1 ദിനവൃത്താന്തം 12 : 1 (IRVML)
കീശിന്റെ മകനായ ശൗൽ കാരണം ദാവീദ് ഒളിച്ചു താമസിച്ചിരുന്നപ്പോൾ സിക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ വീരന്മാരുടെ കൂട്ടത്തിൽ യുദ്ധത്തിൽ അവനെ സഹായിച്ചു
1 ദിനവൃത്താന്തം 12 : 2 (IRVML)
അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിയുവാനും വില്ലുകൊണ്ടു അമ്പെയ്യുവാനും സമർത്ഥന്മാർ ആയിരുന്നു. അവർ ബെന്യാമീന്യരായ ശൗലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവർ ആയിരുന്നു. തലവനായ അഹീയേസെർ, യോവാശ്,
1 ദിനവൃത്താന്തം 12 : 3 (IRVML)
ഗിബേയാത്യനായ ശെമായയുടെ പുത്രന്മാർ, അസ്മാവെത്തിന്റെ പുത്രന്മാരായ യസീയേൽ, പേലെത്ത് എന്നിവരും ബെരാഖാ, അനാഥോത്യൻ യേഹൂ.
1 ദിനവൃത്താന്തം 12 : 4 (IRVML)
മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവ്, യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,
1 ദിനവൃത്താന്തം 12 : 5 (IRVML)
എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരൂഫ്യനായ ശെഫത്യാവ്,
1 ദിനവൃത്താന്തം 12 : 6 (IRVML)
എല്ക്കാനാ, യിശ്ശീയാവ്, അസരേൽ, കോരഹ്യരായ യോവേസെർ, യാശൊബ്യാം;
1 ദിനവൃത്താന്തം 12 : 7 (IRVML)
ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവ്,
1 ദിനവൃത്താന്തം 12 : 8 (IRVML)
പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
1 ദിനവൃത്താന്തം 12 : 9 (IRVML)
അവരുടെ തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവ്, മൂന്നാമൻ എലീയാബ്,
1 ദിനവൃത്താന്തം 12 : 10 (IRVML)
നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവ്,
1 ദിനവൃത്താന്തം 12 : 11 (IRVML)
ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,
1 ദിനവൃത്താന്തം 12 : 12 (IRVML)
എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്,
1 ദിനവൃത്താന്തം 12 : 13 (IRVML)
പത്താമൻ യിരെമ്യാവ്, പതിനൊന്നാമൻ മഖ്ബന്നായി.
1 ദിനവൃത്താന്തം 12 : 14 (IRVML)
ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ.
1 ദിനവൃത്താന്തം 12 : 15 (IRVML)
അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.
1 ദിനവൃത്താന്തം 12 : 16 (IRVML)
ചില ബെന്യാമീന്യരും യെഹൂദ്യരും രക്ഷാസങ്കേതത്തിൽ ദാവീദിന്റെ അടുക്കൽ വന്നു.
1 ദിനവൃത്താന്തം 12 : 17 (IRVML)
ദാവീദ് അവരെ എതിരേറ്റുചെന്ന് അവരോട്: “നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്റെ കയ്യിൽ അന്യായം ഒന്നും ഇല്ല. എങ്കിലും നിങ്ങൾ എന്നെ ശത്രുക്കൾക്ക് കാണിച്ചു കൊടുക്കുകയാണെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കട്ടെ” എന്നു പറഞ്ഞു.
1 ദിനവൃത്താന്തം 12 : 18 (IRVML)
അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: “ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായിപുത്രാ, നിന്റെ പക്ഷക്കാർ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ സഹായികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ സഹായിക്കുന്നത് ” എന്ന് അവൻ പറഞ്ഞു. ദാവീദ് അവരെ സ്വീകരിച്ച് പടക്കൂട്ടത്തിന് നായകന്മാരാക്കി.
1 ദിനവൃത്താന്തം 12 : 19 (IRVML)
ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന് എതിരെ യുദ്ധത്തിന് ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേർന്നു; ഫെലിസ്ത്യപ്രഭുക്കന്മാർ അവരെ സഹായിച്ചില്ല; കാരണം ദാവീദ് നമ്മുടെ തലയുംകൊണ്ട് തന്റെ യജമാനനായ ശൗലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവർ അവനെ അയച്ചുകളഞ്ഞു.
1 ദിനവൃത്താന്തം 12 : 20 (IRVML)
അങ്ങനെ അവൻ സീക്ലാഗിൽ ചെന്നപ്പോൾ മനശ്ശെയിൽനിന്ന് അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാർ അവനോടു ചേർന്നു.
1 ദിനവൃത്താന്തം 12 : 21 (IRVML)
അവർ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവർച്ചക്കാർക്കെതിരെ ദാവീദിനെ സഹായിച്ചു.
1 ദിനവൃത്താന്തം 12 : 22 (IRVML)
ദാവീദിനെ സഹായിക്കേണ്ടതിന് എല്ലാദിവസവും ആളുകൾ അവന്റെ അടുക്കൽ വന്നു. ഒടുവിൽ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീൎന്നു.
1 ദിനവൃത്താന്തം 12 : 23 (IRVML)
യഹോവയുടെ വചനം അനുസരിച്ച് ശൗലിന്റെ രാജത്വം ദാവീദിന് നൽകുവാൻ യുദ്ധത്തിന് തയ്യാറായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന ആയുധധാരികളായ പടയാളികളുടെ കണക്ക്:
1 ദിനവൃത്താന്തം 12 : 24 (IRVML)
പരിചയും കുന്തവും വഹിച്ച് യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തെണ്ണൂറുപേർ (6800).
1 ദിനവൃത്താന്തം 12 : 25 (IRVML)
ശിമെയോന്യരിൽ ശൗര്യമുള്ള യുദ്ധവീരന്മാർ എഴായിരത്തൊരുനൂറുപേർ (7100).
1 ദിനവൃത്താന്തം 12 : 26 (IRVML)
ലേവ്യരിൽ നാലായിരത്തറുനൂറുപേർ (4600)
1 ദിനവൃത്താന്തം 12 : 27 (IRVML)
അഹരോന്യരിൽ പ്രഭുവായ യെഹോയാദായും അവനോടുകൂടെ മൂവായിരത്തെഴുനൂറുപേർ (3700).
1 ദിനവൃത്താന്തം 12 : 28 (IRVML)
പരാക്രമശാലിയും യുവാവുമായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ.
1 ദിനവൃത്താന്തം 12 : 29 (IRVML)
ശൗലിന്റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരംപേർ (3000); അവരിൽ കൂടുതൽ പേരും ശൗലിന്റെ കുടുംബത്തോട് ഇതുവരെ വിശ്വസ്തരായിരുന്നു.
1 ദിനവൃത്താന്തം 12 : 30 (IRVML)
എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രസിദ്ധരായ ഇരുപതിനായിരത്തെണ്ണൂറുപേർ (20,800).
1 ദിനവൃത്താന്തം 12 : 31 (IRVML)
മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരംപേർ (18,000). ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന് ഇവരെ പേരുപേരായി ചുമതലപ്പെടുത്തിയിരുന്നു.
1 ദിനവൃത്താന്തം 12 : 32 (IRVML)
യിസ്രായേൽ കാലത്തിനനുസരിച്ച് എന്ത് ചെയ്യേണം എന്നു അറിവള്ള യിസ്സാകഖായരുടെ തലവന്മാർ ഇരുനൂറുപേർ (200); അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനയ്ക്ക് വിധേയരായിരുന്നു.
1 ദിനവൃത്താന്തം 12 : 33 (IRVML)
സെബൂലൂനിൽ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന് പുറപ്പെട്ടവർ അമ്പതിനായിരംപേർ (50,000).
1 ദിനവൃത്താന്തം 12 : 34 (IRVML)
നഫ്താലിയിൽ നായകന്മാർ ആയിരം (1000) പേർ; അവരോടുകൂടെ പരിചയും കുന്തവും വഹിച്ചവർ മുപ്പത്തേഴായിരംപേർ (37,000).
1 ദിനവൃത്താന്തം 12 : 35 (IRVML)
ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തറുനൂറുപേർ (28,600).
1 ദിനവൃത്താന്തം 12 : 36 (IRVML)
ആശേരിൽ യുദ്ധസന്നദ്ധരായി പടയ്ക്ക് പുറപ്പെട്ടവർ നാല്പതിനായിരംപേർ (40,000).
1 ദിനവൃത്താന്തം 12 : 37 (IRVML)
യോർദ്ദാന് അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ഒരുലക്ഷത്തിരുപതിനായിരംപേർ (120,000).
1 ദിനവൃത്താന്തം 12 : 38 (IRVML)
അണിനിരക്കുവാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്റേയും രാജാവാക്കേണ്ടതിന് ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള എല്ലായിസ്രായേലും ദാവീദിനെ രാജാവാക്കേണ്ടതിന് ഐകമത്യപ്പെട്ടിരുന്നു.
1 ദിനവൃത്താന്തം 12 : 39 (IRVML)
അവരുടെ സഹോദരന്മാർ അവർക്കു വേണ്ടി വിഭവങ്ങൾ ഒരുക്കിയിരുന്നതിനാൽ അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാർത്തു;
1 ദിനവൃത്താന്തം 12 : 40 (IRVML)
യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നു. അതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവരോടുകൂടെ കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവ്, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.
❮
❯