എസ്ഥേർ 9 : 1 (MOV)
ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീർപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാർക്കു തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽ തന്നേ
എസ്ഥേർ 9 : 2 (MOV)
അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോടു ദോഷം ചെയ്‍വാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയുംമേൽ വീണിരുന്നതുകൊണ്ടു ആർക്കും അവരോടു എതിർത്തുനില്പാൻ കഴിഞ്ഞില്ല.
എസ്ഥേർ 9 : 3 (MOV)
സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരന്മാരും മൊർദ്ദെഖായിയെയുള്ള പേടി അവരുടെമേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാർക്കു സഹായം ചെയ്തു.
എസ്ഥേർ 9 : 4 (MOV)
മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായി തീർന്നതുകൊണ്ടു അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
എസ്ഥേർ 9 : 5 (MOV)
യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകെച്ചവരോടു തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിച്ചു.
എസ്ഥേർ 9 : 6 (MOV)
ശൂശൻ രാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു.
എസ്ഥേർ 9 : 7 (MOV)
പർശൻദാഥാ, ദൽഫോൻ, അസ്പാഥാ,
എസ്ഥേർ 9 : 8 (MOV)
പോറാഥാ, അദല്യാ, അരീദാഥാ,
എസ്ഥേർ 9 : 9 (MOV)
പർമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു.
എസ്ഥേർ 9 : 10 (MOV)
എന്നാൽ കവർച്ചെക്കു അവർ കൈ നീട്ടിയില്ല.
എസ്ഥേർ 9 : 11 (MOV)
ശൂശൻ രാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയിൽ കൊണ്ടുവന്നു.
എസ്ഥേർ 9 : 12 (MOV)
അപ്പോൾ രാജാവു എസ്ഥേർരാജ്ഞിയോടു: യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു.
എസ്ഥേർ 9 : 13 (MOV)
അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീർപ്പുപോലെ നാളെയും ചെയ്‍വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.
എസ്ഥേർ 9 : 14 (MOV)
അങ്ങനെ ചെയ്തുകൊൾവാൻ രാജാവു കല്പിച്ചു ശൂശനിൽ തീർപ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.
എസ്ഥേർ 9 : 15 (MOV)
ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ചെക്കു അവർ കൈ നീട്ടിയില്ല.
എസ്ഥേർ 9 : 16 (MOV)
രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർ മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവർച്ചെക്കു കൈ നീട്ടിയില്ല.
എസ്ഥേർ 9 : 17 (MOV)
ആ മാസം പതിന്നാലാം തിയ്യതിയോ അവർ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു.
എസ്ഥേർ 9 : 18 (MOV)
ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമ്മൂന്നാം തിയ്യതിയും പതിന്നാലാം തിയ്യതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തിയ്യതി അവർ വിശ്രമിച്ചു അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു.
എസ്ഥേർ 9 : 19 (MOV)
അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തിയ്യതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ടു ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.
എസ്ഥേർ 9 : 20 (MOV)
ആണ്ടുതോറും ആദാർമാസം പതിന്നാലും പതിനഞ്ചും തിയ്യതിയെ യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടു ദുഃഖം അവർക്കു സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും
എസ്ഥേർ 9 : 21 (MOV)
അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മിൽ തമ്മിൽ സമ്മാനങ്ങളും ദരിദ്രന്മാർക്കു ദാനധർമ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ടു ആചരിക്കേണമെന്നും
എസ്ഥേർ 9 : 22 (MOV)
അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാർക്കും ചട്ടമാക്കേണ്ടതിന്നും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്കു എഴുത്തു അയച്ചു.
എസ്ഥേർ 9 : 23 (MOV)
അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദ്ദെഖായി തങ്ങൾക്കു എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു.
എസ്ഥേർ 9 : 24 (MOV)
ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന്നു അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന്നു പൂരെന്ന ചീട്ടു ഇടുവിക്കയും
എസ്ഥേർ 9 : 25 (MOV)
കാര്യം രാജാവിന്നു അറിവു കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്കു വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളവാനും രാജാവു രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ടു അവർ ആ നാളുകൾക്കു പൂര് എന്ന പദത്താൽ പൂരീം എന്നു പേർ വിളിച്ചു.
എസ്ഥേർ 9 : 26 (MOV)
ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും ആ കാര്യത്തിൽ അവർ തന്നേ കണ്ടവയും അവർക്കു സംഭവിച്ചവയും നിമിത്തം
എസ്ഥേർ 9 : 27 (MOV)
യെഹൂദന്മാർ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും
എസ്ഥേർ 9 : 28 (MOV)
ഈ ദിവസങ്ങൾ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും ഈ പൂരീംദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്നു ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്നു വിട്ടു പോകയോ ചെയ്യാത്തപ്രകാരവും തങ്ങൾക്കും സന്തതികൾക്കും അവരോടു ചേരുവാനുള്ള എല്ലാവർക്കും ചട്ടമായി കൈക്കൊണ്ടു.
എസ്ഥേർ 9 : 29 (MOV)
പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന്നു അബീഹയീലിന്റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും സർവ്വാധികാരത്തോടുംകൂടെ എഴുത്തു എഴുതി.
എസ്ഥേർ 9 : 30 (MOV)
യെഹൂദനായ മൊർദ്ദെഖായിയും എസ്ഥേർരാജ്ഞിയും അവർക്കു ചട്ടമാക്കിയിരുന്നതുപോലെയും അവർ തന്നേ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീംദിവസങ്ങളെ നിശ്ചിതസമയത്തു തന്നേ സ്ഥിരമാക്കേണ്ടതിന്നു
എസ്ഥേർ 9 : 31 (MOV)
അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാർക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടു കൂടിയ എഴുത്തു അയച്ചു.
എസ്ഥേർ 9 : 32 (MOV)
ഇങ്ങനെ എസ്ഥേരിന്റെ ആജ്ഞയാൽ പൂരീംസംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അതു പുസ്തകത്തിൽ എഴുതിവെച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32