ആവർത്തനം 32 : 1 (MOV)
ആകശാമേ, ചെവിതരിക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.
ആവർത്തനം 32 : 2 (MOV)
മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
ആവർത്തനം 32 : 3 (MOV)
ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.
ആവർത്തനം 32 : 4 (MOV)
അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.
ആവർത്തനം 32 : 5 (MOV)
അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ
ആവർത്തനം 32 : 6 (MOV)
ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.
ആവർത്തനം 32 : 7 (MOV)
പൂർവ്വദിവസങ്ങളെ ഓർക്കുക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവൻ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവർ പറഞ്ഞുതരും.
ആവർത്തനം 32 : 8 (MOV)
മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.
ആവർത്തനം 32 : 9 (MOV)
യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.
ആവർത്തനം 32 : 10 (MOV)
താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.
ആവർത്തനം 32 : 11 (MOV)
കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
ആവർത്തനം 32 : 12 (MOV)
യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
ആവർത്തനം 32 : 13 (MOV)
അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവൻ ഉപജീവിച്ചു. അവനെ പാറയിൽനിന്നു തേനും തീക്കല്ലിൽനിന്നു എണ്ണയും കുടിപ്പിച്ചു.
ആവർത്തനം 32 : 14 (MOV)
പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിൻ കുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിൻ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.
ആവർത്തനം 32 : 15 (MOV)
യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
ആവർത്തനം 32 : 16 (MOV)
അവർ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു, മ്ളേച്ഛതകളാൽ അവനെ കോപിപ്പിച്ചു.
ആവർത്തനം 32 : 17 (MOV)
അവർ ദുർഭൂതങ്ങൾക്കു, ദൈവമല്ലാത്തവെക്കു, തങ്ങൾ അറിയാത്ത ദേവന്മാർക്കു ബലികഴിച്ചു; അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂർത്തികൾ അത്രേ.
ആവർത്തനം 32 : 18 (MOV)
നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
ആവർത്തനം 32 : 19 (MOV)
യഹോവ കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നേ.
ആവർത്തനം 32 : 20 (MOV)
അവൻ അരുളിച്ചെയ്തതു: ഞാൻ എന്റെ മുഖം അവർക്കു മറെക്കും; അവരുടെ അന്തം എന്തു എന്നു ഞാൻ നോക്കും. അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.
ആവർത്തനം 32 : 21 (MOV)
ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവർക്കു എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും
ആവർത്തനം 32 : 22 (MOV)
എന്റെ കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.
ആവർത്തനം 32 : 23 (MOV)
ഞാൻ അനർത്ഥങ്ങൾ അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും.
ആവർത്തനം 32 : 24 (MOV)
അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാൻ അവരുടെ ഇടയിൽ അയക്കും.
ആവർത്തനം 32 : 25 (MOV)
വീഥികളിൽ വാളും അറകളിൽ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
ആവർത്തനം 32 : 26 (MOV)
ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,
ആവർത്തനം 32 : 27 (MOV)
ഞാൻ അവരെ ഊതിക്കളഞ്ഞു, മനുഷ്യരിൽനിന്നു അവരുടെ ഓർമ്മ ഇല്ലാതാക്കുമായിരുന്നു.
ആവർത്തനം 32 : 28 (MOV)
അവർ ആലോചനയില്ലാത്ത ജാതി; അവർക്കു വിവേകബുദ്ധിയില്ല.
ആവർത്തനം 32 : 29 (MOV)
ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.
ആവർത്തനം 32 : 30 (MOV)
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപോരെ ഓടിക്കുന്നതുമെങ്ങനെ?
ആവർത്തനം 32 : 31 (MOV)
അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.
ആവർത്തനം 32 : 32 (MOV)
അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;
ആവർത്തനം 32 : 33 (MOV)
അവരുടെ വീഞ്ഞു മഹാസർപ്പത്തിൻ വിഷവും മൂർഖന്റെ കാളകൂടവും ആകുന്നു.
ആവർത്തനം 32 : 34 (MOV)
ഇതു എന്റെ അടുക്കൽ സംഗ്രഹിച്ചും എൻഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
ആവർത്തനം 32 : 35 (MOV)
അവരുടെ കാൽ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ടു; അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; അവർക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
ആവർത്തനം 32 : 36 (MOV)
യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവൻ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
ആവർത്തനം 32 : 37 (MOV)
അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?
ആവർത്തനം 32 : 38 (MOV)
അവർ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങൾക്കു ശരണമായിരിക്കട്ടെ എന്നു അവൻ അരുളിച്ചെയ്യും.
ആവർത്തനം 32 : 39 (MOV)
ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
ആവർത്തനം 32 : 40 (MOV)
ഞാൻ ആകശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നതു: നിത്യനായിരിക്കുന്ന എന്നാണ--
ആവർത്തനം 32 : 41 (MOV)
എന്റെ മിന്നലാം വാൾ ഞാൻ മൂർച്ചയാക്കി എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവർക്കു പകരം വീട്ടും.
ആവർത്തനം 32 : 42 (MOV)
ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സിൽനിന്നു ഒലിക്കുന്നതിനാലും ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
ആവർത്തനം 32 : 43 (MOV)
ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവൻ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പാരിഹാരം വരുത്തും.
ആവർത്തനം 32 : 44 (MOV)
അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.
ആവർത്തനം 32 : 45 (MOV)
മോശെ ഈ സകലവചനങ്ങളും എല്ലായിസ്രായേലിനോടും സംസാരിച്ചുതീർന്നപ്പോൾ അവൻ അവരോടു പറഞ്ഞതു:
ആവർത്തനം 32 : 46 (MOV)
ഈ ന്യായപ്രാമണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.
ആവർത്തനം 32 : 47 (MOV)
ഇതു നിങ്ങൾക്കു വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻ തന്നേ ആകുന്നു; നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോർദ്ദാൻ കടന്നു ചെല്ലുന്നദേശത്തു നിങ്ങൾക്കു ഇതിനാൽ ദീർഘായുസ്സുണ്ടാകും.
ആവർത്തനം 32 : 48 (MOV)
അന്നു തന്നേ യഹോവ മോശെയോടു അരുളിച്ചെയ്തതു:
ആവർത്തനം 32 : 49 (MOV)
നീ യെരീഹോവിന്നെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു അവകാശമായി കൊടുക്കുന്ന കനാൻ ദേശത്തെ നോക്കി കാൺക.
ആവർത്തനം 32 : 50 (MOV)
നിന്റെ സഹോദരനായ അഹരോൻ ഹോർ പർവ്വതത്തിൽ വെച്ചു മരിച്ചു തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവ്വതത്തിൽവെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.
ആവർത്തനം 32 : 51 (MOV)
നിങ്ങൾ സീൻമരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.
ആവർത്തനം 32 : 52 (MOV)
നീ ദേശത്തെ നിന്റെ മുമ്പിൽ കാണും; എങ്കിലും ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.
❮
❯