1 ദിനവൃത്താന്തം 13 : 1 (IRVML)
ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചു. അതിനുശേഷം
1 ദിനവൃത്താന്തം 13 : 2 (IRVML)
യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞത്: “നിങ്ങൾക്ക് സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്ക് ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റ് സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയക്കുക.
1 ദിനവൃത്താന്തം 13 : 3 (IRVML)
നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്റെ കാലത്ത് നാം അതിനെ അവഗണിച്ചല്ലോ”.
1 ദിനവൃത്താന്തം 13 : 4 (IRVML)
ഈ കാര്യം സകലജനത്തിനും ശരി എന്നു തോന്നിയതുകൊണ്ട് അങ്ങനെ തന്നേ ചെയ്യാമെന്ന് സർവ്വസഭയും പറഞ്ഞു.
1 ദിനവൃത്താന്തം 13 : 5 (IRVML)
ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്ന് കൊണ്ടുവരേണ്ടതിന് മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടിവരുത്തി.
1 ദിനവൃത്താന്തം 13 : 6 (IRVML)
കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിന്, ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്ന് കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു.
1 ദിനവൃത്താന്തം 13 : 7 (IRVML)
അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു.
1 ദിനവൃത്താന്തം 13 : 8 (IRVML)
ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.
1 ദിനവൃത്താന്തം 13 : 9 (IRVML)
അവർ കീദോൻകളത്തിന്[* കളം = ധാന്യം മെതിക്കുന്ന സ്ഥലം ] സമീപം എത്തിയപ്പോൾ കാള വിരണ്ടു. അതുകൊണ്ട് ഉസ്സാ പെട്ടകം പിടിക്കുവാൻ കൈ നീട്ടി.
1 ദിനവൃത്താന്തം 13 : 10 (IRVML)
അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിനുനേരേ നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.
1 ദിനവൃത്താന്തം 13 : 11 (IRVML)
യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചതിനാൽ ദാവീദിന് വ്യസനമായി: അവൻ ആ സ്ഥലത്തിന് പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു.
1 ദിനവൃത്താന്തം 13 : 12 (IRVML)
ഇതു ഇന്നുവരെയും അങ്ങനെതന്നെ അറിയപ്പെടുന്നു. അന്ന് ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി. “ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണം” എന്നു പറഞ്ഞു.
1 ദിനവൃത്താന്തം 13 : 13 (IRVML)
അതുകൊണ്ട് ദാവീദ് പെട്ടകം തന്റെ അടുക്കൽ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിലേക്കു കൊണ്ടുപോയി.
1 ദിനവൃത്താന്തം 13 : 14 (IRVML)
ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14