യിരേമ്യാവു 49 : 1 (MOV)
അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്നു പുത്രന്മാരില്ലയോ? അവന്നു അവകാശിയില്ലയോ? പിന്നെ മൽക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്തു?
യിരേമ്യാവു 49 : 2 (MOV)
ആകയാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ യുദ്ധത്തിന്റെ ആർപ്പുവിളി കേൾപ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അന്നു അതു ശൂന്യമായി കല്ക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേൽ തന്നേ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 49 : 3 (MOV)
ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിൻ; രട്ടുടുത്തുകൊൾവിൻ; വിലപിച്ചുകൊണ്ടു വേലികൾക്കരികെ ഉഴന്നുനടപ്പിൻ! മൽക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.
യിരേമ്യാവു 49 : 4 (MOV)
ആർ എന്റെ നേരെ വരും എന്നു പറഞ്ഞു തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളിൽ നീ പ്രശംസിക്കുന്നതെന്തിന്നു? നിന്റെ താഴ്വരകൾ ഒഴുകിപ്പോകുന്നു.
യിരേമ്യാവു 49 : 5 (MOV)
ഇതാ നിന്റെ ചുറ്റുമുള്ള എല്ലാവരാലും ഞാൻ നിനക്കു ഭയം വരുത്തും എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു നിങ്ങൾ ഓരോരുത്തൻ താന്താന്റെ ചൊവ്വിന്നു ചിതറിപ്പോകും; ഉഴന്നുനടക്കുന്നവരെ കൂട്ടിച്ചേർപ്പാൻ ആരും ഉണ്ടാകയില്ല.
യിരേമ്യാവു 49 : 6 (MOV)
എന്നാൽ ഒടുക്കം ഞാൻ അമ്മോന്യരുടെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 49 : 7 (MOV)
എദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തേമാനിൽ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?
യിരേമ്യാവു 49 : 8 (MOV)
ദെദാൻ നിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞു കുഴികളിൽ പാർത്തുകൊൾവിൻ; ഞാൻ ഏശാവിന്റെ ആപത്തു, അവന്റെ ദർശനകാലം തന്നേ, അവന്നു വരുത്തും.
യിരേമ്യാവു 49 : 9 (MOV)
മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാ പറിപ്പാൻ ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയിൽ കള്ളന്മാർ വന്നാൽ തങ്ങൾക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നതു?
യിരേമ്യാവു 49 : 10 (MOV)
എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന്നു ഒളിച്ചുകൊൾവാൻ കഴികയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.
യിരേമ്യാവു 49 : 11 (MOV)
നിന്റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാൻ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ.
യിരേമ്യാവു 49 : 12 (MOV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പാനപാത്രം കുടിപ്പാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും.
യിരേമ്യാവു 49 : 13 (MOV)
ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാപട്ടണങ്ങളും നിത്യശൂന്യങ്ങളായ്തീരും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 49 : 14 (MOV)
നിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരെ ചെല്ലുവിൻ; യുദ്ധത്തിന്നായി എഴുന്നേല്പിൻ! എന്നിങ്ങനെ വിളിച്ചുപറവാൻ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു എന്നൊരു വർത്തമാനം ഞാൻ യഹോവയിങ്കൽനിന്നു കേട്ടു.
യിരേമ്യാവു 49 : 15 (MOV)
ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും.
യിരേമ്യാവു 49 : 16 (MOV)
പാറപ്പിളർപ്പുകളിൽ പാർത്തു കുന്നുകളുടെ മുകൾ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 49 : 17 (MOV)
എദോം സ്തംഭനവിഷയമായ്തീരും; അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും.
യിരേമ്യാവു 49 : 18 (MOV)
സൊദോമിന്റെയും ഗൊമോരയുടെയും അവയുടെ അയൽപട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 49 : 19 (MOV)
യോർദ്ദാന്റെ വൻ കാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?
യിരേമ്യാവു 49 : 20 (MOV)
അതുകൊണ്ടു യഹോവ എദോമിനെക്കുറിച്ചു ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ; ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും.
യിരേമ്യാവു 49 : 21 (MOV)
അവരുടെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്റെ ഒച്ച ചെങ്കടലിൽ കേൾക്കുന്നു!
യിരേമ്യാവു 49 : 22 (MOV)
അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നു വന്നു ബൊസ്രയുടെമേൽ ചിറകു വിടർക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
യിരേമ്യാവു 49 : 23 (MOV)
ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാടു. ഹമാത്തും അർപ്പാദും ദോഷവർത്തമാനം കേട്ടതു കൊണ്ടു ലജ്ജിച്ചു ഉരുകിപ്പോയിരിക്കുന്നു; കടൽവരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴിവില്ല.
യിരേമ്യാവു 49 : 24 (MOV)
ദമ്മേശെൿ ക്ഷീണിച്ചു ഓടിപ്പോകുവാൻ തിരിയുന്നു; നടുക്കം അതിന്നു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്കു എന്നപോലെ അതിന്നു അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
യിരേമ്യാവു 49 : 25 (MOV)
കീർത്തിയുള്ള പട്ടണം എന്റെ ആനന്ദപുരം ഉപേക്ഷിക്കാതിരിക്കുന്നതെങ്ങനെ?
യിരേമ്യാവു 49 : 26 (MOV)
അതുകൊണ്ടു അതിലെ യൌവനക്കാർ അതിന്റെ വീഥികളിൽ വീഴുകയും സകലയോദ്ധാക്കളും അന്നു നശിച്ചുപോകയും ചെയ്യും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 49 : 27 (MOV)
ഞാൻ ദമ്മേശെക്കിന്റെ മതിലുകൾക്കു തീവെക്കും; അതു ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
യിരേമ്യാവു 49 : 28 (MOV)
ബാബേൽരാജാവായ നെബൂഖദ്നേസർ ജയിച്ചടക്കിയ കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുറപ്പെട്ടു കേദാരിൽ ചെന്നു കിഴക്കരെ നശിപ്പിച്ചുകളവിൻ.
യിരേമ്യാവു 49 : 29 (MOV)
അവരുടെ കൂടാരങ്ങളെയും ആട്ടിൻ കൂട്ടങ്ങളെയും അവർ അപഹരിക്കും; അവരുടെ തിരശ്ശീലകളെയും സകലഉപകരണങ്ങളെയും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; സർവ്വത്രഭീതി എന്നു അവർ അവരോടു വിളിച്ചുപറയും.
യിരേമ്യാവു 49 : 30 (MOV)
ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്നു കുഴിയിൽ പാർത്തുകൊൾവിൻ എന്നു യഹോവയുടെ അരുളപ്പാടു; ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ചു ഒരു ആലേചന ആലോചിച്ചു ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.
യിരേമ്യാവു 49 : 31 (MOV)
വാതിലുകളും ഓടാമ്പലുകളും എല്ലാതെ തനിച്ചു പാർക്കുന്നവരും സ്വൈരവും നിർഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കൽ പുറപ്പെട്ടു ചെല്ലുവിൻ എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 49 : 32 (MOV)
അവരുടെ ഒട്ടകങ്ങൾ കവർച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചുവരെ ഞാൻ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവർക്കു ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 49 : 33 (MOV)
ഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.
യിരേമ്യാവു 49 : 34 (MOV)
യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
യിരേമ്യാവു 49 : 35 (MOV)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ലു ഒടിച്ചുകളയും.
യിരേമ്യാവു 49 : 36 (MOV)
ഞാൻ ഏലാമിന്റെ നേരെ ആകാശത്തിന്റെ നാലു ദിക്കിൽനിന്നും നാലു കാറ്റുവരുത്തി ഈ എല്ലാകാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതികയും ഉണ്ടായിരിക്കയില്ല.
യിരേമ്യാവു 49 : 37 (MOV)
ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്കു അനർത്ഥം, എന്റെ ഉഗ്രകോപം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു ഞാൻ അവരുടെ പിന്നാലെ വാൾ അയച്ചു അവരെ മുടിച്ചുകളയും.
യിരേമ്യാവു 49 : 38 (MOV)
ഞാൻ എന്റെ സിംഹാസനത്തെ ഏലാമിൽ സ്ഥാപിച്ചു അവിടെ നിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 49 : 39 (MOV)
എന്നാൽ ഒടുക്കം ഞാൻ ഏലാമിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.
❮
❯