സംഖ്യാപുസ്തകം 12 : 1 (MOV)
മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിർയ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു:
സംഖ്യാപുസ്തകം 12 : 2 (MOV)
യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.
സംഖ്യാപുസ്തകം 12 : 3 (MOV)
മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.
സംഖ്യാപുസ്തകം 12 : 4 (MOV)
പെട്ടെന്നു യഹോവ മോശെയോടും അഹരോനോടും മിർയ്യാമിനോടും: നിങ്ങൾ മൂവരും സമാഗമനക്കുടാരത്തിങ്കൽ വരുവിൻ എന്നു കല്പിച്ചു; അവർ മൂവരും ചെന്നു.
സംഖ്യാപുസ്തകം 12 : 5 (MOV)
യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു അഹരോനെയും മിർയ്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ടു ചെന്നു.
സംഖ്യാപുസ്തകം 12 : 6 (MOV)
പിന്നെ അവൻ അരുളിച്ചെയ്തതു: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന്നു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളിച്ചെയ്കയും ചെയ്യും.
സംഖ്യാപുസ്തകം 12 : 7 (MOV)
എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.
സംഖ്യാപുസ്തകം 12 : 8 (MOV)
അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?
സംഖ്യാപുസ്തകം 12 : 9 (MOV)
യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ചു അവൻ മറഞ്ഞു.
സംഖ്യാപുസ്തകം 12 : 10 (MOV)
മേഘവും കൂടാരത്തിന്മേൽ നിന്നു നീങ്ങിപ്പോയി. മിർയ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോൻ മിർയ്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ടരോഗിണി എന്നു കണ്ടു.
സംഖ്യാപുസ്തകം 12 : 11 (MOV)
അഹരോൻ മോശെയോടു: അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ.
സംഖ്യാപുസ്തകം 12 : 12 (MOV)
അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 12 : 13 (MOV)
അപ്പോൾ മോശെ യഹോവയോടു: ദൈവമേ, അവളെ സൌഖ്യമാക്കേണമേ എന്നു നിലവിളിച്ചു.
സംഖ്യാപുസ്തകം 12 : 14 (MOV)
യഹോവ മോശെയോടു: അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയെങ്കിൽ അവൾ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതിൽ അവളെ ചേർത്തുകൊള്ളാം എന്നു കല്പിച്ചു.
സംഖ്യാപുസ്തകം 12 : 15 (MOV)
ഇങ്ങനെ മിർയ്യാമിനെ ഏഴു ദിവസം പാളയത്തിന്നു പുറത്തു ആക്കി അടെച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.
സംഖ്യാപുസ്തകം 12 : 16 (MOV)
അതിന്റെ ശേഷം ജനം ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻ മരുഭൂമിയിൽ പാളയമിറങ്ങി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16