യെശയ്യാ 17 : 1 (MOV)
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെൿ ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.
യെശയ്യാ 17 : 2 (MOV)
അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു; അവ ആട്ടിൻ കൂട്ടങ്ങൾക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
യെശയ്യാ 17 : 3 (MOV)
എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവർ യിസ്രായേൽമക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാ 17 : 4 (MOV)
അന്നാളിൽ യാക്കോബിന്റെ മഹത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞു പോകും.
യെശയ്യാ 17 : 5 (MOV)
അതു കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തൻ രഫായീംതാഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.
യെശയ്യാ 17 : 6 (MOV)
ഒലിവു തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളിൽ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാൻ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാ 17 : 7 (MOV)
അന്നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും
യെശയ്യാ 17 : 8 (MOV)
തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
യെശയ്യാ 17 : 9 (MOV)
അന്നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോർയ്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.
യെശയ്യാ 17 : 10 (MOV)
നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.
യെശയ്യാ 17 : 11 (MOV)
നടുന്ന ദിവസത്തിൽ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പോയ്പോകും.
യെശയ്യാ 17 : 12 (MOV)
അയ്യോ, അനേകജാതികളുടെ മുഴക്കം; അവർ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരെച്ചൽ! അവർ പെരുവെള്ളങ്ങളുടെ ഇരെച്ചൽപോലെ ഇരെക്കുന്നു.
യെശയ്യാ 17 : 13 (MOV)
വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരെച്ചൽപോലെ ഇരെക്കുന്നു; എങ്കിലും അവൻ അവരെ ശാസിക്കും; അപ്പോൾ അവർ ദൂരത്തേക്കു ഓടിപ്പോകും; കാറ്റിന്മുമ്പിൽ പർവ്വതങ്ങളിലെ പതിർപോലെയും കൊടുങ്കാറ്റിൻ മുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.
യെശയ്യാ 17 : 14 (MOV)
സന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവൻ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14