യോശുവ 10 : 1 (MOV)
യോശുവ ഹായിപട്ടണം പിടിച്ചു നിർമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോൻ നിവാസികൾ യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെൿ കേട്ടപ്പോൾ
യോശുവ 10 : 2 (MOV)
ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ടു അവർ ഏറ്റവും ഭയപ്പെട്ടു.
യോശുവ 10 : 3 (MOV)
ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെൿ ഹെബ്രോൻ രാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ളോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു:
യോശുവ 10 : 4 (MOV)
ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യതചെയ്കകൊണ്ടു നാം അതിനെ നശിപ്പിക്കേണ്ടതിന്നു എന്നെ സഹായിപ്പിൻ എന്നു പറയിച്ചു.
യോശുവ 10 : 5 (MOV)
ഇങ്ങനെ യെരൂശലേംരാജാവു, ഹെബ്രോൻ രാജാവു, യർമ്മൂത്ത്രാജാവു, ലാഖീശ്രാജാവു, എഗ്ളോൻ രാജാവു എന്നീ അഞ്ചു അമോർയ്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്നു ഗിബെയോന്നുനേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
യോശുവ 10 : 6 (MOV)
അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പർവ്വതങ്ങളിൽ പാർക്കുന്ന അമോർയ്യരാജാക്കന്മാർ ഒക്കെയും ഞങ്ങൾക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറയിച്ചു.
യോശുവ 10 : 7 (MOV)
എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകലപരാക്രമശാലികളും ഗില്ഗാലിൽനിന്നു പറപ്പെട്ടു.
യോശുവ 10 : 8 (MOV)
യഹോവ യോശുവയോടു: അവരെ ഭയപ്പെടരുതു; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല എന്നു അരുളിച്ചെയ്തു.
യോശുവ 10 : 9 (MOV)
യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ടു രാത്രി മുഴുവനും നടന്നു പെട്ടെന്നു അവരെ എതിർത്തു.
യോശുവ 10 : 10 (MOV)
യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
യോശുവ 10 : 11 (MOV)
അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവെച്ചു അസേക്കവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ലു അവരുടെ മേൽ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.
യോശുവ 10 : 12 (MOV)
എന്നാൽ യഹോവ അമോർയ്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയിലും നിൽക്ക എന്നു പറഞ്ഞു.
യോശുവ 10 : 13 (MOV)
ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു.
യോശുവ 10 : 14 (MOV)
യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.
യോശുവ 10 : 15 (MOV)
അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു.
യോശുവ 10 : 16 (MOV)
എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു.
യോശുവ 10 : 17 (MOV)
രാജാക്കന്മാർ ഐവരും മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവെക്കു അറിവുകിട്ടി.
യോശുവ 10 : 18 (MOV)
എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിൻ;
യോശുവ 10 : 19 (MOV)
നിങ്ങളോ നിൽക്കാതെ ശത്രുക്കളെ പിന്തുടർന്നു അവരുടെ പിൻപടയെ സംഹരിപ്പിൻ; പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
യോശുവ 10 : 20 (MOV)
അങ്ങനെ അവർ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോൾ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.
യോശുവ 10 : 21 (MOV)
ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.
യോശുവ 10 : 22 (MOV)
പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയിൽനിന്നു എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
യോശുവ 10 : 23 (MOV)
അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോൻ രാജാവു, യർമ്മൂത്ത്രാജാവു, ലാഖീശ്രാജാവു, എഗ്ളോൻ രാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
യോശുവ 10 : 24 (MOV)
രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടു: അടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വെപ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്നു അവരുടെ കഴുത്തിൽ കാൽ വെച്ചു.
യോശുവ 10 : 25 (MOV)
യോശുവ അവരോടു: ഭയപ്പെടരുതു, ശങ്കിക്കരുതു; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.
യോശുവ 10 : 26 (MOV)
അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്നു അഞ്ചു മരത്തിന്മേൽ തൂക്കി. അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു.
യോശുവ 10 : 27 (MOV)
സൂര്യൻ അസ്തമിക്കുന്ന സമയത്തു യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്നു ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലു ഉരുട്ടിവെച്ചു; അതു ഇന്നുവരെയും അവിടെ ഇരിക്കുന്നു.
യോശുവ 10 : 28 (MOV)
അന്നു യോശുവ മക്കേദ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.
യോശുവ 10 : 29 (MOV)
യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയിൽനിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു.
യോശുവ 10 : 30 (MOV)
യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
യോശുവ 10 : 31 (MOV)
യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
യോശുവ 10 : 32 (MOV)
യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
യോശുവ 10 : 33 (MOV)
അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
യോശുവ 10 : 34 (MOV)
യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്നു എഗ്ളോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.
യോശുവ 10 : 35 (MOV)
അവർ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവൻ അതിലുള്ള എല്ലാവരെയും അന്നു നിർമ്മൂലമാക്കി.
യോശുവ 10 : 36 (MOV)
യോശുവയും യിസ്രായേലൊക്കെയും എഗ്ളോനിൽനിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു.
യോശുവ 10 : 37 (MOV)
അവർ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാപട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവൻ എഗ്ളോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി.
യോശുവ 10 : 38 (MOV)
പിന്നെ യോശുവയും എല്ലായിസ്രായേലും തിരിഞ്ഞു ദെബീരിന്നു ചെന്നു അതിന്റെ നേരെ യുദ്ധംചെയ്തു.
യോശുവ 10 : 39 (MOV)
അവൻ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി; അവൻ ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.
യോശുവ 10 : 40 (MOV)
ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്വീതി, മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി.
യോശുവ 10 : 41 (MOV)
യോശുവ കാദേശ് ബർന്നേയമുതൽ ഗസ്സാവരെയും ഗിബെയോൻ വരെയും ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി.
യോശുവ 10 : 42 (MOV)
ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിന്നു വേണ്ടി യുദ്ധം ചെയ്തതു.
യോശുവ 10 : 43 (MOV)
പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിപ്പോന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43