ലൂക്കോസ് 12 : 1 (MOV)
അതിന്നിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: “പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ.
ലൂക്കോസ് 12 : 2 (MOV)
മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.
ലൂക്കോസ് 12 : 3 (MOV)
ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും.
ലൂക്കോസ് 12 : 4 (MOV)
എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: “ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ.
ലൂക്കോസ് 12 : 5 (MOV)
ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 12 : 6 (MOV)
രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.
ലൂക്കോസ് 12 : 7 (MOV)
നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
ലൂക്കോസ് 12 : 8 (MOV)
മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.
ലൂക്കോസ് 12 : 9 (MOV)
മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും.
ലൂക്കോസ് 12 : 10 (MOV)
മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 12 : 11 (MOV)
എന്നാൽ നിങ്ങളെ പള്ളികൾക്കും കോയ്മകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടുപോകുമ്പോൾ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരിപ്പെടേണ്ടാ;
ലൂക്കോസ് 12 : 12 (MOV)
പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയിൽ തന്നേ നിങ്ങളെ പഠിപ്പിക്കും.
ലൂക്കോസ് 12 : 13 (MOV)
പുരുഷാരത്തിൽ ഒരുത്തൻ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്വാൻ എന്റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു.
ലൂക്കോസ് 12 : 14 (MOV)
അവനോടു അവൻ: “മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ ” എന്നു ചോദിച്ചു.
ലൂക്കോസ് 12 : 15 (MOV)
പിന്നെ അവരോടു: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു” എന്നു പറഞ്ഞു.
ലൂക്കോസ് 12 : 16 (MOV)
ഒരുപമയും അവരോടു പറഞ്ഞതു: “ധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
ലൂക്കോസ് 12 : 17 (MOV)
അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.
ലൂക്കോസ് 12 : 18 (MOV)
പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും.
ലൂക്കോസ് 12 : 19 (MOV)
എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു:
ലൂക്കോസ് 12 : 20 (MOV)
മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു.
ലൂക്കോസ് 12 : 21 (MOV)
ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.
ലൂക്കോസ് 12 : 22 (MOV)
അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: “ആകയാൽ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 12 : 23 (MOV)
ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലോ.
ലൂക്കോസ് 12 : 24 (MOV)
കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!
ലൂക്കോസ് 12 : 25 (MOV)
പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?
ലൂക്കോസ് 12 : 26 (MOV)
ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു?
ലൂക്കോസ് 12 : 27 (MOV)
താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല നൂൽക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 12 : 28 (MOV)
ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വസികളേ, നിങ്ങളെ എത്ര അധികം?
ലൂക്കോസ് 12 : 29 (MOV)
എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു.
ലൂക്കോസ് 12 : 30 (MOV)
ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു.
ലൂക്കോസ് 12 : 31 (MOV)
അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്കു ഇതും കിട്ടും.
ലൂക്കോസ് 12 : 32 (MOV)
ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.
ലൂക്കോസ് 12 : 33 (MOV)
നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ.
ലൂക്കോസ് 12 : 34 (MOV)
നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും.
ലൂക്കോസ് 12 : 35 (MOV)
നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ.
ലൂക്കോസ് 12 : 36 (MOV)
യജമാനൻ കല്യാണത്തിന്നു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന്നു അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ.
ലൂക്കോസ് 12 : 37 (MOV)
യജമാനൻ വരുന്നേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവർക്കു ശുശ്രൂഷ ചെയ്കയും ചെയ്യും” എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
ലൂക്കോസ് 12 : 38 (MOV)
അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ.
ലൂക്കോസ് 12 : 39 (MOV)
കള്ളൻ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ.
ലൂക്കോസ് 12 : 40 (MOV)
നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
ലൂക്കോസ് 12 : 41 (MOV)
കർത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കർത്താവു പറഞ്ഞതു:
ലൂക്കോസ് 12 : 42 (MOV)
തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനൻ തന്റെ വേലക്കാരുടെ മേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ?
ലൂക്കോസ് 12 : 43 (MOV)
യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ.
ലൂക്കോസ് 12 : 44 (MOV)
അവൻ തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിവെക്കും” എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ലൂക്കോസ് 12 : 45 (MOV)
എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ,
ലൂക്കോസ് 12 : 46 (MOV)
അവൻ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനൻ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും.
ലൂക്കോസ് 12 : 47 (MOV)
യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും.
ലൂക്കോസ് 12 : 48 (MOV)
അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും.
ലൂക്കോസ് 12 : 49 (MOV)
ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്തു ഇച്ഛിക്കേണ്ടു?
ലൂക്കോസ് 12 : 50 (MOV)
എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു.
ലൂക്കോസ് 12 : 51 (MOV)
ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 12 : 52 (MOV)
ഇനിമേൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഛിദ്രിച്ചിരിക്കും.
ലൂക്കോസ് 12 : 53 (MOV)
അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും.
ലൂക്കോസ് 12 : 54 (MOV)
പിന്നെ അവൻ പുരുഷാരത്തോടു പറഞ്ഞതു: “പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു.
ലൂക്കോസ് 12 : 55 (MOV)
തെക്കൻ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു.
ലൂക്കോസ് 12 : 56 (MOV)
കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്കു അറിയാം;
ലൂക്കോസ് 12 : 57 (MOV)
എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്തു?
ലൂക്കോസ് 12 : 58 (MOV)
പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോടു നിരന്നുകൊൾവാൻ ശ്രമിക്ക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴെച്ചുകൊണ്ടു പോകയും ന്യായാധിപൻ നിന്നെ കോൽക്കാരന്റെ പക്കൽ ഏല്പിക്കയും കോൽക്കാരൻ തടവിൽ ആക്കുകയും ചെയ്യും.
ലൂക്കോസ് 12 : 59 (MOV)
ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല ” എന്നു ഞാൻ നിന്നോടു പറയുന്നു.
❮
❯