ഉല്പത്തി 40 : 1 (MOV)
അനന്തരം മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീം രാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.
ഉല്പത്തി 40 : 2 (MOV)
ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ടു ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
ഉല്പത്തി 40 : 3 (MOV)
അവരെ അകമ്പടിനായകന്റെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി.
ഉല്പത്തി 40 : 4 (MOV)
അകമ്പടിനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.
ഉല്പത്തി 40 : 5 (MOV)
മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രയിൽ തന്നേ വെവ്വേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു.
ഉല്പത്തി 40 : 6 (MOV)
രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു.
ഉല്പത്തി 40 : 7 (MOV)
അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോടു: നിങ്ങൾ ഇന്നു വിഷാദഭാവത്തോടിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
ഉല്പത്തി 40 : 8 (MOV)
അവർ അവനോടു: ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടു: സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിൻ എന്നു പറഞ്ഞു.
ഉല്പത്തി 40 : 9 (MOV)
അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരി വള്ളി.
ഉല്പത്തി 40 : 10 (MOV)
മുന്തിരിവള്ളിയിൽ മൂന്നു കൊമ്പു; അതു തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു.
ഉല്പത്തി 40 : 11 (MOV)
ഫറവോന്റെ പാനപാത്രം എന്റെ കയ്യിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കയ്യിൽ കൊടുത്തു.
ഉല്പത്തി 40 : 12 (MOV)
യോസേഫ് അവനോടു പറഞ്ഞതു: അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊമ്പു മൂന്നു ദിവസം.
ഉല്പത്തി 40 : 13 (MOV)
മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്നെ കടാക്ഷിച്ചു, വീണ്ടും നിന്റെ സ്ഥാനത്തു ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവു പോലെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കും.
ഉല്പത്തി 40 : 14 (MOV)
എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ.
ഉല്പത്തി 40 : 15 (MOV)
എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന്നു ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.
ഉല്പത്തി 40 : 16 (MOV)
അർത്ഥം നല്ലതെന്നു അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോടു: ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.
ഉല്പത്തി 40 : 17 (MOV)
മേലത്തെ കൊട്ടയിൽ ഫറവോന്റെ വക അപ്പത്തരങ്ങൾ ഒക്കെയും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽ നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു.
ഉല്പത്തി 40 : 18 (MOV)
അതിന്നു യോസേഫ്: അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നു ദിവസം.
ഉല്പത്തി 40 : 19 (MOV)
മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു.
ഉല്പത്തി 40 : 20 (MOV)
മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തു.
ഉല്പത്തി 40 : 21 (MOV)
പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി.
ഉല്പത്തി 40 : 22 (MOV)
അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ.
ഉല്പത്തി 40 : 23 (MOV)
എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.
❮
❯