യോഹന്നാൻ 11 : 1 (ERVML)
മറിയയുടെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായ്ക്കിടന്നു.
യോഹന്നാൻ 11 : 2 (ERVML)
ഈ മറിയ ആയിരുന്നു കര്‍ത്താവിനെ പരിമള തൈലം പൂശി തന്‍റെ തലമുടികൊണ്ടു അവന്‍റെ കാല്‍ തുടച്ചതു. അവളുടെ സഹോദരനായ ലാസര്‍ ആയിരുന്നു ദീനമായ്ക്കിടന്നതു.
യോഹന്നാൻ 11 : 3 (ERVML)
ആ സഹോദരിമാര്‍ അവന്‍റെ അടുക്കല്‍ ആളയച്ചു: കര്‍ത്താവേ, നിനക്കു പ്രിയനായവന്‍ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
യോഹന്നാൻ 11 : 4 (ERVML)
യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്‍റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.
യോഹന്നാൻ 11 : 5 (ERVML)
യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.
യോഹന്നാൻ 11 : 6 (ERVML)
എന്നിട്ടും അവന്‍ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താന്‍ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാര്‍ത്തു.
യോഹന്നാൻ 11 : 7 (ERVML)
അതിന്‍റെ ശേഷം അവന്‍ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
യോഹന്നാൻ 11 : 8 (ERVML)
ശിഷ്യന്മാര്‍ അവനോടു: റബ്ബീ, യെഹൂദന്മാര്‍ ഇപ്പോള്‍തന്നേ നിന്നെ കല്ലെറിവാന്‍ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
യോഹന്നാൻ 11 : 9 (ERVML)
അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകല്‍ സമയത്തു നടക്കുന്നവന്‍ ഈ ലോകത്തിന്‍റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.
യോഹന്നാൻ 11 : 10 (ERVML)
രാത്രിയില്‍ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 11 : 11 (ERVML)
ഇതു പറഞ്ഞിട്ടു അവന്‍ : നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു; എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു എന്നു അവരോടു പറഞ്ഞു.
യോഹന്നാൻ 11 : 12 (ERVML)
ശിഷ്യന്മാര്‍ അവനോടു: കര്‍ത്താവേ, അവന്‍ നിദ്രകൊള്ളുന്നു എങ്കില്‍ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.
യോഹന്നാൻ 11 : 13 (ERVML)
യേശുവോ അവന്‍റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവര്‍ക്കും തോന്നിപ്പോയി.
യോഹന്നാൻ 11 : 14 (ERVML)
അപ്പോള്‍ യേശു സ്പഷ്ടമായി അവരോടു: ലാസര്‍ മരിച്ചുപോയി;
യോഹന്നാൻ 11 : 15 (ERVML)
ഞാന്‍ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങള്‍ വിശ്വസിപ്പാന്‍ ഇടയാകുമല്ലോ; എന്നാല്‍ നാം അവന്‍റെ അടുക്കല്‍ പോക എന്നു പറഞ്ഞു.
യോഹന്നാൻ 11 : 16 (ERVML)
ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
യോഹന്നാൻ 11 : 17 (ERVML)
യേശു അവിടെ എത്തിയപ്പോള്‍ അവനെ കല്ലറയില്‍ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.
യോഹന്നാൻ 11 : 18 (ERVML)
ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.
യോഹന്നാൻ 11 : 19 (ERVML)
മാര്‍ത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കല്‍ വന്നിരുന്നു.
യോഹന്നാൻ 11 : 20 (ERVML)
യേശു വരുന്നു എന്നു കേട്ടിട്ടു മാര്‍ത്ത അവനെ എതിരേല്പാന്‍ ചെന്നു; മറിയയോ വീട്ടില്‍ ഇരുന്നു.
യോഹന്നാൻ 11 : 21 (ERVML)
മാര്‍ത്ത യേശുവിനോടു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കയില്ലായിരുന്നു.
യോഹന്നാൻ 11 : 22 (ERVML)
ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 11 : 23 (ERVML)
യേശു അവളോടു: നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞു.
യോഹന്നാൻ 11 : 24 (ERVML)
മാര്‍ത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 11 : 25 (ERVML)
യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
യോഹന്നാൻ 11 : 26 (ERVML)
ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
യോഹന്നാൻ 11 : 27 (ERVML)
അവള്‍ അവനോടു: ഉവ്വു, കര്‍ത്താവേ, ലോകത്തില്‍ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു
യോഹന്നാൻ 11 : 28 (ERVML)
പോയി തന്‍റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 11 : 29 (ERVML)
അവള്‍ കേട്ട ഉടനെ എഴുന്നേറ്റു അവന്‍റെ അടുക്കല്‍ വന്നു.
യോഹന്നാൻ 11 : 30 (ERVML)
യേശു അതുവരെ ഗ്രാമത്തില്‍ കടക്കാതെ മാര്‍ത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
യോഹന്നാൻ 11 : 31 (ERVML)
വീട്ടില്‍ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാര്‍, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവള്‍ കല്ലറെക്കല്‍ കരവാന്‍ പോകുന്നു എന്നു വിചാരിച്ചു പിന്‍ ചെന്നു.
യോഹന്നാൻ 11 : 32 (ERVML)
യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്‍റെ കാല്‍ക്കല്‍ വീണു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 11 : 33 (ERVML)
അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി:
യോഹന്നാൻ 11 : 34 (ERVML)
അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കര്‍ത്താവേ, വന്നു കാണ്‍ക എന്നു അവര്‍ അവനോടു പറഞ്ഞു.
യോഹന്നാൻ 11 : 35 (ERVML)
യേശു കണ്ണുനീര്‍ വാര്‍ത്തു.
യോഹന്നാൻ 11 : 36 (ERVML)
ആകയാല്‍ യെഹൂദന്മാര്‍ : കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 11 : 37 (ERVML)
ചിലരോ: കുരുടന്‍റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാന്‍ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
യോഹന്നാൻ 11 : 38 (ERVML)
യേശു പിന്നെയും ഉള്ളംനൊന്തു കല്ലറെക്കല്‍ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു.
യോഹന്നാൻ 11 : 39 (ERVML)
കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു മരിച്ചവന്‍റെ സഹോദരിയായ മാര്‍ത്ത: കര്‍ത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു.
യോഹന്നാൻ 11 : 40 (ERVML)
യേശു അവളോടു: വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
യോഹന്നാൻ 11 : 41 (ERVML)
അവര്‍ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു.
യോഹന്നാൻ 11 : 42 (ERVML)
നീ എപ്പോഴും എന്‍റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നിലക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു.
യോഹന്നാൻ 11 : 43 (ERVML)
ഇങ്ങനെ പറഞ്ഞിട്ടു അവന്‍ : ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.
യോഹന്നാൻ 11 : 44 (ERVML)
മരിച്ചവന്‍ പുറത്തുവന്നു; അവന്‍റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍കൊണ്ടു മൂടിയുമിരുന്നു. അവന്‍റെ കെട്ടു അഴിപ്പിന്‍ ; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
യോഹന്നാൻ 11 : 45 (ERVML)
മറിയയുടെ അടുക്കല്‍ വന്ന യെഹൂദന്മാരില്‍ പലരും അവന്‍ ചെയ്തതു കണ്ടിട്ടു അവനില്‍ വിശ്വസിച്ചു.
യോഹന്നാൻ 11 : 46 (ERVML)
എന്നാല്‍ ചിലര്‍ പരീശന്മാരുടെ അടുക്കല്‍ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു.
യോഹന്നാൻ 11 : 47 (ERVML)
മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യന്‍ വളരെ അടയാളങ്ങള്‍ ചെയ്യുന്നുവല്ലോ.
യോഹന്നാൻ 11 : 48 (ERVML)
അവനെ ഇങ്ങനെ വിട്ടേച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
യോഹന്നാൻ 11 : 49 (ERVML)
അവരില്‍ ഒരുത്തന്‍ , ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങള്‍ ഒന്നും അറിയുന്നില്ല;
യോഹന്നാൻ 11 : 50 (ERVML)
ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓര്‍ക്കുന്നതുമില്ല എന്നു പറഞ്ഞു.
യോഹന്നാൻ 11 : 51 (ERVML)
അവന്‍ ഇതു സ്വയമായി പറഞ്ഞതല്ല, താന്‍ ആ സംവത്സരത്തെ മഹാപുരോഹിതന്‍ ആകയാല്‍ ജനത്തിന്നു വേണ്ടി യേശു മരിപ്പാന്‍ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
യോഹന്നാൻ 11 : 52 (ERVML)
ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിന്നും തന്നേ.
യോഹന്നാൻ 11 : 53 (ERVML)
അന്നു മുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു.
യോഹന്നാൻ 11 : 54 (ERVML)
അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു.
യോഹന്നാൻ 11 : 55 (ERVML)
യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാല്‍ പലരും തങ്ങള്‍ക്കു ശുദ്ധിവരുത്തുവാന്‍ പെസഹെക്കു മുമ്പെ നാട്ടില്‍ നിന്നു യെരൂശലേമിലേക്കു പോയി.
യോഹന്നാൻ 11 : 56 (ERVML)
അവര്‍ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തില്‍ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവന്‍ പെരുനാള്‍ക്കു വരികയില്ലയോ എന്നു തമ്മില്‍ പറഞ്ഞു.
യോഹന്നാൻ 11 : 57 (ERVML)
എന്നാല്‍ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നു വെച്ചു അവന്‍ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാല്‍ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.
❮
❯