1 രാജാക്കന്മാർ 6 : 1 (IRVML)
യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ നാനൂറ്റി എൺപതാം ആണ്ടിൽ, ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിയുവാൻ തുടങ്ങി.
1 രാജാക്കന്മാർ 6 : 2 (IRVML)
ശലോമോൻരാജാവ് യഹോവയ്ക്ക് പണിത ആലയം അറുപത് മുഴം നീളവും ഇരുപത് മുഴം വീതിയും മുപ്പത് മുഴം ഉയരവും ഉള്ളതായിരുന്നു
1 രാജാക്കന്മാർ 6 : 3 (IRVML)
മന്ദിരത്തിന്റെ പൂമുഖം ആലയവീതിക്ക് തുല്യമായി ഇരുപത് മുഴം നീളവും ആലയത്തിന്റെ മുൻവശത്ത് നിന്ന് പത്ത് മുഴം വീതിയിൽ പുറത്തേക്ക് ഇറങ്ങിയും നിന്നിരുന്നു.
1 രാജാക്കന്മാർ 6 : 4 (IRVML)
അവൻ ആലയത്തിന് ചരിഞ്ഞ ചട്ടക്കൂടുള്ള കിളിവാതിലുകളും ഉണ്ടാക്കി.
1 രാജാക്കന്മാർ 6 : 5 (IRVML)
മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോട് ചേർത്ത് ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിത് അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.
1 രാജാക്കന്മാർ 6 : 6 (IRVML)
അറയുടെ താഴത്തെ നിലക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറ് മുഴവും മൂന്നാമത്തേതിന് ഏഴ് മുഴവും വീതിയുണ്ടായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്ത് തുളച്ച് ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമെ വീതി കുറഞ്ഞ തട്ടുകൾ പണിതു.
1 രാജാക്കന്മാർ 6 : 7 (IRVML)
വെട്ടുകുഴിയിൽവെച്ച് തന്നേ കുറവുതീർത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അത് പണിയുന്ന സമയത്ത് ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധങ്ങളുടേയും ശബ്ദം ആലയത്തിൽ കേൾപ്പാനില്ലായിരുന്നു.
1 രാജാക്കന്മാർ 6 : 8 (IRVML)
താഴത്തെ നിലയിലെ പുറവാരത്തിന്റെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്ത് ആയിരുന്നു; ഗോവണിയിൽ കൂടെ നടുവിലത്തെ പുറവാരത്തിലേക്കും നടുവിലത്തേതിൽ നിന്ന് മൂന്നാമത്തെ പുറവാരത്തിലേക്കും പ്രവേശിക്കാമായിരുന്നു.
1 രാജാക്കന്മാർ 6 : 9 (IRVML)
അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരു കൊണ്ട് തുലാങ്ങളും പലകകളും തീർത്ത് ആലയത്തിന് മച്ചിട്ടു.
1 രാജാക്കന്മാർ 6 : 10 (IRVML)
ആലയത്തിന്റെ ചുറ്റും അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ അറകൾ പണിത്, ദേവദാരുത്തുലാങ്ങൾകൊണ്ട് ആലയത്തോട് ബന്ധിച്ചു.
1 രാജാക്കന്മാർ 6 : 11 (IRVML)
ശലോമോന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്:
1 രാജാക്കന്മാർ 6 : 12 (IRVML)
നീ പണിയുന്ന ഈ ആലയത്തെക്കുറിച്ച് : നീ എന്റെ ചട്ടങ്ങളെ ആചരിച്ച് എന്റെ വിധികളെ അനുസരിച്ച് എന്റെ കല്പനകളൊക്കെയും പ്രമാണിച്ച് നടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും.
1 രാജാക്കന്മാർ 6 : 13 (IRVML)
ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.
1 രാജാക്കന്മാർ 6 : 14 (IRVML)
അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.
1 രാജാക്കന്മാർ 6 : 15 (IRVML)
അവൻ ആലയത്തിന്റെ ചുവരിന്റെ അകവശം ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മുകൾത്തട്ട് വരെ അകത്തെ വശം മരംകൊണ്ട് പൊതിഞ്ഞു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ട് പാകിയുറപ്പിച്ചു.
1 രാജാക്കന്മാർ 6 : 16 (IRVML)
ആലയത്തിന്റെ പിൻവശം ഇരുപത് മുഴം നീളത്തിൽ തറ മുതൽ മേൽത്തട്ട് വരെ ദേവദാരുപ്പലകകൊണ്ട് പണിതു: ഇങ്ങനെ അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതു.
1 രാജാക്കന്മാർ 6 : 17 (IRVML)
അന്തർമ്മന്ദിരത്തിന്റെ മുൻഭാഗത്തെ മന്ദിരമായ ആലയത്തിന് നാല്പത് മുഴം നിളമുണ്ടായിരുന്നു.
1 രാജാക്കന്മാർ 6 : 18 (IRVML)
ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരു കൊണ്ട് മൊട്ടുകളും വിടർന്ന പുഷ്പങ്ങളും കൊത്തിവച്ചിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ല് ഒട്ടും തന്നെ ദൃശ്യമായിരുന്നില്ല.
1 രാജാക്കന്മാർ 6 : 19 (IRVML)
ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന് അവൻ ഒരു അന്തർമ്മന്ദിരം ഒരുക്കി.
1 രാജാക്കന്മാർ 6 : 20 (IRVML)
അന്തർമ്മന്ദിരത്തിന്റെ അകത്തെ നീളവും വീതിയും ഉയരവും ഇരുപത് മുഴം വീതം ആയിരുന്നു; അവൻ അന്തർമ്മന്ദിരത്തിന്റെ അകവും ദേവദാ‍ാരുനിർമ്മിതമായ ധൂപപീഠവും തങ്കം കൊണ്ട് പൊതിഞ്ഞു.
1 രാജാക്കന്മാർ 6 : 21 (IRVML)
ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ട് പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻവശത്ത് വിലങ്ങനെ പൊൻചങ്ങല കൊളുത്തി, അന്തർമ്മന്ദിരം പൊന്നുകൊണ്ട് പൊതിഞ്ഞു.
1 രാജാക്കന്മാർ 6 : 22 (IRVML)
അങ്ങനെ അവൻ ആലയം മുഴുവനും അന്തർമ്മന്ദിരത്തിനുള്ള യാഗപീഠവും പൊന്നുകൊണ്ട് പൊതിഞ്ഞു.
1 രാജാക്കന്മാർ 6 : 23 (IRVML)
അന്തർമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ട് പത്ത് മുഴം വീതം ഉയരമുള്ള രണ്ട് കെരൂബുകളെയും ഉണ്ടാക്കി.
1 രാജാക്കന്മാർ 6 : 24 (IRVML)
ഒരു കെരൂബിന്റെ ഒരു ചിറക് അഞ്ചു മുഴം, മറ്റെ ചിറക് അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.
1 രാജാക്കന്മാർ 6 : 25 (IRVML)
മറ്റെ കെരൂബിനും പത്ത് മുഴം; ആകൃതിയിലും വലിപ്പത്തിലും രണ്ട് കെരൂബുകളും ഒരു പോലെ തന്നേ ആയിരുന്നു.
1 രാജാക്കന്മാർ 6 : 26 (IRVML)
ഓരോ കെരൂബിന്റെയും ഉയരം പത്തു മുഴം തന്നെ ആയിരുന്നു.
1 രാജാക്കന്മാർ 6 : 27 (IRVML)
അവൻ കെരൂബുകളെ അന്തർമ്മന്ദിരത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറക് വിടർന്നിരുന്നു; ഒന്നിന്റെ ചിറക് ഒരു ഭിത്തിയോടും മറ്റേതിന്റെ ചിറക് മറ്റേ ഭിത്തിയോടും തൊട്ടിരുന്നു. ആലയത്തിന്റെ മദ്ധ്യത്തിൽ ഇരു കെരൂബുകളുടെയും ചിറകുകൾ തമ്മിൽ തൊട്ടിരുന്നു.
1 രാജാക്കന്മാർ 6 : 28 (IRVML)
കെരൂബുകളെയും അവൻ പൊന്നുകൊണ്ട് പൊതിഞ്ഞു.
1 രാജാക്കന്മാർ 6 : 29 (IRVML)
ആലയത്തിന്റെ അകത്ത് പുറത്തുമുള്ള മന്ദിരങ്ങളുടെ ഭിത്തികൾക്കു ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.
1 രാജാക്കന്മാർ 6 : 30 (IRVML)
അന്തർമ്മന്ദിരത്തിന്റെയും ബഹിർമ്മന്ദിരത്തിന്റെയും തറ അവൻ പൊന്നുകൊണ്ട് പൊതിഞ്ഞു.
1 രാജാക്കന്മാർ 6 : 31 (IRVML)
അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന് ഒലിവുമരംകൊണ്ട് കതകു ഉണ്ടാക്കി; മേൽവാതിൽപ്പടിയും കട്ടളക്കാലും ഭിത്തിയുടെ അഞ്ചിൽ ഒരു അംശമായിരുന്നു.
1 രാജാക്കന്മാർ 6 : 32 (IRVML)
ഒലിവ് മരംകൊണ്ടുള്ള ഇരു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്ന് പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്ന് വിരിച്ചു
1 രാജാക്കന്മാർ 6 : 33 (IRVML)
അങ്ങനെ തന്നേ അവൻ മന്ദിരത്തിന്റെ വാതിലിനും ഒലിവുമരംകൊണ്ട് കട്ടള ഉണ്ടാക്കി; അത് ഭിത്തിയുടെ നാലിൽ ഒരംശമായിരുന്നു.
1 രാജാക്കന്മാർ 6 : 34 (IRVML)
അതിന്റെ രണ്ട് കതകുകളും സരളമരംകൊണ്ട് ഉണ്ടാക്കി. ഓരോ കതകിനും ഈരണ്ട് മടക്കുപാളികൾ ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 6 : 35 (IRVML)
അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി, രൂപങ്ങളുടെമേൽ പൊന്ന് സമമായി പൊതിഞ്ഞു.
1 രാജാക്കന്മാർ 6 : 36 (IRVML)
ചെത്തി ഒരുക്കിയ മൂന്ന് വരി കല്ലും ഒരുവരി ദേവദാരുപ്പലകയും കൊണ്ട് അവൻ അകത്തെ പ്രാകാരം പണിതു.
1 രാജാക്കന്മാർ 6 : 37 (IRVML)
നാലാം ആണ്ട് സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇടുകയും
1 രാജാക്കന്മാർ 6 : 38 (IRVML)
പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം സകലഭാഗങ്ങളുമായി അതിന്റെ മാതൃക അനുസരിച്ച് തന്നെ പണിതുതീർക്കുകയും ചെയ്തു. അങ്ങനെ ആലയം പണിക്ക് ഏഴ് വർഷം വേണ്ടി വന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38