യിരേമ്യാവു 2 : 1 (MOV)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യിരേമ്യാവു 2 : 2 (MOV)
നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചു പറയേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു മരുഭൂമിയിൽ, വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൌവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാൻ ഓർക്കുന്നു.
യിരേമ്യാവു 2 : 3 (MOV)
യിസ്രായേൽ യഹോവെക്കു വിശുദ്ധവും അവന്റെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരൊക്കെയും കുറ്റക്കാരായ്തീരും; അവർക്കു ദോഷം വന്നു ഭവിക്കും എന്നായിരുന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 2 : 4 (MOV)
യാക്കോബ്ഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകലവംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊൾവിൻ.
യിരേമ്യാവു 2 : 5 (MOV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ വിട്ടകന്നു മിത്ഥ്യാമൂർത്തികളോടു ചേർന്നു വ്യർത്ഥന്മാർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്നിൽ എന്തൊരു അന്യായം കണ്ടു?
യിരേമ്യാവു 2 : 6 (MOV)
ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരൾചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആൾപാർപ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയിൽകൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ എവിടെ എന്നു അവർ ചോദിച്ചില്ല.
യിരേമ്യാവു 2 : 7 (MOV)
ഞാൻ നിങ്ങളെ ഫലവത്തായോരു ദേശത്തു അതിന്റെ ഫലവും ഗുണവും അനുഭവിപ്പാൻ കൂട്ടിക്കൊണ്ടുവന്നു; എന്നാൽ അവിടെ എത്തിയ ശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറെപ്പാക്കിക്കളഞ്ഞു.
യിരേമ്യാവു 2 : 8 (MOV)
യഹോവ എവിടെ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; ഇടയന്മാർ എന്നോടു അതിക്രമം ചെയ്തു: പ്രവാചകന്മാർ ബാൽമുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു.
യിരേമ്യാവു 2 : 9 (MOV)
അതുകൊണ്ടു ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 2 : 10 (MOV)
നിങ്ങൾ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിൻ; കേദാരിലേക്കു ആളയച്ചു നല്ലവണ്ണം അന്വേഷിച്ചു, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിൻ.
യിരേമ്യാവു 2 : 11 (MOV)
ഒരു ജാതി തന്റെ ദേവന്മാരെ മാറ്റീട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിന്നു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.
യിരേമ്യാവു 2 : 12 (MOV)
ആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ചു ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 2 : 13 (MOV)
എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.
യിരേമ്യാവു 2 : 14 (MOV)
യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്തു?
യിരേമ്യാവു 2 : 15 (MOV)
ബാലസിംഹങ്ങൾ അവന്റെ നേരെ അലറി നാദം കേൾപ്പിച്ചു അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ വെന്തു നിവാസികൾ ഇല്ലാതെയായിരിക്കുന്നു.
യിരേമ്യാവു 2 : 16 (MOV)
നോഫ്യരും തഹ്പനേസ്യരും നിന്റെ നെറുകയെ തകർത്തുകളഞ്ഞിരിക്കുന്നു.
യിരേമ്യാവു 2 : 17 (MOV)
നിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ അവനെ ഉപേക്ഷിക്കകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചതു?
യിരേമ്യാവു 2 : 18 (MOV)
ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?
യിരേമ്യാവു 2 : 19 (MOV)
നിന്റെ ദുഷ്ടത തന്നേ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്റെ ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആയുള്ളതെന്നു അറിഞ്ഞു കണ്ടുകൊൾക എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യിരേമ്യാവു 2 : 20 (MOV)
പണ്ടു തന്നേ നീ നുകം തകർത്തു നിന്റെ കയറു പൊട്ടിച്ചു: ഞാൻ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയർന്ന കുന്നിന്മേൽ ഒക്കെയും പച്ചയായ വൃക്ഷത്തിൻ കീഴൊക്കെയും നീ വേശ്യയായി കിടന്നു.
യിരേമ്യാവു 2 : 21 (MOV)
ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായ്തീർന്നതു എങ്ങനെ?
യിരേമ്യാവു 2 : 22 (MOV)
നീ ധാരാളം ചവർക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യിരേമ്യാവു 2 : 23 (MOV)
ഞാൻ മലിനയായിട്ടില്ല; ഞാൻ ബാൽവിഗ്രഹങ്ങളോടു ചെന്നു ചേർന്നിട്ടില്ല എന്നു നിനക്കു എങ്ങനെ പറയാം? താഴ്വരയിലെ നിന്റെ നടപ്പു വിചാരിക്ക; നീ ചെയ്തതു ഓർക്കുക; വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരെഞ്ഞോടുന്ന പെണ്ണൊട്ടകമല്ലയോ നീ?
യിരേമ്യാവു 2 : 24 (MOV)
നീ മരുഭൂമി ശീലിച്ചു അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടു കഴുത തന്നേ; അതിന്റെ മദപ്പാടിൽ അതിനെ തടുക്കാകുന്നവൻ ആർ? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്റെ മാസത്തിൽ അതിനെ കണ്ടെത്തും;
യിരേമ്യാവു 2 : 25 (MOV)
ചെരിപ്പു ഊരിപ്പോകാതവണ്ണം നിന്റെ കാലും രണ്ടു പോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊൾക; നീയോ അതു വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാൻ പോകും എന്നു പറഞ്ഞു.
യിരേമ്യാവു 2 : 26 (MOV)
കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നേ.
യിരേമ്യാവു 2 : 27 (MOV)
അവർ മരത്തോടു: നീ എന്റെ അപ്പൻ എന്നും കല്ലിനോടു: നീ എന്നെ പ്രസവിച്ചവൾ എന്നും പറയുന്നു; അവർ മുഖമല്ല മുതുകത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; എന്നാൽ കഷ്ടകാലത്തു അവർ: നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ എന്നു പറയും.
യിരേമ്യാവു 2 : 28 (MOV)
നീ ഉണ്ടാക്കീട്ടുള്ള നിന്റെ ദേവന്മാർ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാൻ അവർക്കു കഴിവുണ്ടെങ്കിൽ അവർ എഴുന്നേൽക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!
യിരേമ്യാവു 2 : 29 (MOV)
നിങ്ങൾ എന്നോടു വാദിക്കുന്നതു എന്തു? നിങ്ങൾ എല്ലാവരും എന്നോടു ദ്രോഹിച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 2 : 30 (MOV)
ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർത്ഥം; അവർ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നേ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.
യിരേമ്യാവു 2 : 31 (MOV)
ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ; ഞാൻ യിസ്രായേലിന്നു ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വിരകയില്ല എന്നു എന്റെ ജനം പറയുന്നതു എന്തു?
യിരേമ്യാവു 2 : 32 (MOV)
ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാൽ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.
യിരേമ്യാവു 2 : 33 (MOV)
പ്രേമം അന്വേഷിക്കേണ്ടതിന്നു നീ നിന്റെ വഴി എത്ര ചേലാക്കുന്നു! അതുകൊണ്ടു നീ ദുർന്നടപ്പുകാരത്തികളെയും നിന്റെ വഴികൾ അഭ്യസപ്പിച്ചിരിക്കുന്നു.
യിരേമ്യാവു 2 : 34 (MOV)
നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചതു. ഇവയെക്കുറിച്ചു ഒക്കെയും ഞാൻ ന്യായവാദം കഴിക്കും.
യിരേമ്യാവു 2 : 35 (MOV)
നീയോ: ഞാൻ കുറ്റമില്ലാത്തവൾ; അവന്റെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം എന്നു പറയുന്നു; ഞാൻ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ടു ഞാൻ നിന്നോടു വ്യവഹരിക്കും.
യിരേമ്യാവു 2 : 36 (MOV)
നിന്റെ വഴിയെ മാറ്റേണ്ടതിന്നു നീ ഇത്ര തെണ്ടിനടക്കുന്നതെന്തു? അശ്ശൂരിങ്കൽ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.
യിരേമ്യാവു 2 : 37 (MOV)
അവിടെനിന്നും നീ തലയിൽ കൈ വെച്ചും കൊണ്ടു ഇറങ്ങിപ്പോരേണ്ടിവരും; നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ടു നിനക്കു ഒരു ഗുണവും വരികയില്ല.
❮
❯