1 ദിനവൃത്താന്തം 19 : 1 (IRVML)
അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന് പകരം രാജാവായി.
1 ദിനവൃത്താന്തം 19 : 2 (IRVML)
അപ്പോൾ ദാവീദ്: “നാഹാശ് എന്നോട് ദയ കാണിച്ചതുകൊണ്ട് അവന്റെ മകനായ ഹാനൂനോട് ഞാനും ദയ കാണിക്കും” എന്നു പറഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു ഹാനൂനോട് ആശ്വാസവാക്കു പറയുവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്ത് ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിക്കുവാൻ വന്നപ്പോൾ
1 ദിനവൃത്താന്തം 19 : 3 (IRVML)
അമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു: “ദാവീദ് നിന്റെ അപ്പനോടുള്ള ബഹുമാനം കൊണ്ടാണ് നിന്റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നത് എന്ന് നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിക്കുവാനും മുടിപ്പാനും ഒറ്റുനോക്കുവാനും [* ഒറ്റുനോക്കുക = രഹസ്യമായി നോക്കുക] അല്ലയോ അവന്റെ ഭൃത്യന്മാർ നിന്റെ അടുക്കൽ വന്നിരിക്കുന്നത് ” എന്നു പറഞ്ഞു.
1 ദിനവൃത്താന്തം 19 : 4 (IRVML)
അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിച്ചു [† ക്ഷൌരം ചെയ്യുക = മുടി മുറിച്ചു കളയുക] അവരുടെ അങ്കികൾ അര മുതൽ പാദം വരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
1 ദിനവൃത്താന്തം 19 : 5 (IRVML)
ചിലർ ആ പുരുഷന്മാരുടെ വിവരം ദാവീദിനോട് ചെന്ന് അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ ദാവീദ് അവരെ എതിരേല്പാൻ ആളയച്ചു; “നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ താമസിച്ചിട്ട് മടങ്ങിവരുവിൻ” എന്നു രാജാവു പറയിച്ചു.
1 ദിനവൃത്താന്തം 19 : 6 (IRVML)
തങ്ങൾ ദാവീദിന് വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
1 ദിനവൃത്താന്തം 19 : 7 (IRVML)
അവർ മുപ്പത്തീരായിരം (32000) രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവർ വന്നു മെദേബെക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടയ്ക്കു പുറപ്പെട്ടു.
1 ദിനവൃത്താന്തം 19 : 8 (IRVML)
ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
1 ദിനവൃത്താന്തം 19 : 9 (IRVML)
അമ്മോന്യർ വന്ന് പട്ടണത്തിന്റെ പടിവാതില്ക്കൽ യുദ്ധത്തിനായി അണിനിരന്നു; അവരെ സഹായിപ്പാൻ വന്ന രാജാക്കന്മാർ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു [‡ വെളിമ്പ്രദേശം = തുറസ്സായ പ്രദേശം] .
1 ദിനവൃത്താന്തം 19 : 10 (IRVML)
തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽ വീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി.
1 ദിനവൃത്താന്തം 19 : 11 (IRVML)
ശേഷിച്ച പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു.
1 ദിനവൃത്താന്തം 19 : 12 (IRVML)
പിന്നെ അവൻ: “അരാമ്യർ എന്നേക്കാൾ ശക്തി പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്നേക്കാൾ ശക്തി പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും.
1 ദിനവൃത്താന്തം 19 : 13 (IRVML)
ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവ തനിക്കു ഇഷ്ടമുള്ളത് ചെയ്യുമാറാകട്ടെ” എന്നു പറഞ്ഞു.
1 ദിനവൃത്താന്തം 19 : 14 (IRVML)
പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു യുദ്ധത്തിന് ചെന്നു; അവർ അവന്റെ മുമ്പിൽനിന്നു ഓടി.
1 ദിനവൃത്താന്തം 19 : 15 (IRVML)
അരാമ്യർ ഓടിപ്പോയതു കണ്ടപ്പോൾ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നു ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.
1 ദിനവൃത്താന്തം 19 : 16 (IRVML)
തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു.
1 ദിനവൃത്താന്തം 19 : 17 (IRVML)
അതു ദാവീദിന് അറിവു കിട്ടിയപ്പോൾ അവൻ എല്ലായിസ്രായേലിനെയും കൂട്ടി യോർദ്ദാൻ കടന്നു അവർക്കെതിരെ ചെന്ന് അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യർക്കു നേരെ പടയ്ക്ക് അണിനിരത്തിയ ശേഷം അവർ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
1 ദിനവൃത്താന്തം 19 : 18 (IRVML)
എന്നാൽ അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം (7000) തേരാളികളെയും നാല്പതിനായിരം (40000) കാലാളുകളെയും വധിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.
1 ദിനവൃത്താന്തം 19 : 19 (IRVML)
ഹദദേസെരിന്റെ ഭൃത്യന്മാർ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്ന് കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന് കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാൻ അരാമ്യർ പിന്നെ ശ്രമിച്ചതുമില്ല. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19

BG:

Opacity:

Color:


Size:


Font: