : 25 (MOV)
അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു.
ഉല്പത്തി 17 : 26 (MOV)
അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽപരിച്ഛേദന ഏറ്റു.
ഉല്പത്തി 17 : 27 (MOV)
വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോടു അവൻ വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.
❮
❯