ഉല്പത്തി 31 : 1 (MOV)
എന്നാൽ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു.
ഉല്പത്തി 31 : 2 (MOV)
യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതു പോലെ അല്ല എന്നു കണ്ടു.
ഉല്പത്തി 31 : 3 (MOV)
അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.
ഉല്പത്തി 31 : 4 (MOV)
യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു.
ഉല്പത്തി 31 : 5 (MOV)
അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.
ഉല്പത്തി 31 : 6 (MOV)
നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ.
ഉല്പത്തി 31 : 7 (MOV)
നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്വാൻ ദൈവം അവനെ സമ്മതിച്ചില്ല.
ഉല്പത്തി 31 : 8 (MOV)
പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.
ഉല്പത്തി 31 : 9 (MOV)
ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻ കൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.
ഉല്പത്തി 31 : 10 (MOV)
ആടുകൾ ചനയേല്ക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.
ഉല്പത്തി 31 : 11 (MOV)
ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോടു: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു.
ഉല്പത്തി 31 : 12 (MOV)
അപ്പോൾ അവൻ: നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു.
ഉല്പത്തി 31 : 13 (MOV)
നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.
ഉല്പത്തി 31 : 14 (MOV)
റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു ഇനി ഓഹരിയും അവകാശവും ഉണ്ടോ?
ഉല്പത്തി 31 : 15 (MOV)
അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.
ഉല്പത്തി 31 : 16 (MOV)
ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊൾക.
ഉല്പത്തി 31 : 17 (MOV)
അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.
ഉല്പത്തി 31 : 18 (MOV)
തന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തു ഒക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേർത്തുകൊണ്ടു കനാൻ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു.
ഉല്പത്തി 31 : 19 (MOV)
ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.
ഉല്പത്തി 31 : 20 (MOV)
താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയതു.
ഉല്പത്തി 31 : 21 (MOV)
ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു. ഗിലെയാദ് പർവ്വതത്തിന്നു നേരെ തിരിഞ്ഞു.
ഉല്പത്തി 31 : 22 (MOV)
യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.
ഉല്പത്തി 31 : 23 (MOV)
ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ് പർവ്വതത്തിൽ അവനോടു ഒപ്പം എത്തി.
ഉല്പത്തി 31 : 24 (MOV)
എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു.
ഉല്പത്തി 31 : 25 (MOV)
ലാബാൻ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ് പർവ്വതത്തിൽ കൂടാരം അടിച്ചു.
ഉല്പത്തി 31 : 26 (MOV)
ലാബാൻ യാക്കോബിനോടു പറഞ്ഞതു: നീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു?
ഉല്പത്തി 31 : 27 (MOV)
നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഓടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും
ഉല്പത്തി 31 : 28 (MOV)
എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു.
ഉല്പത്തി 31 : 29 (MOV)
നിങ്ങളോടു ദോഷം ചെയ്വാൻ എന്റെ പക്കൽ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.
ഉല്പത്തി 31 : 30 (MOV)
ആകട്ടെ, നിന്റെ പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്ടിച്ചതു എന്തിന്നു?
ഉല്പത്തി 31 : 31 (MOV)
യാക്കോബ് ലാബാനോടു: പക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്നു അപഹരിക്കും എന്നു ഞാൻ ഭയപ്പെട്ടു.
ഉല്പത്തി 31 : 32 (MOV)
എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുതു; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല.
ഉല്പത്തി 31 : 33 (MOV)
അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയയുടെ കൂടാരത്തിൽ നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു.
ഉല്പത്തി 31 : 34 (MOV)
എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും.
ഉല്പത്തി 31 : 35 (MOV)
അവൾ അപ്പനോടു: യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാൻ എനിക്കു കഴിവില്ല; സ്ത്രീകൾക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.
ഉല്പത്തി 31 : 36 (MOV)
അപ്പോൾ യാക്കോബിന്നു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞതു എന്തെന്നാൽ: എന്റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന്നു എന്റെ തെറ്റു എന്തു?
ഉല്പത്തി 31 : 37 (MOV)
നീ എന്റെ സാമാനം ഒക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വെക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ.
ഉല്പത്തി 31 : 38 (MOV)
ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല.
ഉല്പത്തി 31 : 39 (MOV)
ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നു ഉത്തരവാദിയായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.
ഉല്പത്തി 31 : 40 (MOV)
ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.
ഉല്പത്തി 31 : 41 (MOV)
ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
ഉല്പത്തി 31 : 42 (MOV)
എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്കു ഇല്ലാതിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.
ഉല്പത്തി 31 : 43 (MOV)
ലാബാൻ യാക്കോബിനോടു: പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻ കൂട്ടം എന്റെ ആട്ടിൻ കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്നു എന്തു ചെയ്യും?
ഉല്പത്തി 31 : 44 (MOV)
ആകയാൽ വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക; അതു എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
ഉല്പത്തി 31 : 45 (MOV)
അപ്പോൾ യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിർത്തി.
ഉല്പത്തി 31 : 46 (MOV)
കല്ലു കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽ വെച്ചു അവർ ഭക്ഷണം കഴിച്ചു.
ഉല്പത്തി 31 : 47 (MOV)
ലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
ഉല്പത്തി 31 : 48 (MOV)
ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:
ഉല്പത്തി 31 : 49 (MOV)
നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.
ഉല്പത്തി 31 : 50 (MOV)
നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവൻ പറഞ്ഞു.
ഉല്പത്തി 31 : 51 (MOV)
ലാബാൻ പിന്നെയും യാക്കോബിനോടു: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ.
ഉല്പത്തി 31 : 52 (MOV)
ദോഷത്തിന്നായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.
ഉല്പത്തി 31 : 53 (MOV)
അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
ഉല്പത്തി 31 : 54 (MOV)
പിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിപ്പാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാപാർത്തു.
ഉല്പത്തി 31 : 55 (MOV)
ലാബാൻ അതി കാലത്തു എഴുന്നേറ്റു തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.
❮
❯