1 രാജാക്കന്മാർ 3 : 1 (IRVML)
അനന്തരം ശലോമോൻ ഈജിപ്റ്റിലെ രാജാവായ ഫറവോനുമായി സംബന്ധം കൂടി, അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലും പണിതുതീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു.
1 രാജാക്കന്മാർ 3 : 2 (IRVML)
എന്നാൽ ആ കാലം വരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയപ്പെട്ടിരുന്നില്ല; അതുകൊണ്ട് ജനം പൂജാഗിരികളിൽവെച്ച് യാഗം കഴിച്ചുപോന്നു.
1 രാജാക്കന്മാർ 3 : 3 (IRVML)
ശലോമോൻ യഹോവയെ സ്നേഹിച്ച്, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു; എങ്കിലും അവൻ പൂജാഗിരികളിൽവെച്ച് യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
1 രാജാക്കന്മാർ 3 : 4 (IRVML)
രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.
1 രാജാക്കന്മാർ 3 : 5 (IRVML)
ഗിബെയോനിൽവെച്ച് യഹോവ രാത്രിയിൽ ശലോമോന് സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്കു എന്തു വേണമെന്ന് ചോദിച്ചുകൊൾക” എന്ന് ദൈവം അരുളിച്ചെയ്തു.
1 രാജാക്കന്മാർ 3 : 6 (IRVML)
അതിന് ശലോമോൻ മറുപടി പറഞ്ഞത് : “എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ അങ്ങയുടെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം അങ്ങ് അവന് വലിയ കൃപ ചെയ്തു; ഈ വലിയ കൃപ തുടരുകയും, ഇന്ന് അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
1 രാജാക്കന്മാർ 3 : 7 (IRVML)
എന്റെ ദൈവമായ യഹോവേ, അങ്ങ് അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന് പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; ചുമതലകൾ നിറവേറ്റുവാൻ എനിക്ക് അറിവില്ല.
1 രാജാക്കന്മാർ 3 : 8 (IRVML)
അങ്ങ് തെരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.
1 രാജാക്കന്മാർ 3 : 9 (IRVML)
ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തിന് ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?”.
1 രാജാക്കന്മാർ 3 : 10 (IRVML)
ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിന് പ്രസാദമായി.
1 രാജാക്കന്മാർ 3 : 11 (IRVML)
ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം മാത്രം അപേക്ഷിച്ചതുകൊണ്ട്
1 രാജാക്കന്മാർ 3 : 12 (IRVML)
ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാൻ നിനക്ക് തന്നിരിക്കുന്നു; നിനക്ക് സമനായവൻ നിനക്ക് മുമ്പുണ്ടായിട്ടില്ല; നിന്റെ ശേഷം ഉണ്ടാകയും ഇല്ല.
1 രാജാക്കന്മാർ 3 : 13 (IRVML)
കൂടാതെ, നീ അപേക്ഷിക്കാത്ത സമ്പത്തും മഹത്വവും ഞാൻ നിനക്ക് തന്നിരിക്കുന്നു; അതിനാൽ നിന്റെ ജീവകാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്ക് സമനാകയില്ല.
1 രാജാക്കന്മാർ 3 : 14 (IRVML)
നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്ക് ദീർഘായുസ്സും തരും.
1 രാജാക്കന്മാർ 3 : 15 (IRVML)
ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അത് സ്വപ്നം എന്ന് മനസ്സിലായി. പിന്നെ അവൻ യെരൂശലേമിലേക്ക് മടങ്ങിവന്ന് യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും തന്റെ സകലഭൃത്യന്മാർക്കും ഒരു വിരുന്ന് കഴിക്കുകയും ചെയ്തു.
1 രാജാക്കന്മാർ 3 : 16 (IRVML)
അനന്തരം വേശ്യമാരായ രണ്ട് സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്ന് അവന്റെ മുമ്പാകെ നിന്നു.
1 രാജാക്കന്മാർ 3 : 17 (IRVML)
അവരിൽ ഒരാൾ പറഞ്ഞത്: “തമ്പുരാനെ, അടിയനും ഇവളും ഒരേ വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ച് ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
1 രാജാക്കന്മാർ 3 : 18 (IRVML)
ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചാണ് താമസിച്ചിരുന്നത്; ഞങ്ങൾ ഇരുവരും അല്ലാതെ ആ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
1 രാജാക്കന്മാർ 3 : 19 (IRVML)
എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ അറിയാതെ കിടന്നതിനാൽ അവൻ മരിച്ചു പോയി.
1 രാജാക്കന്മാർ 3 : 20 (IRVML)
അവൾ അർദ്ധരാത്രി എഴുന്നേറ്റ്, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ മകനെ എടുത്ത് അവളുടെ മാർവ്വിടത്തിലും അവളുടെ മരിച്ച മകനെ അടിയന്റെ മാർവ്വിടത്തിലും കിടത്തി.
1 രാജാക്കന്മാർ 3 : 21 (IRVML)
രാവിലെ കുഞ്ഞിന് മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടു; നേരം വെളുത്തശേഷം അടിയൻ സൂക്ഷിച്ചുനോക്കിയപ്പോൾ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല എന്ന് മനസ്സിലായി.
1 രാജാക്കന്മാർ 3 : 22 (IRVML)
അതിന് മറ്റെ സ്ത്രീ: “അങ്ങനെയല്ല; ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചത് നിന്റെ കുഞ്ഞ് ” എന്ന് പറഞ്ഞു. : ആദ്യത്തെ സ്ത്രീ : “മരിച്ചത് നിന്റെ കുഞ്ഞ്; ജീവനുള്ളത് എന്റെ കുഞ്ഞ് ” എന്ന് പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.
1 രാജാക്കന്മാർ 3 : 23 (IRVML)
അപ്പോൾ രാജാവ് കല്പിച്ചത്: “ജീവനുള്ളത് എന്റെ കുഞ്ഞ്, മരിച്ചത് നിന്റെ കുഞ്ഞ് എന്ന് ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചത് നിന്റെ കുഞ്ഞ്, ജീവനുള്ളത് എന്റെ കുഞ്ഞ് എന്ന് അവളും പറയുന്നു.
1 രാജാക്കന്മാർ 3 : 24 (IRVML)
ഒരു വാൾ കൊണ്ടുവരുവിൻ ” എന്ന് രാജാവ് കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.
1 രാജാക്കന്മാർ 3 : 25 (IRVML)
അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്ന് പാതി ഒരുത്തിക്കും പാതി മറ്റവൾക്കും കൊടുപ്പിൻ എന്ന് കല്പിച്ചു.
1 രാജാക്കന്മാർ 3 : 26 (IRVML)
ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആർദ്രസ്നേഹത്താൽ നിറഞ്ഞ്, രാജാവിനോട്: “അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്ക് കൊടുത്തുകൊൾവിൻ ” എന്ന് പറഞ്ഞു. മറ്റേവളോ: “എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ” എന്ന് പറഞ്ഞു.
1 രാജാക്കന്മാർ 3 : 27 (IRVML)
അപ്പോൾ രാജാവ്: “ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; ആദ്യത്തെ സ്ത്രീ തന്നെയാണ് അതിന്റെ അമ്മ; കുഞ്ഞിനെ അവൾക്ക് കൊടുപ്പിൻ ” എന്ന് കല്പിച്ചു.
1 രാജാക്കന്മാർ 3 : 28 (IRVML)
രാജാവ് കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‌വാൻ ദൈവികജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ട് എന്ന് മനസ്സിലാക്കി അവനെ ഭയപ്പെട്ടു.
❮
❯