1 കൊരിന്ത്യർ 4 : 1 (IRVML)
ക്രിസ്തുവിന്റെ അപ്പൊസ്തൊലന്മാർ ഞങ്ങളെ, ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവികമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും ആയി ഓരോരുത്തൻ കരുതട്ടെ.
1 കൊരിന്ത്യർ 4 : 2 (IRVML)
ഗൃഹവിചാരകന്മാരിൽ ആവശ്യമായിരിക്കുന്നതോ, അവർ വിശ്വസ്തരായിരിക്കണം എന്നത്രേ.
1 കൊരിന്ത്യർ 4 : 3 (IRVML)
എന്നാൽ, നിങ്ങളോ, മനുഷ്യനിർമ്മിതമായ കോടതികളോ, എന്നെ വിധിക്കുന്നത് എനിക്ക് വളരെ ചെറിയ കാര്യമാണ്; ഞാൻ എന്നെത്തന്നെ വിധിക്കുന്നതുമില്ല.
1 കൊരിന്ത്യർ 4 : 4 (IRVML)
എന്തെന്നാൽ എന്റെ യാതൊരു കുറ്റത്തെക്കുറിച്ചും എനിക്ക് ബോധ്യമില്ലെങ്കിലും, ഞാൻ കുറ്റവിമുക്തൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നത് കർത്താവ് ആകുന്നു.
1 കൊരിന്ത്യർ 4 : 5 (IRVML)
ആകയാൽ കർത്താവ് വരുവോളം സമയത്തിനു മുമ്പെ ഒന്നും വിധിക്കരുത്; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കുകയും ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും; അന്ന് ഓരോരുത്തർക്കും ദൈവത്തിൽ നിന്ന് പുകഴ്ച ലഭിക്കും.
1 കൊരിന്ത്യർ 4 : 6 (IRVML)
സഹോദരന്മാരേ, ഇത് ഞാൻ നിങ്ങൾ നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ച് പറഞ്ഞതാകുന്നു: എഴുതിയിരിക്കുന്നതിന് അപ്പുറം ഭാവിക്കാതിരിക്കുക എന്നതിന് ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിനും, ആരും ഒരുവനു നേരെ മറ്റൊരുവനെ അനുകൂലിച്ച് നിഗളിക്കാതിരിക്കേണ്ടതിനും തന്നെ.
1 കൊരിന്ത്യർ 4 : 7 (IRVML)
എന്തെന്നാൽ, നിങ്ങളെ റ്വിശേഷതയുള്ളവരാക്കുന്നതാരാണ്? ലഭിച്ചതല്ലാതെ നിങ്ങൾക്ക് എന്തുള്ളു? ലഭിച്ചിട്ടുണ്ടെങ്കിലോ, ലഭിച്ചിട്ടില്ല എന്നതുപോലെ പ്രശംസിക്കുന്നത് എന്ത്? ഇപ്പോൾ നിങ്ങൾ തൃപ്തരാണ്,
1 കൊരിന്ത്യർ 4 : 8 (IRVML)
ഇപ്പോൾ സമ്പന്നരുമാണ്; ഞങ്ങളെ കൂടാതെ രാജാക്കന്മാരായി. തീർച്ചയായും, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന് നിങ്ങൾ രാജാക്കന്മാരായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.
1 കൊരിന്ത്യർ 4 : 9 (IRVML)
എന്തെന്നാൽ ഞങ്ങൾ ലോകത്തിന്, ദൂതന്മാർക്കും മനുഷ്യർക്കും തന്നെ, കാഴ്ചവസ്തുവായി തീർന്നിരിക്കുന്നതിനാൽ, ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ അവസാനം നിൽക്കുന്നവരായി, മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ, പ്രദർശിപ്പിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
1 കൊരിന്ത്യർ 4 : 10 (IRVML)
ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ ബഹുമാനിതർ, ഞങ്ങൾ മാനഹീനർ അത്രേ.
1 കൊരിന്ത്യർ 4 : 11 (IRVML)
ഈ സമയം വരെ ഞങ്ങൾ വിശന്നും, ദാഹിച്ചും, വേണ്ടുംവണ്ണം വസ്ത്രം ധരിക്കുവാൻ ഇല്ലാതെയും, മൃഗീയമായി മർദ്ദിക്കപ്പെട്ടും, ഭവനരഹിതരായും ഇരിക്കുന്നു.
1 കൊരിന്ത്യർ 4 : 12 (IRVML)
സ്വന്തകയ്യാൽ വേലചെയ്ത്, കഠിനമായി അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് അനുഗ്രഹിക്കുന്നു; ഉപദ്രവം ഏറ്റിട്ട് സഹിക്കുന്നു; ദൂഷണം കേട്ടിട്ട് നല്ലവാക്ക് പറയുന്നു.
1 കൊരിന്ത്യർ 4 : 13 (IRVML)
ഞങ്ങൾ ലോകത്തിലെ പാഴ്‌വസ്തുക്കളായും ഇന്നുവരെയും സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.
1 കൊരിന്ത്യർ 4 : 14 (IRVML)
ഞാൻ ഇത് എഴുതുന്നത് നിങ്ങളെ നാണിപ്പിക്കുവാനല്ല, എന്റെ പ്രിയ മക്കൾ എന്ന നിലയിൽ നിങ്ങളെ ബുദ്ധി ഉപദേശിക്കുന്നതിനു വേണ്ടിയാണ്.
1 കൊരിന്ത്യർ 4 : 15 (IRVML)
എന്തെന്നാൽ, നിങ്ങൾക്ക് ക്രിസ്തുവിൽ പതിനായിരം അദ്ധ്യാപകർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്.
1 കൊരിന്ത്യർ 4 : 16 (IRVML)
ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
1 കൊരിന്ത്യർ 4 : 17 (IRVML)
ഇതുനിമിത്തമാകുന്നു കർത്താവിൽ പ്രിയനും വിശ്വസ്തനുമായ എന്റെ മകൻ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നത്. ഞാൻ എല്ലായിടത്തും ഏതു സഭയിലും പഠിപ്പിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർമ്മിപ്പിക്കും.
1 കൊരിന്ത്യർ 4 : 18 (IRVML)
എങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുവച്ച് ചിലർ അഹങ്കരിക്കുന്നു.
1 കൊരിന്ത്യർ 4 : 19 (IRVML)
എന്നാൽ കർത്താവിന് ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വരും. അപ്പോൾ ഞാൻ അഹങ്കരിച്ചിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നെ കണ്ടറിയും.
1 കൊരിന്ത്യർ 4 : 20 (IRVML)
എന്തെന്നാൽ, ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.
1 കൊരിന്ത്യർ 4 : 21 (IRVML)
നിങ്ങൾക്ക് ഏത് വേണം? ഞാൻ വടിയോടുകൂടെയോ സ്നേഹത്തിലും സൗമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കൽ വരേണ്ടത്?

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21