1 രാജാക്കന്മാർ 14 : 1 (IRVML)
ആ കാലത്ത് യൊരോബെയാമിന്റെ മകൻ അബീയാവ് രോഗിയായി കിടപ്പിലായി.
1 രാജാക്കന്മാർ 14 : 2 (IRVML)
യൊരോബെയാം തന്റെ ഭാര്യയോട്: “നീ യൊരോബെയാമിന്റെ ഭാര്യ എന്ന് ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്ക് പോകേണം; ‘ഈ ജനത്തിന് ഞാൻ രാജാവാകും’ എന്ന് എന്നോട് പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ.
1 രാജാക്കന്മാർ 14 : 3 (IRVML)
നിന്റെ കയ്യിൽ പത്ത് അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്റെ അടുക്കൽ ചെല്ലുക; കുട്ടിയുടെ കാര്യം എന്താകും എന്ന് അവൻ നിന്നെ അറിയിക്കും ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 14 : 4 (IRVML)
യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ട് ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർദ്ധക്യം നിമിത്തം കണ്ണ് മങ്ങിയിരിരുന്നതുകൊണ്ട് കാണ്മാൻ കഴിയാതെയിരുന്നു.
1 രാജാക്കന്മാർ 14 : 5 (IRVML)
എന്നാൽ യഹോവ അഹീയാവിനോട്: ‘യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ച് നിന്നോട് ചോദിപ്പാൻ വരുന്നു; അവൻ രോഗിയായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്ത് വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും’ എന്ന് അരുളിച്ചെയ്തു.
1 രാജാക്കന്മാർ 14 : 6 (IRVML)
അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവ് കേട്ടിട്ട് പറഞ്ഞത്: യൊരോബെയാമിന്റെ ഭാര്യയേ, അകത്ത് വരിക; നീ ഒരു അന്യസ്ത്രീ എന്ന് അഭിനയിക്കുന്നത് എന്തിന്? അശുഭവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്ക് നിയോഗം ഉണ്ട്.
1 രാജാക്കന്മാർ 14 : 7 (IRVML)
നീ ചെന്ന് യൊരോബെയാമിനോട് പറയേണ്ടത് : “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജനത്തിന്റെ ഇടയിൽനിന്ന് നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കി.
1 രാജാക്കന്മാർ 14 : 8 (IRVML)
രാജത്വം ദാവീദ് ഗൃഹത്തിൽനിന്ന് കീറിയെടുത്ത് നിനക്ക് തന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്ക് പ്രസാദമുള്ളതു മാത്രം ചെയ്വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ
1 രാജാക്കന്മാർ 14 : 9 (IRVML)
നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന് നീ അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ പുറന്തള്ളികളഞ്ഞു
1 രാജാക്കന്മാർ 14 : 10 (IRVML)
അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന് അനർത്ഥം വരുത്തി, യൊരോബെയാമിനുള്ള സ്വതന്ത്രനും ദാസനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്ന് ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം അശേഷം മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
1 രാജാക്കന്മാർ 14 : 11 (IRVML)
യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.
1 രാജാക്കന്മാർ 14 : 12 (IRVML)
ആകയാൽ നീ എഴുന്നേറ്റ് വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്ത് ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും.
1 രാജാക്കന്മാർ 14 : 13 (IRVML)
യിസ്രായേലൊക്കെയും അവനെക്കുറിച്ച് വിലപിച്ച് അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ച് അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.
1 രാജാക്കന്മാർ 14 : 14 (IRVML)
യഹോവ തനിക്ക് യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്ന് യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; ഇതാണ് ആ ദിവസം ,അതേ ഇപ്പോൾ തന്നേ!
1 രാജാക്കന്മാർ 14 : 15 (IRVML)
യിസ്രായേൽ അശേരാപ്രതിഷ്ഠകൾ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഞാങ്ങണ ചെടി വെള്ളത്തിൽ ആടുന്നതുപോലെ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്ക് താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്ന് അവരെ പറിച്ചെടുത്ത് നദിക്കക്കരെ ചിതറിച്ചുകളയും.
1 രാജാക്കന്മാർ 14 : 16 (IRVML)
പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
1 രാജാക്കന്മാർ 14 : 17 (IRVML)
അപ്പോൾ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റ് പുറപ്പെട്ട് തിർസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടന്നപ്പോൾ കുട്ടി മരിച്ചു.
1 രാജാക്കന്മാർ 14 : 18 (IRVML)
യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ച് വിലാപം കഴിച്ചു.
1 രാജാക്കന്മാർ 14 : 19 (IRVML)
യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
1 രാജാക്കന്മാർ 14 : 20 (IRVML)
യൊരോബെയാം വാണകാലം ഇരുപത്തിരണ്ട് സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന് പകരം രാജാവായി.
1 രാജാക്കന്മാർ 14 : 21 (IRVML)
ശലോമോന്റെ മകൻ രെഹബെയാം യെഹൂദയിൽ വാണു. അവൻ വാഴ്ച തുടങ്ങിയപ്പോൾ നാല്പത്തൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴ് സംവത്സരം വാണു. അവന്റെ അമ്മ അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു.
1 രാജാക്കന്മാർ 14 : 22 (IRVML)
യെഹൂദാ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി അവർ പാപം ചെയ്ത് യഹോവയെ കോപിപ്പിച്ചു.
1 രാജാക്കന്മാർ 14 : 23 (IRVML)
അവർ ഉയർന്ന കുന്നിന്മേലും പച്ചമരത്തിൻകീഴിലും, പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.
1 രാജാക്കന്മാർ 14 : 24 (IRVML)
ലൈംഗികവൈകൃതവും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ലേച്ഛതകളും അവർ അനുകരിച്ചു.
1 രാജാക്കന്മാർ 14 : 25 (IRVML)
എന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ ഈജിപ്റ്റ് രാജാവായ ശീശക്ക് യെരൂശലേമിനെ ആക്രമിച്ച്,
1 രാജാക്കന്മാർ 14 : 26 (IRVML)
യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങൾ എല്ലാം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി.
1 രാജാക്കന്മാർ 14 : 27 (IRVML)
ഇവയ്ക്ക് പകരം രെഹബെയാംരാജാവ് താമ്രം കൊണ്ട് പരിചകൾ ഉണ്ടാക്കി, രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരെ ഏല്പിച്ചു.
1 രാജാക്കന്മാർ 14 : 28 (IRVML)
രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവ ധരിക്കയും അതിനുശേഷം കാവൽ മുറിയിൽ തിരികെ കൊണ്ടുചെന്ന് വെക്കുകയും ചെയ്യും.
1 രാജാക്കന്മാർ 14 : 29 (IRVML)
രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ?
1 രാജാക്കന്മാർ 14 : 30 (IRVML)
രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 14 : 31 (IRVML)
രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു അവന്റെ അമ്മ. അവന്റെ മകൻ അബീയാം അവന് പകരം രാജാവായി.
❮
❯