1 ദിനവൃത്താന്തം 28 : 1 (IRVML)
അതിനുശേഷം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന് ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകൾക്കും മൃഗസമൂഹങ്ങൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമിൽ കൂട്ടിവരുത്തി.
1 ദിനവൃത്താന്തം 28 : 2 (IRVML)
ദാവീദ്‌രാജാവ് എഴുന്നേറ്റുനിന്ന് പറഞ്ഞത് എന്തെന്നാൽ: “എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിയുവാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.”
1 ദിനവൃത്താന്തം 28 : 3 (IRVML)
എന്നാൽ ദൈവം എന്നോട്: “നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.
1 ദിനവൃത്താന്തം 28 : 4 (IRVML)
എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന് രാജാവായിരിക്കുവാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിക്കുവാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവച്ച് എന്നെ എല്ലായിസ്രായേലിനും രാജാവാക്കുവാൻ അവന് പ്രസാദം തോന്നി.
1 ദിനവൃത്താന്തം 28 : 5 (IRVML)
എന്റെ സകലപുത്രന്മാരിലും നിന്ന് (യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ) അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജ സിംഹാസനത്തിൽ ഇരിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്നു.”
1 ദിനവൃത്താന്തം 28 : 6 (IRVML)
അവൻ എന്നോട്: “നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന് പിതാവായിരിക്കും.
1 ദിനവൃത്താന്തം 28 : 7 (IRVML)
അവൻ ഇന്ന് ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിക്കുവാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും” എന്നു അരുളിച്ചെയ്തിരിക്കുന്നു.
1 ദിനവൃത്താന്തം 28 : 8 (IRVML)
ആകയാൽ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാൺകയും നമ്മുടെ ദൈവം കേൾക്കയും ഞാൻ പറയുന്നത്: “നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും, അത് നിങ്ങളുടെ മക്കൾക്ക് ശാശ്വതാവകാശമായി വെച്ചേക്കുകയും ചെയ്യേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കുകയും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുവിൻ.
1 ദിനവൃത്താന്തം 28 : 9 (IRVML)
നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും, പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.
1 ദിനവൃത്താന്തം 28 : 10 (IRVML)
ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിയുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അതു നടത്തികൊൾക.”
1 ദിനവൃത്താന്തം 28 : 11 (IRVML)
പിന്നെ ദാവീദ് തന്റെ മകനായ ശലോമോന് ദൈവാലയത്തിന്റെ മണ്ഡപം, അതിന്റെ ഭവനങ്ങൾ, കലവറകൾ, മുകളിലത്തെമുറികൾ, അകത്തെ മുറികൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു.
1 ദിനവൃത്താന്തം 28 : 12 (IRVML)
യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാഅറകൾ, ദൈവാലയത്തിന്റെ കലവറകൾ, നിവേദിച്ച വസ്തുക്കളുടെ മുറികൾ,
1 ദിനവൃത്താന്തം 28 : 13 (IRVML)
പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങൾ എന്നിവയെയെല്ലാം കുറിച്ച് തന്റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകയുടെ വിവരവും അവന് കൊടുത്തു.
1 ദിനവൃത്താന്തം 28 : 14 (IRVML)
ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക്, പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്ക്, തൂക്കപ്രകാരം പൊന്നും ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക് വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്ക് തൂക്കപ്രകാരം വെള്ളിയും
1 ദിനവൃത്താന്തം 28 : 15 (IRVML)
പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും ആവശ്യമുള്ളതിന് അനുസരിച്ച് ഓരോ വിളക്കുതണ്ടിനും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും, വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകൾക്ക് ഓരോ തണ്ടിന്റെയും ഉപയോഗത്തിന് അനുസരിച്ച് ഓരോ തണ്ടിനും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.
1 ദിനവൃത്താന്തം 28 : 16 (IRVML)
കാഴ്ചയപ്പത്തിന്റെ മേശകൾക്ക് ഓരോ മേശയ്ക്ക് ആവശ്യമുള്ള പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്ക് ആവശ്യമുള്ള വെള്ളിയും തൂക്കപ്രകാരം കൊടുത്തു.
1 ദിനവൃത്താന്തം 28 : 17 (IRVML)
മുപ്പല്ലികൾക്കും കലശങ്ങൾക്കും[* കലശം = പരന്ന പാത്രം ] കുടങ്ങൾക്കും ആവശ്യമുള്ള പൊന്നും പൊൻകിണ്ടികൾക്ക് ഓരോ കിണ്ടിക്ക് തൂക്കപ്രകാരം ആവശ്യമുള്ള പൊന്നും ഓരോ വെള്ളിക്കിണ്ടിക്ക് തൂക്കപ്രകാരം ആവശ്യമുള്ള വെള്ളിയും കൊടുത്തു.
1 ദിനവൃത്താന്തം 28 : 18 (IRVML)
ധൂപപീഠത്തിന് തൂക്കപ്രകാരം ആവശ്യമുള്ള ശുദ്ധീകരിച്ച പൊന്നും, ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്ക് ആവശ്യമുള്ള പൊന്നും കൊടുത്തു.
1 ദിനവൃത്താന്തം 28 : 19 (IRVML)
“ഇവയെല്ലാം, ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്ക് വേണ്ടി തന്റെ കൈകൊണ്ട് എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു” എന്നു ദാവീദ് പറഞ്ഞു.
1 ദിനവൃത്താന്തം 28 : 20 (IRVML)
പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോട് പറഞ്ഞത്: “ബലപ്പെട്ട് ധൈര്യത്തോടെ പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ പൂർത്തിയാക്കുന്നതുവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
1 ദിനവൃത്താന്തം 28 : 21 (IRVML)
ഇതാ, ദൈവാലയത്തിലെ സകല ശുശ്രൂഷയ്ക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോ ശുശ്രൂഷയ്ക്കും മനസ്സും സാമർത്ഥ്യവും ഉള്ളവരും എല്ലാവേലയ്ക്കായിട്ടും നിന്നോടു കൂടെ ഉണ്ട്; പ്രഭുക്കന്മാരും സർവ്വജനവും നിന്റെ കല്പനയ്ക്കൊക്കെയും വിധേയരായിരിക്കും”.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21