യിരേമ്യാവു 29 : 1 (MOV)
യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദയിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടു പോയശേഷം,
യിരേമ്യാവു 29 : 2 (MOV)
യിരെമ്യാപ്രവാചകൻ ബദ്ധന്മാരുടെ മൂപ്പന്മാരിൽ ശേഷിപ്പുള്ളവർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകലജനത്തിന്നും
യിരേമ്യാവു 29 : 3 (MOV)
യെഹൂദാരാജാവായ സിദെക്കീയാവു ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ബാബേലിലേക്കു അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹിൽക്കീയാവിന്റെ മകനായ ഗെമർയ്യാവിന്റെയും കൈവശം യെരൂശലേമിൽനിന്നു കൊടുത്തയച്ചു ലേഖനത്തിലെ വിവരം എന്തെന്നാൽ:
യിരേമ്യാവു 29 : 4 (MOV)
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു:
യിരേമ്യാവു 29 : 5 (MOV)
നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ.
യിരേമ്യാവു 29 : 6 (MOV)
ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കയും ചെയ്വിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.
യിരേമ്യാവു 29 : 7 (MOV)
ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും.
യിരേമ്യാവു 29 : 8 (MOV)
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുതു.
യിരേമ്യാവു 29 : 9 (MOV)
അവർ എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 29 : 10 (MOV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു.
യിരേമ്യാവു 29 : 11 (MOV)
നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 29 : 12 (MOV)
നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും
യിരേമ്യാവു 29 : 13 (MOV)
നിങ്ങൾ എന്നെ അന്വെഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
യിരേമ്യാവു 29 : 14 (MOV)
നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളിൽനിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 29 : 15 (MOV)
യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
യിരേമ്യാവു 29 : 16 (MOV)
ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാർക്കുന്ന സകലജനത്തേയുംകുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
യിരേമ്യാവു 29 : 17 (MOV)
അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ അവർക്കു വാളും ക്ഷമവും മഹാമാരിയും അയച്ചു, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തപ്പഴത്തിന്നു അവരെ സമമാക്കും.
യിരേമ്യാവു 29 : 18 (MOV)
ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വേട്ടയാടി ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും ഭയഹേതുവും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജാതികളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.
യിരേമ്യാവു 29 : 19 (MOV)
പ്രവാചകന്മാരായ എന്റെ ദാസന്മാർമുഖാന്തരം ഞാൻ പറഞ്ഞയച്ച വചനങ്ങളെ അവർ കേൾക്കായ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങൾ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 29 : 20 (MOV)
അതുകൊണ്ടു ഞാൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾപ്പിൻ!
യിരേമ്യാവു 29 : 21 (MOV)
എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും, മയസേയാവിന്റെ മകനായ സിദെക്കിയാവെക്കുറിച്ചും, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ ഏല്പിക്കും; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും.
യിരേമ്യാവു 29 : 22 (MOV)
ബാബേൽരാജാവു തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസിളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലിപറയും.
യിരേമ്യാവു 29 : 23 (MOV)
അവർ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാൻ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 29 : 24 (MOV)
നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു:
യിരേമ്യാവു 29 : 25 (MOV)
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകലജനത്തിന്നും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതന്നും സകലപുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു അയച്ച എഴുത്തുകളിൽ:
യിരേമ്യാവു 29 : 26 (MOV)
നിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന എതു മനുഷ്യനെയും പിടിച്ചു ആമത്തിലും വിലങ്ങിലും ഇടേണ്ടതിന്നു യഹോവ നിന്നെ യഹോയാദാപുരോഹിതന്നു പകരം പുരോഹിതനാക്കിയിരിക്കുന്നു.
യിരേമ്യാവു 29 : 27 (MOV)
ആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവെ നീ ശാസിക്കാതെ ഇരിക്കുന്നതെന്തു?
യിരേമ്യാവു 29 : 28 (MOV)
അതുകൊണ്ടല്ലോ അവൻ ബാബേലിൽ ഞങ്ങൾക്കു ആളയച്ചു: ഈ പ്രവാസം ദീർഘം ആയിരക്കും; നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ എന്നു പറയിച്ചതു? എന്നു പ്രസ്താവിച്ചുവല്ലോ.
യിരേമ്യാവു 29 : 29 (MOV)
ഈ എഴുത്തു സെഫന്യാപുരോഹിതൻ യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചിരുന്നു.
യിരേമ്യാവു 29 : 30 (MOV)
അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
യിരേമ്യാവു 29 : 31 (MOV)
നീ സകലപ്രവാസികൾക്കും ആളയച്ചു, നെഹെലാമ്യനായ ശെമയ്യാവെക്കുറിച്ചു പറയിക്കേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവെ ഞാൻ അയക്കാതെ ഇരുന്നിട്ടും അവൻ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കിയതുകൊണ്ടു
യിരേമ്യാവു 29 : 32 (MOV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നെഹെലാമ്യനായ ശെമയ്യാവെയും അവന്റെ സന്തതിയെയും സന്ദർശിക്കും; ഈ ജനത്തിന്റെ മദ്ധ്യേ പാർപ്പാൻ അവന്നു ആരും ഉണ്ടാകയില്ല; എന്റെ ജനത്തിന്നു ഞാൻ വരുത്തുവാനിരിക്കുന്ന നന്മ അവൻ അനുഭവിക്കയുമില്ല; അവൻ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
❮
❯