യേഹേസ്കേൽ 5 : 1 (MOV)
മനുഷ്യപുത്രാ, നീ മൂർച്ചയുള്ളോരു വാൾ എടുത്തു ക്ഷൌരക്കത്തിയായി പ്രയോഗിച്ചു നിന്റെ തലയും താടിയും ക്ഷൌരംചെയ്ക; പിന്നെ തുലാസ്സു എടുത്തു രോമം തൂക്കി വിഭാഗിക്ക.
യേഹേസ്കേൽ 5 : 2 (MOV)
നിരോധകാലം തികയുമ്പോൾ മൂന്നിൽ ഒന്നു നീ നഗരത്തിന്റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയേണം; മൂന്നിൽ ഒന്നു എടുത്തു അതിന്റെ ചുറ്റും വാൾകൊണ്ടു അടിക്കേണം; മൂന്നിൽ ഒന്നു കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാൻ വാളൂരും.
യേഹേസ്കേൽ 5 : 3 (MOV)
അതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ കെട്ടേണം.
യേഹേസ്കേൽ 5 : 4 (MOV)
ഇതിൽനിന്നു പിന്നെയും നീ അല്പം എടുത്തു തീയിൽ ഇട്ടു ചുട്ടുകളയേണം; അതിൽനിന്നു യിസ്രായേൽ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.
യേഹേസ്കേൽ 5 : 5 (MOV)
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു
യേഹേസ്കേൽ 5 : 6 (MOV)
അതു ദുഷ്പ്രവൃത്തിയിൽ ജാതികളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല.
യേഹേസ്കേൽ 5 : 7 (MOV)
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു
യേഹേസ്കേൽ 5 : 8 (MOV)
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികൾ കാൺകെ ഞാൻ നിന്റെ നടുവിൽ ന്യായവിധികളെ നടത്തും.
യേഹേസ്കേൽ 5 : 9 (MOV)
ഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ളേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവർത്തിക്കും.
യേഹേസ്കേൽ 5 : 10 (MOV)
ആകയാൽ നിന്റെ മദ്ധ്യേ അപ്പന്മാർ മക്കളെ തിന്നും; മക്കൾ അപ്പന്മാരെയും തിന്നും; ഞാൻ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.
യേഹേസ്കേൽ 5 : 11 (MOV)
അതുകൊണ്ടു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നതു: നിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കൽനിന്നു മാറ്റിക്കളയും; ഞാൻ കരുണ കാണിക്കയുമില്ല.
യേഹേസ്കേൽ 5 : 12 (MOV)
നിന്നിൽ മൂന്നിൽ ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നു നിന്റെ ചുറ്റും വാൾ കൊണ്ടു വീഴും; മൂന്നിൽ ഒന്നു ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
യേഹേസ്കേൽ 5 : 13 (MOV)
അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാൻ അവരോടു എന്റെ ക്രോധം തീർത്തു തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്നു അവർ അറിയും.
യേഹേസ്കേൽ 5 : 14 (MOV)
വഴിപോകുന്നവരൊക്കെയും കാൺകെ ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.
യേഹേസ്കേൽ 5 : 15 (MOV)
ഞാൻ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നിൽ ന്യായവിധി നടത്തുമ്പോൾ നീ നിന്റെ ചുറ്റുമുള്ള ജാതികൾക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
യേഹേസ്കേൽ 5 : 16 (MOV)
നിങ്ങളെ നശിപ്പിക്കേണ്ടതിന്നു ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്കു ക്ഷാമം വർദ്ധിപ്പിച്ചു നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും.
യേഹേസ്കേൽ 5 : 17 (MOV)
നിന്നെ മക്കളില്ലാതെയാക്കേണ്ടതിന്നു ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയക്കും; മഹാമാരിയും കുലയും നിന്നിൽ കടക്കും; ഞാൻ വാളും നിന്റെ നേരെ വരുത്തും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17