1 രാജാക്കന്മാർ 21 : 1 (IRVML)
അതിന്റെശേഷം യിസ്രെയേല്യനായ നാബോത്തിന് യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 21 : 2 (IRVML)
ആഹാബ് നാബോത്തിനോട്: “നിന്റെ മുന്തിരിത്തോട്ടം എന്റെ അരമനക്ക് സമീപം ആകയാൽ എനിക്ക് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തരേണം; അതിന് പകരമായി അതിനെക്കാൾ വിശേഷമായ മുന്തിരിത്തോട്ടം നിനക്ക് തരാം; അല്ല, നിനക്ക് സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്ക് പണമായിട്ട് തരാം” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 21 : 3 (IRVML)
നാബോത്ത് ആഹാബിനോട്: “എന്റെ പിതാക്കന്മാരുടെ അവകാശം നിനക്ക് തരുവാൻ യഹോവ സംഗതിവരുത്തരുതേ ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 21 : 4 (IRVML)
യിസ്രെയേല്യനായ നാബോത്ത്: ‘എന്റെ പിതാക്കന്മാരുടെ സ്വത്ത് അവകാശം ഞാൻ നിനക്ക് തരികയില്ല’ എന്ന് പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ട് തന്റെ അരമനയിൽ ചെന്ന് ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ച് കിടന്നു.
1 രാജാക്കന്മാർ 21 : 5 (IRVML)
അപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവനോട് : “ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത് ” എന്ന് അവനോട് ചോദിച്ചു.
1 രാജാക്കന്മാർ 21 : 6 (IRVML)
അവൻ അവളോട്: “ഞാൻ യിസ്രെയേല്യനായ നാബോത്തിനോട്: ‘നിന്റെ മുന്തിരിത്തോട്ടം എനിക്ക് വിലെക്ക് തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിന് പകരം വേറെ മുന്തിരിത്തോട്ടം ഞാൻ നിനക്ക് തരാം’ എന്ന് പറഞ്ഞു; എന്നാൽ അവൻ: ‘ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്ക് തരികയില്ല’ എന്ന് പറഞ്ഞതിനാൽ തന്നെ ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 21 : 7 (IRVML)
അവന്റെ ഭാര്യ ഈസേബെൽ അവനോട്: “നീ ഇന്ന് യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവല്ലോ? എഴുന്നേറ്റ് ഭക്ഷണംകഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 21 : 8 (IRVML)
അങ്ങനെ അവൾ ആഹാബിന്റെ പേരിൽ എഴുത്ത് എഴുതി അവന്റെ മുദ്രയും പതിച്ചു, നാബോത്തിന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു.
1 രാജാക്കന്മാർ 21 : 9 (IRVML)
എഴുത്തിൽ അവൾ എഴുതിയിരുന്നത്: “നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്ത് ഇരുത്തേണം.
1 രാജാക്കന്മാർ 21 : 10 (IRVML)
നീചന്മാരായ രണ്ട് പേരെ അവനെതിരെ ഇരുത്തേണം. ‘അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു’ എന്ന് അവന് വിരോധമായി സാക്ഷ്യം പറയിക്കേണം; പിന്നെ നിങ്ങൾ അവനെ പുറത്ത് കൊണ്ടുചെന്ന് കല്ലെറിഞ്ഞ് കൊല്ലേണം”.
1 രാജാക്കന്മാർ 21 : 11 (IRVML)
അവന്റെ പട്ടണത്തിലെ മൂപ്പന്മാരും പ്രഭുക്കന്മാരും ഈസേബെൽ പറഞ്ഞതുപോലെയും അവൾ കൊടുത്തയച്ച എഴുത്തിൻപ്രകാരവും ചെയ്തു.
1 രാജാക്കന്മാർ 21 : 12 (IRVML)
അവർ ഉപവാസം പ്രസിദ്ധംചെയ്ത്, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.
1 രാജാക്കന്മാർ 21 : 13 (IRVML)
രണ്ട് നീചന്മാർ വന്ന് അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിന് വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു.
1 രാജാക്കന്മാർ 21 : 14 (IRVML)
‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് അവർ ഈസേബെലിനെ വിവരം അറിയിച്ചു.
1 രാജാക്കന്മാർ 21 : 15 (IRVML)
‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോട്: “നീ എഴുന്നേറ്റ് നിനക്കു വിലെക്ക് തരുവാൻ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 21 : 16 (IRVML)
‘നാബോത്ത് മരിച്ചു’ എന്ന് കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റ് യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയി.
1 രാജാക്കന്മാർ 21 : 17 (IRVML)
എന്നാൽ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിനുണ്ടായത്:
1 രാജാക്കന്മാർ 21 : 18 (IRVML)
“നീ എഴുന്നേറ്റ് ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ ചെന്ന് കാണുക; ഇപ്പോൾ അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയിരിക്കുന്നു.
1 രാജാക്കന്മാർ 21 : 19 (IRVML)
നീ അവനോട്: “നീ കൊലപ്പെടുത്തുകയും കൈവശമാക്കുകയും ചെയ്തുവോ ? എന്ന് യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവെച്ച് തന്നേ നിന്റെ രക്തവും നക്കിക്കളയും എന്ന് യഹോവ കല്പിക്കുന്നു ” എന്ന് പറക.
1 രാജാക്കന്മാർ 21 : 20 (IRVML)
ആഹാബ് ഏലീയാവിനോട്: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?” എന്ന് പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായത് ചെയ്വാൻ നീ നിന്നെത്തന്നെ വിറ്റുകളഞ്ഞതുകൊണ്ട്
1 രാജാക്കന്മാർ 21 : 21 (IRVML)
ഞാൻ നിന്റെ മേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്റെ സ്വതന്ത്രനും ദാസനുമായ എല്ലാ പുരുഷപ്രജയെയും ഞാൻ ഛേദിച്ചുകളയും.
1 രാജാക്കന്മാർ 21 : 22 (IRVML)
നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്തതുകൊണ്ട് ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകൻ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
1 രാജാക്കന്മാർ 21 : 23 (IRVML)
ഈസേബെലിനെക്കുറിച്ച് യഹോവ അരുളിച്ചെയ്തത്: ‘നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ച് തിന്നുകളയും.
1 രാജാക്കന്മാർ 21 : 24 (IRVML)
ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും’.
1 രാജാക്കന്മാർ 21 : 25 (IRVML)
എന്നാൽ തന്റെ ഭാര്യയായ ഈസെബേലിന്റെ പ്രേരണയാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുവാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല.
1 രാജാക്കന്മാർ 21 : 26 (IRVML)
യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെ അവൻ വിഗ്രഹങ്ങളെ സേവിച്ച് മഹാമ്ലേച്ഛത പ്രവർത്തിച്ചു.
1 രാജാക്കന്മാർ 21 : 27 (IRVML)
ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ച്, രട്ടിൽ തന്നേ കിടക്കുകയും വിലാപം കഴിക്കയും ചെയ്തു.
1 രാജാക്കന്മാർ 21 : 28 (IRVML)
അപ്പോൾ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിന് ഉണ്ടായത്:
1 രാജാക്കന്മാർ 21 : 29 (IRVML)
“ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട് ഞാൻ അവന്റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനർത്ഥം വരുത്തും ” എന്ന് കല്പിച്ചു.
❮
❯