സദൃശ്യവാക്യങ്ങൾ 24 : 1 (MOV)
ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയുമരുതു.
സദൃശ്യവാക്യങ്ങൾ 24 : 2 (MOV)
അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.
സദൃശ്യവാക്യങ്ങൾ 24 : 3 (MOV)
ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.
സദൃശ്യവാക്യങ്ങൾ 24 : 4 (MOV)
പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളിൽ വലിയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.
സദൃശ്യവാക്യങ്ങൾ 24 : 5 (MOV)
ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 24 : 6 (MOV)
ഭരണസാമർത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ടു.
സദൃശ്യവാക്യങ്ങൾ 24 : 7 (MOV)
ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; അവൻ പട്ടണവാതിൽക്കൽ വായ് തുറക്കുന്നില്ല.
സദൃശ്യവാക്യങ്ങൾ 24 : 8 (MOV)
ദോഷം ചെയ്വാൻ നിരൂപിക്കുന്നവനെ ദുഷ്കർമ്മി എന്നു പറഞ്ഞുവരുന്നു;
സദൃശ്യവാക്യങ്ങൾ 24 : 9 (MOV)
ഭോഷന്റെ നിരൂപണം പാപം തന്നേ; പരിഹാസി മനുഷ്യർക്കു വെറുപ്പാകുന്നു.
സദൃശ്യവാക്യങ്ങൾ 24 : 10 (MOV)
കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.
സദൃശ്യവാക്യങ്ങൾ 24 : 11 (MOV)
മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക.
സദൃശ്യവാക്യങ്ങൾ 24 : 12 (MOV)
ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ? അവൻ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
സദൃശ്യവാക്യങ്ങൾ 24 : 13 (MOV)
മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.
സദൃശ്യവാക്യങ്ങൾ 24 : 14 (MOV)
ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
സദൃശ്യവാക്യങ്ങൾ 24 : 15 (MOV)
ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.
സദൃശ്യവാക്യങ്ങൾ 24 : 16 (MOV)
നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും.
സദൃശ്യവാക്യങ്ങൾ 24 : 17 (MOV)
നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു.
സദൃശ്യവാക്യങ്ങൾ 24 : 18 (MOV)
യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.
സദൃശ്യവാക്യങ്ങൾ 24 : 19 (MOV)
ദുഷ്പ്രവൃത്തിക്കാർ നിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു.
സദൃശ്യവാക്യങ്ങൾ 24 : 20 (MOV)
ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളക്കു കെട്ടുപോകും.
സദൃശ്യവാക്യങ്ങൾ 24 : 21 (MOV)
മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.
സദൃശ്യവാക്യങ്ങൾ 24 : 22 (MOV)
അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടർക്കും വരുന്ന നാശം ആരറിയുന്നു?
സദൃശ്യവാക്യങ്ങൾ 24 : 23 (MOV)
ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.
സദൃശ്യവാക്യങ്ങൾ 24 : 24 (MOV)
ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 24 : 25 (MOV)
അവനെ ശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേൽ വരും.
സദൃശ്യവാക്യങ്ങൾ 24 : 26 (MOV)
നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 24 : 27 (MOV)
വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.
സദൃശ്യവാക്യങ്ങൾ 24 : 28 (MOV)
കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനിൽക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.
സദൃശ്യവാക്യങ്ങൾ 24 : 29 (MOV)
അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.
സദൃശ്യവാക്യങ്ങൾ 24 : 30 (MOV)
ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി.
സദൃശ്യവാക്യങ്ങൾ 24 : 31 (MOV)
അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
സദൃശ്യവാക്യങ്ങൾ 24 : 32 (MOV)
ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.
സദൃശ്യവാക്യങ്ങൾ 24 : 33 (MOV)
കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.
സദൃശ്യവാക്യങ്ങൾ 24 : 34 (MOV)
അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
❮
❯