പ്രവൃത്തികൾ 10 : 1 (MOV)
കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.
പ്രവൃത്തികൾ 10 : 2 (MOV)
അവൻ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു.
പ്രവൃത്തികൾ 10 : 3 (MOV)
അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊർന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.
പ്രവൃത്തികൾ 10 : 4 (MOV)
അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു.
പ്രവൃത്തികൾ 10 : 5 (MOV)
ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.
പ്രവൃത്തികൾ 10 : 6 (MOV)
അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.
പ്രവൃത്തികൾ 10 : 7 (MOV)
അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും
പ്രവൃത്തികൾ 10 : 8 (MOV)
വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു
പ്രവൃത്തികൾ 10 : 9 (MOV)
പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.
പ്രവൃത്തികൾ 10 : 10 (MOV)
അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.
പ്രവൃത്തികൾ 10 : 11 (MOV)
ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.
പ്രവൃത്തികൾ 10 : 12 (MOV)
അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.
പ്രവൃത്തികൾ 10 : 13 (MOV)
പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.
പ്രവൃത്തികൾ 10 : 14 (MOV)
അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.
പ്രവൃത്തികൾ 10 : 15 (MOV)
ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.
പ്രവൃത്തികൾ 10 : 16 (MOV)
ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
പ്രവൃത്തികൾ 10 : 17 (MOV)
ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു:
പ്രവൃത്തികൾ 10 : 18 (MOV)
പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.
പ്രവൃത്തികൾ 10 : 19 (MOV)
പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവു അവനോടു: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു;
പ്രവൃത്തികൾ 10 : 20 (MOV)
നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.
പ്രവൃത്തികൾ 10 : 21 (MOV)
പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന സംഗതി എന്തു എന്നു ചോദിച്ചു.
പ്രവൃത്തികൾ 10 : 22 (MOV)
അതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
പ്രവൃത്തികൾ 10 : 23 (MOV)
അവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.
പ്രവൃത്തികൾ 10 : 24 (MOV)
പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു.
പ്രവൃത്തികൾ 10 : 25 (MOV)
പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റു അവന്റെ കാൽക്കൽ വീണു നമസ്കരിച്ചു.
പ്രവൃത്തികൾ 10 : 26 (MOV)
പത്രൊസോ: എഴുന്നേൽക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.
പ്രവൃത്തികൾ 10 : 27 (MOV)
അവനോടു സംഭാഷിച്ചും കൊണ്ടു അകത്തു ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു:
പ്രവൃത്തികൾ 10 : 28 (MOV)
അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.
പ്രവൃത്തികൾ 10 : 29 (MOV)
അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു.
പ്രവൃത്തികൾ 10 : 30 (MOV)
അതിന്നു കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു:
പ്രവൃത്തികൾ 10 : 31 (MOV)
കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു.
പ്രവൃത്തികൾ 10 : 32 (MOV)
യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു.
പ്രവൃത്തികൾ 10 : 33 (MOV)
ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു; നീ വന്നതു ഉപകാരം. കർത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.
പ്രവൃത്തികൾ 10 : 34 (MOV)
അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും
പ്രവൃത്തികൾ 10 : 35 (MOV)
ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു.
പ്രവൃത്തികൾ 10 : 36 (MOV)
അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം,
പ്രവൃത്തികൾ 10 : 37 (MOV)
യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം,
പ്രവൃത്തികൾ 10 : 38 (MOV)
നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.
പ്രവൃത്തികൾ 10 : 39 (MOV)
യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു;
പ്രവൃത്തികൾ 10 : 40 (MOV)
ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,
പ്രവൃത്തികൾ 10 : 41 (MOV)
സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.
പ്രവൃത്തികൾ 10 : 42 (MOV)
ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
പ്രവൃത്തികൾ 10 : 43 (MOV)
അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
പ്രവൃത്തികൾ 10 : 44 (MOV)
ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.
പ്രവൃത്തികൾ 10 : 45 (MOV)
അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
പ്രവൃത്തികൾ 10 : 46 (MOV)
പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.
പ്രവൃത്തികൾ 10 : 47 (MOV)
നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
പ്രവൃത്തികൾ 10 : 48 (MOV)
പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.
❮
❯