1 രാജാക്കന്മാർ 10 : 1 (IRVML)
ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ച് ശലോമോന്റെ കീർത്തി കേട്ട് കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിന് വന്നു.
1 രാജാക്കന്മാർ 10 : 2 (IRVML)
അവൾ വലിയോരു പരിവാരത്തോടും, സുഗന്ധവർഗ്ഗവും ധാരാളം പൊന്നും രത്നവും ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്ന് തന്റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോട് സംസാരിച്ചു.
1 രാജാക്കന്മാർ 10 : 3 (IRVML)
അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; അവൾക്ക് വിശദീകരിച്ച് കൊടുക്കാൻ കഴിയാത്തതായി ഒന്നും രാജാവിന് ഉണ്ടായിരുന്നില്ല.
1 രാജാക്കന്മാർ 10 : 4 (IRVML)
ശലോമോന്റെ ജ്ഞാനബാഹുല്യവും അവൻ പണിത അരമനയും
1 രാജാക്കന്മാർ 10 : 5 (IRVML)
അവന്റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും, പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തിന്റെ പാതകളും കണ്ടിട്ട് ശെബാരാജ്ഞിഅമ്പരന്നുപോയി.
1 രാജാക്കന്മാർ 10 : 6 (IRVML)
അവൾ രാജാവിനോട് പറഞ്ഞത് : “നിന്റെ വാക്കുകളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്റെ ദേശത്തുവെച്ച് കേട്ട വർത്തമാനം സത്യം തന്നേ.
1 രാജാക്കന്മാർ 10 : 7 (IRVML)
ഞാൻ വന്ന് എന്റെ കണ്ണുകൊണ്ട് കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചിരുന്നില്ല. എന്നാൽ യാഥാർത്ഥ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. നിന്റെ ജ്ഞാനവും ധനവും ഞാൻ കേട്ട പ്രശസ്തിയേക്കാൾ വളരെ അധികമാകുന്നു.
1 രാജാക്കന്മാർ 10 : 8 (IRVML)
നിന്റെ ജനങ്ങളും നിന്റെ മുമ്പിൽ നിന്ന് എപ്പോഴും ജ്ഞാനം കേൾക്കുന്ന ഈ ഭൃത്യന്മാരും എത്രയോ ഭാഗ്യവാന്മാർ!
1 രാജാക്കന്മാർ 10 : 9 (IRVML)
നിന്നെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുത്തുവാൻ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ട് നീതിയും ന്യായവും നടത്തേണ്ടതിന് നിന്നെ രാജാവാക്കിയിരിക്കുന്നു. ”
1 രാജാക്കന്മാർ 10 : 10 (IRVML)
അവൾ രാജാവിന് നൂറ്റി ഇരുപത് താലന്ത് പൊന്നും അനവധി സുഗന്ധദ്രവ്യങ്ങളും വിലയേറിയ രത്നങ്ങളും കൊടുത്തു; ശെബാരാജ്ഞി ശലോമോൻ രാജാവിന് കൊടുത്തതുപോലെ സുഗന്ധദ്രവ്യങ്ങൾ പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല.
1 രാജാക്കന്മാർ 10 : 11 (IRVML)
ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്ന് പൊന്ന് കൊണ്ടുവന്നതുകൂടാതെ അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.
1 രാജാക്കന്മാർ 10 : 12 (IRVML)
രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും പടികളും സംഗീതക്കാർക്ക് കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ ലഭിച്ചിട്ടില്ല, ആരും കണ്ടിട്ടുമില്ല.
1 രാജാക്കന്മാർ 10 : 13 (IRVML)
ശെബാരാജ്ഞിക്ക് രാജകീയ നിലവാരം അനുസരിച്ച് കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ച് ചോദിച്ചതെല്ലാം ശലോമോൻരാജാവ് അവൾക്ക് കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.
1 രാജാക്കന്മാർ 10 : 14 (IRVML)
ശലോമോന് സഞ്ചാരവ്യാപാരികൾ, കച്ചവടക്കാർ, അറബിരാജാക്കന്മാർ, ദേശാധിപതിമാർ എന്നിവരിൽ നിന്നും ലഭിച്ച വരുമാനം കൂടാതെ,
1 രാജാക്കന്മാർ 10 : 15 (IRVML)
ആണ്ടുതോറും കിട്ടിയിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്റി അറുപത്തി ആറ് താലന്തായിരുന്നു.
1 രാജാക്കന്മാർ 10 : 16 (IRVML)
ശലോമോൻരാജാവ്, അടിച്ചുപരത്തിയ പൊന്ന് കൊണ്ട് ഇരുനൂറ് വൻപരിച ഉണ്ടാക്കി; ഓരോ പരിചക്കും അറുനൂറുശേക്കൽ പൊന്ന് വീതം ചെലവായി.
1 രാജാക്കന്മാർ 10 : 17 (IRVML)
അടിച്ചുപരത്തിയ പൊന്ന് കൊണ്ട് അവൻ മുന്നൂറ് ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറു പരിചക്കും മൂന്ന് മാനേ* മാനേ മാനെ വെള്ളിയും മറ്റും തൂക്കുന്ന അളവ് 60 ശേക്കലാണ് ഒരു മാനേ. ഒരു ശേക്കൽ ഏതാണ്ട് 11.38ഗ്രാം വരും പൊന്ന് വീതം ചെലവായി; അവ രാജാവ് ലെബാനോൻവനഗൃഹത്തിൽ സൂക്ഷിച്ചു.
1 രാജാക്കന്മാർ 10 : 18 (IRVML)
പിന്നെ രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ട് പൊതിഞ്ഞു.
1 രാജാക്കന്മാർ 10 : 19 (IRVML)
സിംഹാസനത്തിന് ആറു പടികൾ ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ മുകൾഭാഗത്തിന്റെ പുറകുവശം വൃത്താകൃതിയിലായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും അതിനരികെ രണ്ട് സിംഹങ്ങളും നിന്നിരുന്നു.
1 രാജാക്കന്മാർ 10 : 20 (IRVML)
ആറ് പടികളിൽ ഇരുവശങ്ങളിലുമായി പന്ത്രണ്ട് സിംഹങ്ങൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇപ്രകാരം ഉണ്ടാക്കിയിരുന്നില്ല.
1 രാജാക്കന്മാർ 10 : 21 (IRVML)
ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻവനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ശലോമോന്റെ കാലത്ത് വെള്ളി വിലയില്ലാത്ത വസ്തുവായി കണക്കാക്കിയിരുന്നതിനാൽ ഉപകരണങ്ങളൊന്നും വെള്ളിയിൽ തീർത്തിരുന്നില്ല.
1 രാജാക്കന്മാർ 10 : 22 (IRVML)
ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന് സമുദ്രത്തിൽ കച്ചവടക്കപ്പലുകൾ ഉണ്ടായിരുന്നു; അവ മൂന്ന് സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നിരുന്നു.
1 രാജാക്കന്മാർ 10 : 23 (IRVML)
അങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ച് ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
1 രാജാക്കന്മാർ 10 : 24 (IRVML)
ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന് സകലദേശക്കാരും അവന്റെ സാന്നിദ്ധ്യം അന്വേഷിച്ചുവന്നു.
1 രാജാക്കന്മാർ 10 : 25 (IRVML)
അവർ ആണ്ടുതോറും കാഴ്ചവസ്തുക്കളായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
1 രാജാക്കന്മാർ 10 : 26 (IRVML)
ശലോമോൻ രഥങ്ങളെയും കുതിരപ്പടയാളികളേയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്ത്രണ്ടായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
1 രാജാക്കന്മാർ 10 : 27 (IRVML)
രാജാവ് യെരൂശലേമിൽ വെള്ളിയെ കല്ലുപോലെ സുലഭവും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരം പോലെ സമൃദ്ധവുമാക്കി.
1 രാജാക്കന്മാർ 10 : 28 (IRVML)
ഈജിപ്റ്റിൽ നിന്നും ഇറക്കുമതി ചെയ്ത കുതിരകൾ ശലോമോന് ഉണ്ടായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ അപ്പോഴത്തെ വിലനിലവാരം അനുസരിച്ച് വാങ്ങിക്കൊണ്ടുവന്നിരുന്നു.
1 രാജാക്കന്മാർ 10 : 29 (IRVML)
ഈജിപ്റ്റിൽ നിന്ന് ഇറക്കുമതി ചെയ്ത രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കൽ വെള്ളിയായിരുന്നു വില; പ്രതിനിധികൾ മുഖേന ഹിത്യരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും അത് അവർ കയറ്റുമതി ചെയ്ത് കൊടുത്തിരുന്നു.
❮
❯