യെശയ്യാ 40 : 1 (MOV)
എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.
യെശയ്യാ 40 : 2 (MOV)
യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽനിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിൻ.
യെശയ്യാ 40 : 3 (MOV)
കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.
യെശയ്യാ 40 : 4 (MOV)
എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.
യെശയ്യാ 40 : 5 (MOV)
യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
യെശയ്യാ 40 : 6 (MOV)
കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
യെശയ്യാ 40 : 7 (MOV)
യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ.
യെശയ്യാ 40 : 8 (MOV)
പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.
യെശയ്യാ 40 : 9 (MOV)
സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്ന പർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോടു: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക.
യെശയ്യാ 40 : 10 (MOV)
ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു.
യെശയ്യാ 40 : 11 (MOV)
ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻ കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.
യെശയ്യാ 40 : 12 (MOV)
തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ?
യെശയ്യാ 40 : 13 (MOV)
യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?
യെശയ്യാ 40 : 14 (MOV)
അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?
യെശയ്യാ 40 : 15 (MOV)
ഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു.
യെശയ്യാ 40 : 16 (MOV)
ലെബാനോൻ വിറകിന്നു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിന്നു മതിയാകുന്നില്ല.
യെശയ്യാ 40 : 17 (MOV)
സകലജാതികളും അവന്നു ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവന്നു വെറുമയും ശൂന്യവുമായി തോന്നുന്നു.
യെശയ്യാ 40 : 18 (MOV)
ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?
യെശയ്യാ 40 : 19 (MOV)
മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു.
യെശയ്യാ 40 : 20 (MOV)
ഇങ്ങിനെയുള്ള പ്രതിഷ്ഠെക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു.
യെശയ്യാ 40 : 21 (MOV)
നിങ്ങൾക്കു അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ?
യെശയ്യാ 40 : 22 (MOV)
അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവൻ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും പാർപ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും
യെശയ്യാ 40 : 23 (MOV)
പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.
യെശയ്യാ 40 : 24 (MOV)
അവരെ നട്ട ഉടനെ, അവരെ വിതെച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവൻ അവരുടെ മേൽ ഊതി അവർ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു.
യെശയ്യാ 40 : 25 (MOV)
ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.
യെശയ്യാ 40 : 26 (MOV)
നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.
യെശയ്യാ 40 : 27 (MOV)
എന്നാൽ എന്റെ വഴി യഹോവെക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു?
യെശയ്യാ 40 : 28 (MOV)
നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.
യെശയ്യാ 40 : 29 (MOV)
അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.
യെശയ്യാ 40 : 30 (MOV)
ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൌവനക്കാരും ഇടറിവീഴും.
യെശയ്യാ 40 : 31 (MOV)
എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31