ലേവ്യപുസ്തകം 13 : 1 (MOV)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ:
ലേവ്യപുസ്തകം 13 : 2 (MOV)
ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.
ലേവ്യപുസ്തകം 13 : 3 (MOV)
പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ടലക്ഷണം; പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.
ലേവ്യപുസ്തകം 13 : 4 (MOV)
അവന്റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.
ലേവ്യപുസ്തകം 13 : 5 (MOV)
ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
ലേവ്യപുസ്തകം 13 : 6 (MOV)
ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
ലേവ്യപുസ്തകം 13 : 7 (MOV)
അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം.
ലേവ്യപുസ്തകം 13 : 8 (MOV)
ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.
ലേവ്യപുസ്തകം 13 : 9 (MOV)
കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
ലേവ്യപുസ്തകം 13 : 10 (MOV)
പുരോഹിതൻ അവനെ നോക്കേണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ
ലേവ്യപുസ്തകം 13 : 11 (MOV)
അതു അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കേണം; അവൻ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.
ലേവ്യപുസ്തകം 13 : 12 (MOV)
കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ നോക്കേണം;
ലേവ്യപുസ്തകം 13 : 13 (MOV)
കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ അവൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകാലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു.
ലേവ്യപുസ്തകം 13 : 14 (MOV)
എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ.
ലേവ്യപുസ്തകം 13 : 15 (MOV)
പുരോഹിതൻ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.
ലേവ്യപുസ്തകം 13 : 16 (MOV)
എന്നാൽ പച്ചമാംസം മാറി വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം.
ലേവ്യപുസ്തകം 13 : 17 (MOV)
പുരോഹിതൻ അവനെ നോക്കേണം; വടു വെള്ളയായി തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ ശുദ്ധിയുള്ളവൻ തന്നേ.
ലേവ്യപുസ്തകം 13 : 18 (MOV)
ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ടു
ലേവ്യപുസ്തകം 13 : 19 (MOV)
സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കേണം.
ലേവ്യപുസ്തകം 13 : 20 (MOV)
പുരോഹിതൻ അതു നോക്കേണം; അതു ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം.
ലേവ്യപുസ്തകം 13 : 21 (MOV)
എന്നാൽ പുരോഹിതൻ അതുനോക്കി അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
ലേവ്യപുസ്തകം 13 : 22 (MOV)
അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
ലേവ്യപുസ്തകം 13 : 23 (MOV)
എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽ തന്നേ നിന്നു എങ്കിൽ അതു പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
ലേവ്യപുസ്തകം 13 : 24 (MOV)
അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്ത തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീർന്നാൽ
ലേവ്യപുസ്തകം 13 : 25 (MOV)
പുരോഹിതൻ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
ലേവ്യപുസ്തകം 13 : 26 (MOV)
എന്നാൽ പുരോഹിതൻ അതു നോക്കീട്ടു പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
ലേവ്യപുസ്തകം 13 : 27 (MOV)
ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
ലേവ്യപുസ്തകം 13 : 28 (MOV)
എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നേ നിൽക്കയും നിറം മങ്ങിയിരിക്കയും ചെയ്താൽ അതു തീപ്പൊള്ളലിന്റെ തിണർപ്പു ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണർപ്പത്രേ.
ലേവ്യപുസ്തകം 13 : 29 (MOV)
ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രിക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു നോക്കേണം.
ലേവ്യപുസ്തകം 13 : 30 (MOV)
അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻ നിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.
ലേവ്യപുസ്തകം 13 : 31 (MOV)
പുരോഹിതൻ പുറ്റിന്റെ വടുവിനെ നോക്കുമ്പോൾ അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
ലേവ്യപുസ്തകം 13 : 32 (MOV)
ഏഴാം ദിവസം പുരോഹിതൻ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതിൽ പൊൻ നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൌരം ചെയ്യിക്കേണം;
ലേവ്യപുസ്തകം 13 : 33 (MOV)
എന്നാൽ പുറ്റിൽ ക്ഷൌരം ചെയ്യരുതു; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
ലേവ്യപുസ്തകം 13 : 34 (MOV)
ഏഴാം ദിവസം പുരോഹിതൻ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
ലേവ്യപുസ്തകം 13 : 35 (MOV)
എന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ
ലേവ്യപുസ്തകം 13 : 36 (MOV)
പുരോഹിതൻ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നേ.
ലേവ്യപുസ്തകം 13 : 37 (MOV)
എന്നാൽ പുറ്റു കണ്ട നിലയിൽ തന്നേ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളെച്ചതായും കണ്ടാൽ പുറ്റു സൌഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
ലേവ്യപുസ്തകം 13 : 38 (MOV)
ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ
ലേവ്യപുസ്തകം 13 : 39 (MOV)
പുരോഹിതൻ നോക്കേണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങു; അവൻ ശുദ്ധിയുള്ളവൻ.
ലേവ്യപുസ്തകം 13 : 40 (MOV)
തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ.
ലേവ്യപുസ്തകം 13 : 41 (MOV)
തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ.
ലേവ്യപുസ്തകം 13 : 42 (MOV)
പിന്‍കഷണ്ടിയിലോ മുന്‍കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാല്‍ അതു അവന്റെ പിന്‍കഷണ്ടിയിലോ മുന്‍കഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ടം.
ലേവ്യപുസ്തകം 13 : 43 (MOV)
പുരോഹിതൻ അതു നോക്കേണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണർപ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി;
ലേവ്യപുസ്തകം 13 : 44 (MOV)
അവൻ അശുദ്ധൻ തന്നേ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കേണം; അവന്നു തലയിൽ കുഷ്ഠരോഗം ഉണ്ടു.
ലേവ്യപുസ്തകം 13 : 45 (MOV)
വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം.
ലേവ്യപുസ്തകം 13 : 46 (MOV)
അവന്നു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നേ; അവൻ തനിച്ചു പാർക്കേണം; അവന്റെ പാർപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
ലേവ്യപുസ്തകം 13 : 47 (MOV)
ആട്ടു രോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും
ലേവ്യപുസ്തകം 13 : 48 (MOV)
ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽ കൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തിൽ എങ്കിലും
ലേവ്യപുസ്തകം 13 : 49 (MOV)
കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാൽ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.
ലേവ്യപുസ്തകം 13 : 50 (MOV)
പുരോഹിതൻ വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.
ലേവ്യപുസ്തകം 13 : 51 (MOV)
അവൻ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.
ലേവ്യപുസ്തകം 13 : 52 (MOV)
വടുവുള്ള സാധനം ആട്ടിൻ രോമംകൊണ്ടോ ചണം കൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.
ലേവ്യപുസ്തകം 13 : 53 (MOV)
എന്നാൽ പുരോഹിതൻ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ
ലേവ്യപുസ്തകം 13 : 54 (MOV)
പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.
ലേവ്യപുസ്തകം 13 : 55 (MOV)
കഴുകിയശേഷം പുരോഹിതൻ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അതു അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
ലേവ്യപുസ്തകം 13 : 56 (MOV)
പിന്നെ പുരോഹിതൻ നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയേണം.
ലേവ്യപുസ്തകം 13 : 57 (MOV)
അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം.
ലേവ്യപുസ്തകം 13 : 58 (MOV)
എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയിൽ നിന്നു നീങ്ങിപ്പോയി എങ്കിൽ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോൾ അതു ശുദ്ധമാകും.
ലേവ്യപുസ്തകം 13 : 59 (MOV)
ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തിൽ എങ്കിലും പാവിൽ എങ്കിലും ഊടയിൽ എങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ടത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59