ഉല്പത്തി 22 : 1 (MOV)
അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു.
ഉല്പത്തി 22 : 2 (MOV)
അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
ഉല്പത്തി 22 : 3 (MOV)
അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.
ഉല്പത്തി 22 : 4 (MOV)
മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു ആ സ്ഥലം കണ്ടു.
ഉല്പത്തി 22 : 5 (MOV)
അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.
ഉല്പത്തി 22 : 6 (MOV)
അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വെച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.
ഉല്പത്തി 22 : 7 (MOV)
അപ്പോൾ യിസ്ഹാൿ തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ എന്നു അവൻ ചോദിച്ചു.
ഉല്പത്തി 22 : 8 (MOV)
ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻ കുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.
ഉല്പത്തി 22 : 9 (MOV)
ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.
ഉല്പത്തി 22 : 10 (MOV)
പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.
ഉല്പത്തി 22 : 11 (MOV)
ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു.
ഉല്പത്തി 22 : 12 (MOV)
ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.
ഉല്പത്തി 22 : 13 (MOV)
അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.
ഉല്പത്തി 22 : 14 (MOV)
അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.
ഉല്പത്തി 22 : 15 (MOV)
യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു:
ഉല്പത്തി 22 : 16 (MOV)
നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു
ഉല്പത്തി 22 : 17 (MOV)
ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.
ഉല്പത്തി 22 : 18 (MOV)
നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
ഉല്പത്തി 22 : 19 (MOV)
പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ--ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.
ഉല്പത്തി 22 : 20 (MOV)
അനന്തരം മിൽക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വർത്തമാനം കിട്ടി.
ഉല്പത്തി 22 : 21 (MOV)
അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,
ഉല്പത്തി 22 : 22 (MOV)
കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ.
ഉല്പത്തി 22 : 23 (MOV)
ബെഥൂവേൽ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടു പേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്നു പ്രസവിച്ചു.
ഉല്പത്തി 22 : 24 (MOV)
അവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.
❮
❯