1 രാജാക്കന്മാർ 7 : 1 (IRVML)
ശലോമോൻ തന്റെ അരമന പതിമൂന്ന് വർഷം കൊണ്ട് പണിതു തീർത്തു.
1 രാജാക്കന്മാർ 7 : 2 (IRVML)
നൂറു മുഴം നീളത്തിലും അമ്പത് മുഴം വീതിയിലും മുപ്പത് മുഴം ഉയരത്തിലും അവൻ ലെബാനോൻ വനഗൃഹം പണിയിച്ചു. ദേവദാരു കൊണ്ടുള്ള തുലാങ്ങളെ താങ്ങി നിർത്തിയിരുന്നത് മൂന്നു നിര ദേവദാരു തൂണുകളായിരുന്നു
1 രാജാക്കന്മാർ 7 : 3 (IRVML)
ഓരോ നിരയിൽ പതിനഞ്ച് തൂണുവീതം നാല്പത്തഞ്ച് തൂണിന്മേൽ തുലാം വെച്ച് ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു.
1 രാജാക്കന്മാർ 7 : 4 (IRVML)
ചരിഞ്ഞ ചട്ടക്കൂടുള്ള മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു.
1 രാജാക്കന്മാർ 7 : 5 (IRVML)
വാതിലുകളും കട്ടളകളും ദീർഘചതുരാകൃതിയിലായിരുന്നു; കിളിവാതിൽ മൂന്ന് നിരയായി നേർക്കുനേരെ ആയിരുന്നു.
1 രാജാക്കന്മാർ 7 : 6 (IRVML)
അവൻ അമ്പത് മുഴം നീളവും മുപ്പത് മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്ത് തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.
1 രാജാക്കന്മാർ 7 : 7 (IRVML)
ന്യായം വിധിക്കേണ്ടതിന് ആസ്ഥാനമണ്ഡപമായി ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് തറ മുതൽ മേൽത്തട്ടു വരെ ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു.
1 രാജാക്കന്മാർ 7 : 8 (IRVML)
അവൻ വസിച്ചിരുന്ന അരമനയുടെ ഉള്ളിൽ ഇതിന്റെ പണിപോലെ തന്നെയുള്ള ഒരു ഗൃഹാങ്കണം ഉണ്ടായിരുന്നു; ശലോമോൻ വിവാഹം കഴിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഇപ്രകാരം തന്നെ ഒരു അരമന പണിതു.
1 രാജാക്കന്മാർ 7 : 9 (IRVML)
ഇവ ഒക്കെയും അടിസ്ഥാനം മുതൽ മുകൾഭാഗം വരെയും പുറത്തെ വലിയ പ്രാകാരത്തിലും, അളവിന് വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ല് കൊണ്ട് ആയിരുന്നു.
1 രാജാക്കന്മാർ 7 : 10 (IRVML)
അടിസ്ഥാനം പത്ത് മുഴവും എട്ട് മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ട് ആയിരുന്നു.
1 രാജാക്കന്മാർ 7 : 11 (IRVML)
മേൽപണി അളവിന് വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
1 രാജാക്കന്മാർ 7 : 12 (IRVML)
പ്രധാന മുറ്റം മൂന്നുവരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും കൊണ്ട് ചുറ്റും അടച്ചുകെട്ടിയിരുന്നു; അങ്ങനെ തന്നെ അകമുറ്റവും യഹോവയുടെ ആലയത്തിന്റെ പൂമുഖവും പണിതിരുന്നു.
1 രാജാക്കന്മാർ 7 : 13 (IRVML)
ശലോമോൻരാജാവ് സോരിൽനിന്ന് ഹീരാം എന്നൊരുവനെ വരുത്തി.
1 രാജാക്കന്മാർ 7 : 14 (IRVML)
അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ പിതാവ് സോർ ദേശക്കാരനായ ഒരു താമ്രപ്പണിക്കാരനായിരുന്നു: അവൻ താമ്രം കൊണ്ടുള്ള സകലവിധ പണിയിലും ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്ന്, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.
1 രാജാക്കന്മാർ 7 : 15 (IRVML)
അവൻ ഓരോന്നിനും പതിനെട്ട് മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും ഉള്ള രണ്ട് തൂണുകൾ താമ്രം കൊണ്ട് വാർത്തുണ്ടാക്കി.
1 രാജാക്കന്മാർ 7 : 16 (IRVML)
തൂണുകളുടെ മുകളിൽ അവൻ താമ്രം കൊണ്ട് രണ്ട് മകുടം വാർത്തുണ്ടാക്കി; ഓരോ മകുടവും അയ്യഞ്ച് മുഴം ഉയരമുള്ളതായിരുന്നു.
1 രാജാക്കന്മാർ 7 : 17 (IRVML)
തൂണുകളുടെ മുകളിലെ മകുടത്തിന് ചിത്രപ്പണിയോടുകൂടിയ വലക്കണ്ണികളും ചങ്ങലകളും ഉണ്ടായിരുന്നു. മകുടം ഓരോന്നിന്നും ഏഴേഴ് ചങ്ങലകൾ ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 7 : 18 (IRVML)
അങ്ങനെ അവൻ തൂണുകൾ ഉണ്ടാക്കി; അവയുടെ മുകളിലെ മകുടം മൂടത്തക്കവണ്ണം ഓരോ മകുടത്തിനും വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം വീതം ഉണ്ടാക്കി.
1 രാജാക്കന്മാർ 7 : 19 (IRVML)
മണ്ഡപത്തിലെ തൂണുകളുടെ മുകളിലെ മകുടം താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.
1 രാജാക്കന്മാർ 7 : 20 (IRVML)
ഇരു തൂണുകളുടെയും മുകളിലെ മകുടത്തിന്റെ വലപ്പണിക്കരികെ പുറത്തേക്ക് ഉന്തി നിൽക്കുന്ന ഭാഗത്ത് ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം വീതം ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 7 : 21 (IRVML)
അവൻ തൂണുകളെ മന്ദിരത്തിന്റെ പൂമുഖത്ത് സ്ഥാപിച്ചു; അവൻ വലത്തെ തൂണിന് യാഖീൻ എന്നും ഇടത്തേതിന് ബോവസ് എന്നും പേരിട്ടു.
1 രാജാക്കന്മാർ 7 : 22 (IRVML)
തൂണുകളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ തൂണുകളുടെ പണി പൂർത്തിയാക്കി.
1 രാജാക്കന്മാർ 7 : 23 (IRVML)
അവൻ താമ്രം കൊണ്ട് വൃത്താകൃതിയിൽ ഒരു കടൽ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്ത് മുഴവും ഉയരം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.
1 രാജാക്കന്മാർ 7 : 24 (IRVML)
അതിന്റെ വക്കിന് താഴെ,കടലിന് ചുറ്റും മുഴം ഒന്നിന് പത്ത് അലങ്കാരമൊട്ട് വീതം ഉണ്ടായിരുന്നു; അത് വാർത്തപ്പോൾ തന്നെ മൊട്ടും രണ്ട് നിരയായി വാർത്തിരുന്നു.
1 രാജാക്കന്മാർ 7 : 25 (IRVML)
അത് പന്ത്രണ്ട് കാളകളുടെ പുറത്ത് വച്ചിരുന്നു; അവ വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും മൂന്നെണ്ണം വീതം തിരിഞ്ഞുനിന്നിരുന്നു; കടൽ അവയുടെ പുറത്ത് വച്ചിരുന്നു; അവയുടെ പൃഷ്ടഭാഗങ്ങൾ അകത്തേക്ക് ആയിരുന്നു.
1 രാജാക്കന്മാർ 7 : 26 (IRVML)
അതിന് ഒരു കൈപ്പത്തിയുടെ ഘനവും, വക്ക് പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിലും ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
1 രാജാക്കന്മാർ 7 : 27 (IRVML)
അവൻ താമ്രം കൊണ്ട് പത്ത് പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന് നാല് മുഴം നീളവും നാല് മുഴം വീതിയും മൂന്ന് മുഴം ഉയരവും ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 7 : 28 (IRVML)
പീഠങ്ങൾ നിർമ്മിച്ചത് ഇപ്രകാരമായിരുന്നു: അവയുടെ ചട്ടക്കൂട് പലകപ്പാളികളാൽ ബന്ധിച്ചിരുന്നു.
1 രാജാക്കന്മാർ 7 : 29 (IRVML)
ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും കൊത്തിയിരുന്നു; ചട്ടത്തിന് മുകളിലായി ഒരു പീഠം ഉണ്ടായിരുന്നു; ചട്ടങ്ങളിൽ സിംഹങ്ങൾക്കും കാളകൾക്കും താഴെ പുഷ്പചക്രങ്ങൾ നെയ്തുണ്ടാക്കി.
1 രാജാക്കന്മാർ 7 : 30 (IRVML)
ഓരോ പീഠത്തിനും താമ്രം കൊണ്ടുള്ള നന്നാല് ചക്രങ്ങളും താമ്രം കൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; തൊട്ടിയുടെ നാല് കോണിലും കാലുകൾ ഉണ്ടായിരുന്നു. കാൽ ഓരോന്നിനും പുറത്തുവശത്ത് പുഷ്പചക്രങ്ങൾ വാർത്തിരുന്നു.
1 രാജാക്കന്മാർ 7 : 31 (IRVML)
അതിന്റെ വായ് ചട്ടക്കൂട്ടിന് അകത്ത് മേലോട്ടും ഒരു മുഴം വ്യാസമുള്ളത് ആയിരുന്നു; അത് പീഠം പോലെ വൃത്താകൃതിയിലും പുറത്തെ വ്യാസം ഒന്നര മുഴവും ആയിരുന്നു; അതിന്റെ വായ്ക്കു ചുറ്റും കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകൃതിയായിരുന്നില്ല, സമചതുരാകൃതി ആയിരുന്നു.
1 രാജാക്കന്മാർ 7 : 32 (IRVML)
ചക്രങ്ങൾ നാലും പലകകളുടെ കീഴെയും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
1 രാജാക്കന്മാർ 7 : 33 (IRVML)
ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചുതണ്ടുകളും വക്കുകളും അഴികളും ചക്രകൂടങ്ങളും എല്ലാം താമ്രം കൊണ്ടുള്ള വാർപ്പു പണി ആയിരുന്നു.
1 രാജാക്കന്മാർ 7 : 34 (IRVML)
ഓരോ പീഠത്തിന്റെ നാല് കോണിലും നാല് താങ്ങുകളുണ്ടായിരുന്നു; അവ പീഠത്തിൽനിന്ന് തന്നെ ഉള്ളവ ആയിരുന്നു.
1 രാജാക്കന്മാർ 7 : 35 (IRVML)
ഓരോ പീഠത്തിന്റെയും മുകളിൽ അര മുഴം ഉയരമുള്ള ചുറ്റുവളയവും, മേലറ്റത്ത് അതിന്റെ വക്കുകളും പലകകളും ഒന്നായി വാർത്തതും ആയിരുന്നു.
1 രാജാക്കന്മാർ 7 : 36 (IRVML)
അതിന്റെ പലകകളിലും വക്കുകളിലും ഇടം ഉണ്ടായിരുന്നതുപോലെ, അവൻ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും പുഷ്പചക്രപ്പണിയോടുകൂടെ കൊത്തിയുണ്ടാക്കി.
1 രാജാക്കന്മാർ 7 : 37 (IRVML)
ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവ ഒക്കെയും ഒരേ അച്ചിൽ വാർത്തതും, ആകൃതിയിലും വലിപ്പത്തിലും ഒരുപോലെയും ആയിരുന്നു.
1 രാജാക്കന്മാർ 7 : 38 (IRVML)
അവൻ താമ്രം കൊണ്ട് പത്ത് തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പത് ബത്ത് വെള്ളം കൊള്ളുമായിരുന്നു; ഓരോ തൊട്ടിയും നന്നാല് മുഴം വ്യാസം ഉള്ളതായിരുന്നു. പത്ത് പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വച്ചു.
1 രാജാക്കന്മാർ 7 : 39 (IRVML)
അവൻ പീഠങ്ങൾ അഞ്ചെണ്ണം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചെണ്ണം ഇടത്തുഭാഗത്തും സ്ഥാപിച്ചു; കടൽ അവൻ ആലയത്തിന്റെ വലത്ത് ഭാഗത്ത് തെക്കുകിഴക്കായി സ്ഥാപിച്ചു.
1 രാജാക്കന്മാർ 7 : 40 (IRVML)
പിന്നെ ഹീരാം തൊട്ടികളും വലിയ ചട്ടുകങ്ങളും പാത്രങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവ് ഏല്പിച്ചിരുന്ന പണികളൊക്കെയും തീർത്തു.
1 രാജാക്കന്മാർ 7 : 41 (IRVML)
രണ്ട് തൂണുകൾ, രണ്ട് തൂണുകളുടെയും മുകളിലുള്ള ഗോളാകാരമായ രണ്ട് മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ട് വലപ്പണികൾ,
1 രാജാക്കന്മാർ 7 : 42 (IRVML)
തൂണുകളുടെ മുകളിലുള്ള ഗോളാകൃതിയിലുള്ള മകുടങ്ങളെ മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴം വീതം രണ്ട് വലപ്പണിയിലുംകൂടെ നാനൂറ് മാതളപ്പഴം,
1 രാജാക്കന്മാർ 7 : 43 (IRVML)
പത്ത് പീഠങ്ങൾ, പീഠങ്ങളിന്മേലുള്ള പത്ത് തൊട്ടി,
1 രാജാക്കന്മാർ 7 : 44 (IRVML)
ഒരു കടൽ, കടലിന്റെ കീഴെ പന്ത്രണ്ട് കാളകൾ,
1 രാജാക്കന്മാർ 7 : 45 (IRVML)
കലങ്ങൾ, വലിയ ചട്ടുകങ്ങൾ, പാത്രങ്ങൾ എന്നിവ ആയിരുന്നു. യഹോവയുടെ ആലയത്തിന് വേണ്ടി ശലോമോൻരാജാവിന്റെ ആവശ്യപ്രകാരം ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രം കൊണ്ടായിരുന്നു.
1 രാജാക്കന്മാർ 7 : 46 (IRVML)
യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മദ്ധ്യേ കളിമൺ അച്ചുകളിൽ രാജാവ് അവയെ വാർപ്പിച്ചു.
1 രാജാക്കന്മാർ 7 : 47 (IRVML)
ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ട് ശലോമോൻ അവയൊന്നും തൂക്കിനോക്കിയില്ല; താമ്രത്തിന്റെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ലായിരുന്നു.
1 രാജാക്കന്മാർ 7 : 48 (IRVML)
അങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിന് വേണ്ടിയുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊൻമേശ,
1 രാജാക്കന്മാർ 7 : 49 (IRVML)
അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ,
1 രാജാക്കന്മാർ 7 : 50 (IRVML)
ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തർമ്മന്ദിരത്തിന്റെ വാതിലുകൾക്കും ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നെ.
1 രാജാക്കന്മാർ 7 : 51 (IRVML)
അങ്ങനെ ശലോമോൻരാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.
❮
❯