മത്തായി 25 : 1 (MOV)
“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
മത്തായി 25 : 2 (MOV)
അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.
മത്തായി 25 : 3 (MOV)
ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല.
മത്തായി 25 : 4 (MOV)
ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു.
മത്തായി 25 : 5 (MOV)
പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
മത്തായി 25 : 6 (MOV)
അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.
മത്തായി 25 : 7 (MOV)
അപ്പോൾ കന്യകമാർ എല്ലാവരും എഴന്നേറ്റു വിളക്കു തെളിയിച്ചു.
മത്തായി 25 : 8 (MOV)
എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.
മത്തായി 25 : 9 (MOV)
ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
മത്തായി 25 : 10 (MOV)
അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
മത്തായി 25 : 11 (MOV)
അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.
മത്തായി 25 : 12 (MOV)
അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മത്തായി 25 : 13 (MOV)
ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
മത്തായി 25 : 14 (MOV)
ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
മത്തായി 25 : 15 (MOV)
ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
മത്തായി 25 : 16 (MOV)
അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
മത്തായി 25 : 17 (MOV)
അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.
മത്തായി 25 : 18 (MOV)
ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
മത്തായി 25 : 19 (MOV)
വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു.
മത്തായി 25 : 20 (MOV)
അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 25 : 21 (MOV)
അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
മത്തായി 25 : 22 (MOV)
രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 25 : 23 (MOV)
അതിന്നു യജമാനൻ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
മത്തായി 25 : 24 (MOV)
ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു
മത്തായി 25 : 25 (MOV)
ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.
മത്തായി 25 : 26 (MOV)
അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
മത്തായി 25 : 27 (MOV)
നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
മത്തായി 25 : 28 (MOV)
ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ.
മത്തായി 25 : 29 (MOV)
അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
മത്തായി 25 : 30 (MOV)
എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
മത്തായി 25 : 31 (MOV)
മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
മത്തായി 25 : 32 (MOV)
സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
മത്തായി 25 : 33 (MOV)
ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
മത്തായി 25 : 34 (MOV)
രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
മത്തായി 25 : 35 (MOV)
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
മത്തായി 25 : 36 (MOV)
നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
മത്തായി 25 : 37 (MOV)
അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
മത്തായി 25 : 38 (MOV)
ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
മത്തായി 25 : 39 (MOV)
നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
മത്തായി 25 : 40 (MOV)
രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
മത്തായി 25 : 41 (MOV)
പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
മത്തായി 25 : 42 (MOV)
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
മത്തായി 25 : 43 (MOV)
അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
മത്തായി 25 : 44 (MOV)
അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:
മത്തായി 25 : 45 (MOV)
ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
മത്തായി 25 : 46 (MOV)
ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”
❮
❯