മർക്കൊസ് 14 : 1 (MOV)
രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു:
മർക്കൊസ് 14 : 2 (MOV)
ജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുതു എന്നു അവർ പറഞ്ഞു.
മർക്കൊസ് 14 : 3 (MOV)
അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലുവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയിൽ ഒഴിച്ചു.
മർക്കൊസ് 14 : 4 (MOV)
അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?
മർക്കൊസ് 14 : 5 (MOV)
ഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭർത്സിച്ചു.
മർക്കൊസ് 14 : 6 (MOV)
എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
മർക്കൊസ് 14 : 7 (MOV)
ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മചെയ്വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.
മർക്കൊസ് 14 : 8 (MOV)
അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.
മർക്കൊസ് 14 : 9 (MOV)
സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മർക്കൊസ് 14 : 10 (MOV)
പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാർക്കു കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കൽ ചെന്നു.
മർക്കൊസ് 14 : 11 (MOV)
അവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
മർക്കൊസ് 14 : 12 (MOV)
പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
മർക്കൊസ് 14 : 13 (MOV)
അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും.
മർക്കൊസ് 14 : 14 (MOV)
അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ.
മർക്കൊസ് 14 : 15 (MOV)
അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു.
മർക്കൊസ് 14 : 16 (MOV)
ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
മർക്കൊസ് 14 : 17 (MOV)
സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.
മർക്കൊസ് 14 : 18 (MOV)
അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
മർക്കൊസ് 14 : 19 (MOV)
അവർ ദുഃഖിച്ചു, ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.
മർക്കൊസ് 14 : 20 (MOV)
അവൻ അവരോടു: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ താലത്തിൽ കൈമുക്കുന്നവൻ തന്നേ.
മർക്കൊസ് 14 : 21 (MOV)
മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു.
മർക്കൊസ് 14 : 22 (MOV)
അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: വാങ്ങുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
മർക്കൊസ് 14 : 23 (MOV)
പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു;
മർക്കൊസ് 14 : 24 (MOV)
ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.
മർക്കൊസ് 14 : 25 (MOV)
മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.
മർക്കൊസ് 14 : 26 (MOV)
പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവുമലക്കു പോയി.
മർക്കൊസ് 14 : 27 (MOV)
യേശു അവരോടു: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
മർക്കൊസ് 14 : 28 (MOV)
എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.
മർക്കൊസ് 14 : 29 (MOV)
പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു.
മർക്കൊസ് 14 : 30 (MOV)
യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
മർക്കൊസ് 14 : 31 (MOV)
അവനോ: നീന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.
മർക്കൊസ് 14 : 32 (MOV)
അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാർത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു.
മർക്കൊസ് 14 : 33 (MOV)
പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി:
മർക്കൊസ് 14 : 34 (MOV)
എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
മർക്കൊസ് 14 : 35 (MOV)
പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:
മർക്കൊസ് 14 : 36 (MOV)
അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.
മർക്കൊസ് 14 : 37 (MOV)
പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ?
മർക്കൊസ് 14 : 38 (MOV)
പരീക്ഷയിൽ അകപ്പെടായ്വാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
മർക്കൊസ് 14 : 39 (MOV)
അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു.
മർക്കൊസ് 14 : 40 (MOV)
മടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല;
മർക്കൊസ് 14 : 41 (MOV)
അവൻ മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു.
മർക്കൊസ് 14 : 42 (MOV)
എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 14 : 43 (MOV)
ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.
മർക്കൊസ് 14 : 44 (MOV)
അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിൻ എന്നു അവർക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.
മർക്കൊസ് 14 : 45 (MOV)
അവൻ വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.
മർക്കൊസ് 14 : 46 (MOV)
അവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു.
മർക്കൊസ് 14 : 47 (MOV)
അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.
മർക്കൊസ് 14 : 48 (MOV)
യേശു അവരോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?
മർക്കൊസ് 14 : 49 (MOV)
ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടിതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.
മർക്കൊസ് 14 : 50 (MOV)
ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
മർക്കൊസ് 14 : 51 (MOV)
ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു.
മർക്കൊസ് 14 : 52 (MOV)
അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി.
മർക്കൊസ് 14 : 53 (MOV)
അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.
മർക്കൊസ് 14 : 54 (MOV)
പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു.
മർക്കൊസ് 14 : 55 (MOV)
മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.
മർക്കൊസ് 14 : 56 (MOV)
അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.
മർക്കൊസ് 14 : 57 (MOV)
ചിലർ എഴുന്നേറ്റു അവന്റെ നേരെ:
മർക്കൊസ് 14 : 58 (MOV)
ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
മർക്കൊസ് 14 : 59 (MOV)
എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
മർക്കൊസ് 14 : 60 (MOV)
മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
മർക്കൊസ് 14 : 61 (MOV)
അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
മർക്കൊസ് 14 : 62 (MOV)
ഞാൻ ആകുന്നു; മുനഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
മർക്കൊസ് 14 : 63 (MOV)
അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
മർക്കൊസ് 14 : 64 (MOV)
ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.
മർക്കൊസ് 14 : 65 (MOV)
ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.
മർക്കൊസ് 14 : 66 (MOV)
പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു,
മർക്കൊസ് 14 : 67 (MOV)
പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
മർക്കൊസ് 14 : 68 (MOV)
നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.
മർക്കൊസ് 14 : 69 (MOV)
ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
മർക്കൊസ് 14 : 70 (MOV)
കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
മർക്കൊസ് 14 : 71 (MOV)
നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
മർക്കൊസ് 14 : 72 (MOV)
ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
❮
❯