1 ദിനവൃത്താന്തം 22 : 1 (IRVML)
“ഇത് യഹോവയായ ദൈവത്തിന്റെ ആലയം; ഇത് യിസ്രായേലിന് ഹോമപീഠം” എന്ന് ദാവീദ് പറഞ്ഞു.
1 ദിനവൃത്താന്തം 22 : 2 (IRVML)
അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിയുവാൻ ചതുരക്കല്ല് ചെത്തേണ്ടതിന് അവൻ കല്പണിക്കാരെ നിയമിച്ചു.
1 ദിനവൃത്താന്തം 22 : 3 (IRVML)
ദാവീദ് പടിവാതിൽകതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും ധാരാളം ഇരിമ്പും തൂക്കമില്ലാതെ ധാരാളം താമ്രവും അനവധി ദേവദാരുവും ഒരുക്കിവെച്ചു.
1 ദിനവൃത്താന്തം 22 : 4 (IRVML)
സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. “എന്റെ മകൻ ശലോമോൻ ചെറുപ്പവും അനുഭവസമ്പത്തില്ലാത്തവനും ആകുന്നു; യഹോവയ്ക്കായി പണിയേണ്ട ആലയമോ കീർത്തിയും ശോഭയുംകൊണ്ട് സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.
1 ദിനവൃത്താന്തം 22 : 5 (IRVML)
ആകയാൽ ഞാൻ അതിനുവേണ്ടി തയ്യാറെടുക്കും” എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന് മുമ്പെ ധാരാളം തയ്യാറെടുപ്പുകൾ നടത്തി.
1 ദിനവൃത്താന്തം 22 : 6 (IRVML)
അവൻ തന്റെ മകനായ ശലോമോനെ വിളിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുവാൻ കല്പന കൊടുത്തു.
1 ദിനവൃത്താന്തം 22 : 7 (IRVML)
ദാവീദ് ശലോമോനോടു പറഞ്ഞത്: “മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയുവാൻ താല്പര്യപ്പെട്ടിരുന്നു.
1 ദിനവൃത്താന്തം 22 : 8 (IRVML)
എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: ‘നീ ഏറെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ട്; നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ എന്റെ മുമ്പാകെ ഭൂമിയിൽ ധാരാളം രക്തം ചിന്തിയിരിക്കുന്നു.
1 ദിനവൃത്താന്തം 22 : 9 (IRVML)
എന്നാൽ നിനക്ക് ഒരു മകൻ ജനിക്കും; അവൻ ഒരു സമാധാനപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന് വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്ന് ആയിരിക്കും; അവന്റെ കാലത്ത് ഞാൻ യിസ്രായേലിന് സമാധാനവും സ്വസ്ഥതയും നല്കും.
1 ദിനവൃത്താന്തം 22 : 10 (IRVML)
അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജത്വം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.
1 ദിനവൃത്താന്തം 22 : 11 (IRVML)
ആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ വിജയകരമായി അവന്റെ ആലയം പണിയുക.
1 ദിനവൃത്താന്തം 22 : 12 (IRVML)
നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന് യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന് നിയമിക്കുമാറാകട്ടെ.
1 ദിനവൃത്താന്തം 22 : 13 (IRVML)
യഹോവ യിസ്രായേലിന് വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ ശ്രദ്ധയോടെ പ്രമാണിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
1 ദിനവൃത്താന്തം 22 : 14 (IRVML)
ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിനായി ഒരു ലക്ഷം (100,000) താലന്ത് പൊന്നും പത്തു ലക്ഷം (1,000,000) താലന്ത് വെള്ളിയും ആർക്കും അളക്കാനാവാത്ത വിധം താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.
1 ദിനവൃത്താന്തം 22 : 15 (IRVML)
നിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാർ, കല്പണിക്കാർ, ആശാരിമാർ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കരകൗശലപ്പണിക്കാരും ഉണ്ടല്ലോ;
1 ദിനവൃത്താന്തം 22 : 16 (IRVML)
പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ് എന്നിവ ധാരാളം ഉണ്ട്; ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
1 ദിനവൃത്താന്തം 22 : 17 (IRVML)
ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാൻ കല്പിച്ചുപറഞ്ഞത് :
1 ദിനവൃത്താന്തം 22 : 18 (IRVML)
“നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്റെ കയ്യിൽ ഏല്പിച്ചു ദേശം യഹോവയ്ക്കും അവന്റെ ജനത്തിനും കീഴടക്കിയുമിരിക്കുന്നു.
1 ദിനവൃത്താന്തം 22 : 19 (IRVML)
ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ. എഴുന്നേല്പിൻ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന് പണിയുവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന് യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിയുവിൻ.”
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19