ഉല്പത്തി 26 : 1 (MOV)
അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാൿ ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.
ഉല്പത്തി 26 : 2 (MOV)
യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക.
ഉല്പത്തി 26 : 3 (MOV)
ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.
ഉല്പത്തി 26 : 4 (MOV)
അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു
ഉല്പത്തി 26 : 5 (MOV)
ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.
ഉല്പത്തി 26 : 6 (MOV)
അങ്ങനെ യിസ്ഹാൿ ഗെരാരിൽ പാർത്തു.
ഉല്പത്തി 26 : 7 (MOV)
ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൌന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു.
ഉല്പത്തി 26 : 8 (MOV)
അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെൿ കിളിവാതിൽക്കൽ കൂടി നോക്കി യിസ്ഹാൿ തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു.
ഉല്പത്തി 26 : 9 (MOV)
അബീമേലെൿ യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാൿ അവനോടു: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു.
ഉല്പത്തി 26 : 10 (MOV)
അപ്പോൾ അബീമേലെക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
ഉല്പത്തി 26 : 11 (MOV)
പിന്നെ അബീമേലെക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു.
ഉല്പത്തി 26 : 12 (MOV)
യിസ്ഹാൿ ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
ഉല്പത്തി 26 : 13 (MOV)
അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു.
ഉല്പത്തി 26 : 14 (MOV)
അവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി.
ഉല്പത്തി 26 : 15 (MOV)
എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.
ഉല്പത്തി 26 : 16 (MOV)
അബീമേലെൿ യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.
ഉല്പത്തി 26 : 17 (MOV)
അങ്ങനെ യിസ്ഹാൿ അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.
ഉല്പത്തി 26 : 18 (MOV)
തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാൿ പിന്നെയും കുഴിച്ചു തന്റെ പിതാവു അവെക്കു ഇട്ടിരുന്ന പേർ തന്നേ ഇട്ടു.
ഉല്പത്തി 26 : 19 (MOV)
യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു നീരുറവുള്ള ഒരു കിണറ് കണ്ടു.
ഉല്പത്തി 26 : 20 (MOV)
അപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: ഈ വെള്ളം ഞങ്ങൾക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവൻ ആ കിണറ്റിനു ഏശെൿ എന്നു പേർ വിളിച്ചു.
ഉല്പത്തി 26 : 21 (MOV)
അവർ മറ്റൊരു കിണറു കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ടു അവൻ അതിന്നു സിത്നാ എന്നു പേർ വിളിച്ചു.
ഉല്പത്തി 26 : 22 (MOV)
അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു.
ഉല്പത്തി 26 : 23 (MOV)
അവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി.
ഉല്പത്തി 26 : 24 (MOV)
അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
ഉല്പത്തി 26 : 25 (MOV)
അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
ഉല്പത്തി 26 : 26 (MOV)
അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്നു അവന്റെ അടുക്കൽ വന്നു.
ഉല്പത്തി 26 : 27 (MOV)
യിസ്ഹാൿ അവരോടു: നിങ്ങൾ എന്തിന്നു എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽനിന്നു അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു.
ഉല്പത്തി 26 : 28 (MOV)
അതിന്നു അവർ: യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.
ഉല്പത്തി 26 : 29 (MOV)
ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോടു ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.
ഉല്പത്തി 26 : 30 (MOV)
അവൻ അവർക്കു ഒരു വിരുന്നു ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു.
ഉല്പത്തി 26 : 31 (MOV)
അവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാൿ അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
ഉല്പത്തി 26 : 32 (MOV)
ആ ദിവസം തന്നേ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു:
ഉല്പത്തി 26 : 33 (MOV)
ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേർ-ശേബ എന്നു പേർ.
ഉല്പത്തി 26 : 34 (MOV)
ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
ഉല്പത്തി 26 : 35 (MOV)
ഇവർ യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.
❮
❯