മർക്കൊസ് 10 : 1 (MOV)
അവിടെ നിന്നു അവൻ പുറപ്പെട്ടു യോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നു കൂടി, പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു.
മർക്കൊസ് 10 : 2 (MOV)
അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു.
മർക്കൊസ് 10 : 3 (MOV)
അവൻ അവരോടു: മോശെ നിങ്ങൾക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു.
മർക്കൊസ് 10 : 4 (MOV)
ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു.
മർക്കൊസ് 10 : 5 (MOV)
യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു.
മർക്കൊസ് 10 : 6 (MOV)
സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.
മർക്കൊസ് 10 : 7 (MOV)
അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;
മർക്കൊസ് 10 : 8 (MOV)
ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
മർക്കൊസ് 10 : 9 (MOV)
ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
മർക്കൊസ് 10 : 10 (MOV)
വീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.
മർക്കൊസ് 10 : 11 (MOV)
അവൻ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.
മർക്കൊസ് 10 : 12 (MOV)
സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
മർക്കൊസ് 10 : 13 (MOV)
അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
മർക്കൊസ് 10 : 14 (MOV)
യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
മർക്കൊസ് 10 : 15 (MOV)
ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മർക്കൊസ് 10 : 16 (MOV)
പിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.
മർക്കൊസ് 10 : 17 (MOV)
അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.
മർക്കൊസ് 10 : 18 (MOV)
അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
മർക്കൊസ് 10 : 19 (MOV)
കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
മർക്കൊസ് 10 : 20 (MOV)
അവൻ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.
മർക്കൊസ് 10 : 21 (MOV)
യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
മർക്കൊസ് 10 : 22 (MOV)
അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
മർക്കൊസ് 10 : 23 (MOV)
യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു.
മർക്കൊസ് 10 : 24 (MOV)
അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം.
മർക്കൊസ് 10 : 25 (MOV)
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.
മർക്കൊസ് 10 : 26 (MOV)
അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആർക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
മർക്കൊസ് 10 : 27 (MOV)
യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
മർക്കൊസ് 10 : 28 (MOV)
പത്രൊസ് അവനോടു: ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
മർക്കൊസ് 10 : 29 (MOV)
അതിന്നു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,
മർക്കൊസ് 10 : 30 (MOV)
ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മർക്കൊസ് 10 : 31 (MOV)
എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.
മർക്കൊസ് 10 : 32 (MOV)
അവർ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവർക്കു മുമ്പായി നടന്നു; അവർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു:
മർക്കൊസ് 10 : 33 (MOV)
ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്കു ഏല്പിക്കും.
മർക്കൊസ് 10 : 34 (MOV)
അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി.
മർക്കൊസ് 10 : 35 (MOV)
സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോടു: ഗുരോ, ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 10 : 36 (MOV)
അവൻ അവരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു.
മർക്കൊസ് 10 : 37 (MOV)
നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം എന്നു അവർ പറഞ്ഞു.
മർക്കൊസ് 10 : 38 (MOV)
യേശു അവരോടു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു.
മർക്കൊസ് 10 : 39 (MOV)
യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.
മർക്കൊസ് 10 : 40 (MOV)
എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു.
മർക്കൊസ് 10 : 41 (MOV)
അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി.
മർക്കൊസ് 10 : 42 (MOV)
യേശു അവരെ അടുക്കെ വിളിച്ചു അവരോടു: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു.
മർക്കൊസ് 10 : 43 (MOV)
നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;
മർക്കൊസ് 10 : 44 (MOV)
നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.
മർക്കൊസ് 10 : 45 (MOV)
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
മർക്കൊസ് 10 : 46 (MOV)
അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
മർക്കൊസ് 10 : 47 (MOV)
നസറായനായ യേശു എന്നു കേട്ടിട്ടു അവൻ ദാവീദ് പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി.
മർക്കൊസ് 10 : 48 (MOV)
മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
മർക്കൊസ് 10 : 49 (MOV)
അപ്പോൾ യേശു നിന്നു: അവനെ വിളിപ്പിൻ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേൽക്ക, നിന്നെ വിളിക്കുന്നു എന്നു അവർ പറഞ്ഞു കുരുടനെ വിളിച്ചു.
മർക്കൊസ് 10 : 50 (MOV)
അവൻ തന്റെ പുതപ്പു ഇട്ടും കളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കൽ വന്നു.
മർക്കൊസ് 10 : 51 (MOV)
യേശു അവനോടു: "ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു" എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു.
മർക്കൊസ് 10 : 52 (MOV)
യേശു അവനോടു: പോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.
❮
❯