യേഹേസ്കേൽ 24 : 1 (MOV)
ഒമ്പതാം ആണ്ടു പത്താം മാസം, പത്താം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യേഹേസ്കേൽ 24 : 2 (MOV)
മനുഷ്യപുത്രാ, ഈ തിയ്യതി ഇന്നത്തെ തിയ്യതി തന്നേ, എഴുതിവെക്കുക; ഇന്നുതന്നേ ബാബേൽരാജാവു യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.
യേഹേസ്കേൽ 24 : 3 (MOV)
നീ മത്സരഗൃഹത്തോടു ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വെക്ക; വെച്ചു അതിൽ വെള്ളം ഒഴിക്ക.
യേഹേസ്കേൽ 24 : 4 (MOV)
മാംസകഷണങ്ങൾ, തുട കൈക്കുറകു മുതലായ നല്ല കഷണങ്ങൾ ഒക്കെയും തന്നേ എടുത്തു അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങൾകൊണ്ടു അതിനെ നിറെക്കുക.
യേഹേസ്കേൽ 24 : 5 (MOV)
ആട്ടിൻ കൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിന്നകത്തു കിടന്നു വേകട്ടെ.
യേഹേസ്കേൽ 24 : 6 (MOV)
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ളാവുള്ളതും ക്ളാവു വീട്ടുപോകാത്തതുമായ കുട്ടുകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേൽ വീണിട്ടില്ല.
യേഹേസ്കേൽ 24 : 7 (MOV)
അവൾ ചൊരിങ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവൾ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാൻ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
യേഹേസ്കേൽ 24 : 8 (MOV)
ക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽ തന്നേ നിർത്തിയിരിക്കുന്നു.
യേഹേസ്കേൽ 24 : 9 (MOV)
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന്നു അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.
യേഹേസ്കേൽ 24 : 10 (MOV)
വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ.
യേഹേസ്കേൽ 24 : 11 (MOV)
അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതിൽ ഉരുകേണ്ടതിന്നും അതിന്റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേൽ വെക്കുക.
യേഹേസ്കേൽ 24 : 12 (MOV)
അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ളാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ളാവു തീയാലും വിട്ടുപോകുന്നില്ല.
യേഹേസ്കേൽ 24 : 13 (MOV)
നിന്റെ മലിനമായ ദുർമ്മര്യാദനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.
യേഹേസ്കേൽ 24 : 14 (MOV)
യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാൻ അതു അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകൾക്കും തക്കവണ്ണം അവർ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യേഹേസ്കേൽ 24 : 15 (MOV)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യേഹേസ്കേൽ 24 : 16 (MOV)
മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാൽ നിങ്കൽനിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുതു.
യേഹേസ്കേൽ 24 : 17 (MOV)
നീ മൌനമായി നെടുവീർപ്പിട്ടുകൊൾക; മൃതവിലാപം കഴിക്കരുതു; തലെക്കു തലപ്പാവു കെട്ടി കാലിന്നു ചെരിപ്പിടുക; അധരം മൂടരുതു; മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നുകയും അരുതു.
യേഹേസ്കേൽ 24 : 18 (MOV)
അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്തു എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാൻ പിറ്റെ രാവിലെ ചെയ്തു.
യേഹേസ്കേൽ 24 : 19 (MOV)
അപ്പോൾ ജനം എന്നോടു: നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്തു? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.
യേഹേസ്കേൽ 24 : 20 (MOV)
അതിന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞതു: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യേഹേസ്കേൽ 24 : 21 (MOV)
നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും.
യേഹേസ്കേൽ 24 : 22 (MOV)
ഞാൻ ചെയ്തതു പോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.
യേഹേസ്കേൽ 24 : 23 (MOV)
നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പു കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നേ ക്ഷയിച്ചു തമ്മിൽ തമ്മിൽ നോക്കി ഞരങ്ങും.
യേഹേസ്കേൽ 24 : 24 (MOV)
ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്കു ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
യേഹേസ്കേൽ 24 : 25 (MOV)
മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്നു എടുത്തുകളയുന്ന നാളിൽ
യേഹേസ്കേൽ 24 : 26 (MOV)
ആ നാളിൽ തന്നേ, ചാടിപ്പോകുന്ന ഒരുത്തൻ നിന്റെ അടുക്കൽ വന്നു വസ്തുത നിന്നെ പറഞ്ഞു കേൾപ്പിക്കും;
യേഹേസ്കേൽ 24 : 27 (MOV)
ചാടിപ്പോയവനോടു സംസാരിപ്പാൻ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൌനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്കു ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
❮
❯