1 രാജാക്കന്മാർ 19 : 1 (IRVML)
ഏലീയാവ് ചെയ്ത സകല കാര്യങ്ങളും അവൻ സകലപ്രവാചകന്മാരെയും വാളാൽ കൊന്നതും ആഹാബ് ഈസേബെലിനോട് പറഞ്ഞു.
1 രാജാക്കന്മാർ 19 : 2 (IRVML)
ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ച്: ‘നാളെ ഈ നേരത്ത് ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ’ എന്ന് പറയിച്ചു.
1 രാജാക്കന്മാർ 19 : 3 (IRVML)
അവൻ ഭയപ്പെട്ട് പ്രാണരക്ഷാർത്ഥം ഓടി യെഹൂദയിലെ ബേർ-ശേബയിൽ ചെന്നു; അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.
1 രാജാക്കന്മാർ 19 : 4 (IRVML)
പിന്നീട് താൻ മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ച് : “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ! ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 19 : 5 (IRVML)
അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി വിളിച്ച് അവനോട്: ‘എഴുന്നേറ്റ് തിന്നുക’ എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 19 : 6 (IRVML)
അവൻ ഉണർന്ന് നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തന്റെ തലെക്കൽ ഇരിക്കുന്നത് കണ്ടു; അവൻ തിന്നുകുടിച്ച് പിന്നെയും കിടന്നുറങ്ങി.
1 രാജാക്കന്മാർ 19 : 7 (IRVML)
യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യവും വന്ന് അവനെ തട്ടി: ‘എഴുന്നേറ്റ് തിന്നുക; നിനക്ക് ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ’ എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 19 : 8 (IRVML)
അവൻ എഴുന്നേറ്റ് തിന്ന് കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പത് പകലും നാല്പത് രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ നടന്നു.
1 രാജാക്കന്മാർ 19 : 9 (IRVML)
അവിടെ അവൻ ഒരു ഗുഹയിൽ രാപാർത്തു; അപ്പോൾ അവന് യഹോവയുടെ അരുളപ്പാടുണ്ടായി: “ഏലീയാവേ, ഇവിടെ നിനക്ക് എന്ത് കാര്യം” എന്ന് യഹോവ ചോദിച്ചു.
1 രാജാക്കന്മാർ 19 : 10 (IRVML)
അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്ക് വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ അങ്ങയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ച് അങ്ങയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻമാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 19 : 11 (IRVML)
“നീ പുറത്തുവന്ന് പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക” എന്ന് യഹോവ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന് ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.
1 രാജാക്കന്മാർ 19 : 12 (IRVML)
ഭൂകമ്പത്തിനു ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം ശാന്തമായ ഒരു മൃദുസ്വരം ഉണ്ടായി.
1 രാജാക്കന്മാർ 19 : 13 (IRVML)
ഏലീയാവ് അത് കേട്ടിട്ട് തന്റെ പുതപ്പുകൊണ്ട് മുഖം മൂടി പുറത്ത് വന്ന് ഗുഹാമുഖത്ത് നിന്നു.“ ഏലീയാവേ, ഇവിടെ നീ എന്തു ചെയ്യുന്നു എന്ന് ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.
1 രാജാക്കന്മാർ 19 : 14 (IRVML)
അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്ക് വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ അങ്ങയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ച്, അങ്ങയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 19 : 15 (IRVML)
യഹോവ അവനോട് അരുളിച്ചെയ്തത്: “നീ പുറപ്പെട്ട് ദമാസ്കസിലെ മരുഭൂമിവഴിയെ മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന് രാജാവായി അഭിഷേകം ചെയ്ക.
1 രാജാക്കന്മാർ 19 : 16 (IRVML)
നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്ക് പകരം പ്രവാചകനായി അഭിഷേകം ചെയ്കയും വേണം.
1 രാജാക്കന്മാർ 19 : 17 (IRVML)
ഹസായേലിന്റെ വാളിന് തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിന് തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.
1 രാജാക്കന്മാർ 19 : 18 (IRVML)
എന്നാൽ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു”.
1 രാജാക്കന്മാർ 19 : 19 (IRVML)
അങ്ങനെ അവൻ അവിടെനിന്ന് പുറപ്പെട്ട് സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ അവൻ തന്നേ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്ന് തന്റെ പുതപ്പ് അവന്റെ മേൽ ഇട്ടു.
1 രാജാക്കന്മാർ 19 : 20 (IRVML)
അവൻ കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ‘ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം’എന്ന് പറഞ്ഞു. അതിന് അവൻ: ‘പോയി വരിക; എന്നാൽ ഞാൻ നിനക്ക് എന്ത് ചെയ്തിരിക്കുന്നു എന്നോർക്ക’ എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 19 : 21 (IRVML)
അങ്ങനെ അവൻ അവനെ വിട്ട് ചെന്ന് ഒരു ഏർ കാളയെ പിടിച്ച് അറുത്ത് കാളയുടെ മരത്തടി കൊണ്ട് മാംസം പാകം ചെയ്ത് ജനത്തിന് കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവന് ശുശ്രൂഷകനായ്തീർന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21