1 രാജാക്കന്മാർ 18 : 1 (IRVML)
വളരെ നാൾ കഴിഞ്ഞ് മൂന്നാം സംവത്സരത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ ചെന്ന് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുക; ഞാൻ ഭൂമിയിൽ മഴ പെയ്യിപ്പാൻ പോകുന്നു ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 2 (IRVML)
ഏലീയാവ് ആഹാബിന്റെ മുൻപിൽ പ്രത്യക്ഷപ്പെടുവാൻ പോയി; അപ്പോൾ ശമര്യയിൽ അതികഠിന ക്ഷാമമായിരുന്നു.
1 രാജാക്കന്മാർ 18 : 3 (IRVML)
ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവിനെ ആളയച്ചുവരുത്തി; ഓബദ്യാവ് യഹോവയോട് വളരെ ഭക്തിയുള്ള വ്യക്തിയായിരുന്നു.
1 രാജാക്കന്മാർ 18 : 4 (IRVML)
ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ, ഓബദ്യാവ് നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ട് പോയി ഓരോ ഗുഹയിൽ അമ്പതുപേരെ വീതം ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് രക്ഷിച്ചു.
1 രാജാക്കന്മാർ 18 : 5 (IRVML)
ആഹാബ് ഓബദ്യാവിനോട്: “നീ ദേശത്തെ എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികെ ചെന്ന് നോക്കുക; ഒരുപക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്ക് പുല്ല് കിട്ടുമായിരിക്കും ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 6 (IRVML)
ദേശത്തെ അവർ രണ്ടായി പകുത്തു; ഒരു ദിശയിലേക്ക് ആഹാബും, മറ്റേ ദിശയിലേക്ക് ഓബദ്യാവും യാത്രയായി;
1 രാജാക്കന്മാർ 18 : 7 (IRVML)
ഓബദ്യാവ് യാത്ര ചെയ്യുമ്പോൾ ഏലീയാവ് എതിരെ വരുന്നത് കണ്ടു; ഓബദ്യാവ് അദ്ദേഹത്തെ തിരിച്ചറിഞ്ഞ് സാഷ്ടാംഗം വീണു: “എന്റെ യജമാനനായ ഏലീയാവോ ” എന്ന് ചോദിച്ചു.
1 രാജാക്കന്മാർ 18 : 8 (IRVML)
അവൻ അവനോട്: “അതേ, ഞാൻ തന്നേ; നീ ചെന്ന് ഏലീയാവ് ഇവിടെ ഉണ്ടെന്ന് നിന്റെ യജമാനനെ അറിയിക്കുക” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 9 (IRVML)
അതിന് ഓബദ്യാവ് പറഞ്ഞത്: “അടിയനെ കൊല്ലേണ്ടതിന് ആഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്ത് പാപം ചെയ്തു?
1 രാജാക്കന്മാർ 18 : 10 (IRVML)
നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജനതയോ രാജ്യമോ ഇല്ല; ‘നീ അവിടെ ഇല്ല’ എന്ന് അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജനതയെയുംകൊണ്ട് ‘നിന്നെ കണ്ടിട്ടില്ല’ എന്ന് സത്യം ചെയ്യിച്ചു.
1 രാജാക്കന്മാർ 18 : 11 (IRVML)
ഇങ്ങനെയിരിക്കെ ‘ഏലീയാവ് ഇവിടെ ഉണ്ടെന്ന് എന്റെ യജമാനനെ അറിയിക്ക’ എന്ന് നീ കല്പിക്കുന്നുവല്ലോ.
1 രാജാക്കന്മാർ 18 : 12 (IRVML)
ഞാൻ നിന്നെ വിട്ടുപോയാൽ ഉടനെ യഹോവയുടെ ആത്മാവ് നിന്നെ എടുത്ത് ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടുപോകും; ഞാൻ ആഹാബിനോട് ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ വരികയും ചെയ്താൽ, അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.
1 രാജാക്കന്മാർ 18 : 13 (IRVML)
ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊന്നപ്പോൾ, ഞാൻ അവരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് രക്ഷിച്ചത് യജമാനൻ അറിഞ്ഞിട്ടില്ലയോ?
1 രാജാക്കന്മാർ 18 : 14 (IRVML)
ഇപ്പോൾ നീ എന്നോട്: ‘ഏലീയാവ് ഇവിടെ ഉണ്ടെന്ന് നിന്റെ യജമാനനെ അറിയിക്ക’ എന്ന് കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ”.
1 രാജാക്കന്മാർ 18 : 15 (IRVML)
അതിന് ഏലീയാവ്: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്ന് തീർച്ചയായും അവന്റെ മുൻപിൽ പ്രത്യക്ഷനാകും ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 16 (IRVML)
അങ്ങനെ ഓബദ്യാവ് ആഹാബിനെ കണ്ട് വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവിനെ കാണ്മാൻ ചെന്നു.
1 രാജാക്കന്മാർ 18 : 17 (IRVML)
ആഹാബ് ഏലീയാവിനെ കണ്ടപ്പോൾ : “ആരിത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ” എന്ന് ചോദിച്ചു.
1 രാജാക്കന്മാർ 18 : 18 (IRVML)
അതിന് ഏലിയാവ്: “യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നത് ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്യുന്നതുകൊണ്ട് തന്നേ.
1 രാജാക്കന്മാർ 18 : 19 (IRVML)
എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക”
1 രാജാക്കന്മാർ 18 : 20 (IRVML)
അങ്ങനെ ആഹാബ് യിസ്രായേലിൽ എല്ലാം ആളയച്ച്, ആ പ്രവാചകന്മാരെ കർമ്മേൽ പർവ്വതത്തിൽ കൂട്ടിവരുത്തി.
1 രാജാക്കന്മാർ 18 : 21 (IRVML)
അപ്പോൾ ഏലീയാവ് അടുത്തുചെന്ന് സർവ്വജനത്തോടും: “നിങ്ങൾ എത്രത്തോളം അഭിപ്രായ സ്ഥിരതയില്ലാത്തവരായി രണ്ട് തോണിയിൽ കാൽ വെക്കും? യഹോവ ദൈവം എങ്കിൽ അവിടുത്തെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ പിൻപറ്റുവിൻ ” എന്ന് പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.
1 രാജാക്കന്മാർ 18 : 22 (IRVML)
പിന്നെ ഏലീയാവ് ജനത്തോട് പറഞ്ഞത്: “യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്.
1 രാജാക്കന്മാർ 18 : 23 (IRVML)
ഞങ്ങൾക്ക് രണ്ട് കാളകളെ തരുവിൻ; ഒരു കാളയെ അവർ തിരഞ്ഞെടുത്ത് ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;
1 രാജാക്കന്മാർ 18 : 24 (IRVML)
നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമായിരിക്കും”; അതിന് ജനം എല്ലാം:
1 രാജാക്കന്മാർ 18 : 25 (IRVML)
‘അത് നല്ലകാര്യം തന്നെ’ എന്ന് ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവ് ബാലിന്റെ പ്രവാചകന്മാരോട്: “നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ട് തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 26 (IRVML)
അങ്ങനെ അവർക്ക് കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി: ‘ബാലേ, ഉത്തരമരുളേണമേ’ എന്ന് രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന് ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
1 രാജാക്കന്മാർ 18 : 27 (IRVML)
ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ തിരക്കിലായിരിക്കാം; അല്ലെങ്കിൽ ധ്യാനത്തിലോ ,യാത്രയിലോ, ഉറക്കത്തിലോ ആയിരിക്കാം; അവനെ ഉണർത്തേണം” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 28 (IRVML)
അവർ ഉറക്കെ വിളിച്ച് പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
1 രാജാക്കന്മാർ 18 : 29 (IRVML)
മദ്ധ്യാഹ്നം കഴിഞ്ഞ് വൈകുന്നേരത്തെ യാഗം കഴിക്കുന്ന സമയംവരെ അവർ ഇത് തുടർന്നുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ പ്രതികരണമോ ഉണ്ടായില്ല.
1 രാജാക്കന്മാർ 18 : 30 (IRVML)
അപ്പോൾ ഏലീയാവ്: ‘എന്റെ അടുക്കൽ വരുവിൻ എന്ന് സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
1 രാജാക്കന്മാർ 18 : 31 (IRVML)
‘നിനക്ക് യിസ്രായേൽ എന്ന് പേരാകും’ എന്ന് യഹോവയുടെ അരുളപ്പാട് ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ട് കല്ല് എടുത്തു;
1 രാജാക്കന്മാർ 18 : 32 (IRVML)
കല്ലുകൊണ്ട് യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്ത് വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോട് ഉണ്ടാക്കി.
1 രാജാക്കന്മാർ 18 : 33 (IRVML)
പിന്നെ അവൻ വിറക് അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻമീതെ വെച്ചു; ‘നാല് തൊട്ടിയിൽ വെള്ളം നിറെച്ച് ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ’ എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 34 (IRVML)
‘രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ’ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: ‘മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ’ എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.
1 രാജാക്കന്മാർ 18 : 35 (IRVML)
വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു.
1 രാജാക്കന്മാർ 18 : 36 (IRVML)
വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്ത്, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, അവിടുന്ന് യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്ന് വെളിപ്പെടുമാറാകട്ടെ.
1 രാജാക്കന്മാർ 18 : 37 (IRVML)
യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്ന് തന്നേ ദൈവം എന്നും അവിടുന്ന് തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്ക് തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 38 (IRVML)
ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ച് തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
1 രാജാക്കന്മാർ 18 : 39 (IRVML)
ജനം എല്ലാം അത് കണ്ട് കവിണ്ണുവീണ്: ‘യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം’ എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 40 (IRVML)
ഏലീയാവ് അവരോട്: “ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത് ” എന്ന് പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്ന് അവിടെവെച്ച് കൊന്നുകളഞ്ഞു.
1 രാജാക്കന്മാർ 18 : 41 (IRVML)
പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്ന് ഭക്ഷിച്ച് പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട് ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 42 (IRVML)
ആഹാബ് ഭക്ഷിച്ച് പാനം ചെയ്യേണ്ടതിന് പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ച് കുനിഞ്ഞിരുന്നു; അവൻ തന്റെ ബാല്യക്കാരനോട്:
1 രാജാക്കന്മാർ 18 : 43 (IRVML)
“നീ ചെന്ന് കടലിന് നേരെ നോക്കുക ” എന്ന് പറഞ്ഞു. അവൻ ചെന്ന് നോക്കീട്ട്: ‘ഒന്നും ഇല്ല’ എന്ന് പറഞ്ഞു. അതിന് അവൻ : ‘വീണ്ടും ചെല്ലുക’ എന്ന് ഏഴുപ്രാവശ്യം പറഞ്ഞു.
1 രാജാക്കന്മാർ 18 : 44 (IRVML)
ഏഴാം പ്രാവശ്യമോ അവൻ: ‘ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു’ എന്ന് പറഞ്ഞു. അതിന് അവൻ: “നീ ചെന്ന് ‘മഴ നിന്നെ തടഞ്ഞുനിർത്താതിരിക്കേണ്ടതിന് രഥം പൂട്ടി ഇറങ്ങിപ്പോകാൻ’ ആഹാബിനോട് പറയുക ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 18 : 45 (IRVML)
ഉടനെ ആകാശം മേഘങ്ങൾ കൊണ്ട് കറുത്ത് വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്ക് പോയി.
1 രാജാക്കന്മാർ 18 : 46 (IRVML)
എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കി യിസ്രായേലിൽ എത്തുംവരെ ആഹാബിന് മുമ്പായി ഓടി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46