1 ശമൂവേൽ 11 : 1 (IRVML)
അതിനുശേഷം അമ്മോൻ രാജാവായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശിനെതിരെ പാളയം ഇറങ്ങി; യാബേശിൽ വസിക്കുന്നവർ നാഹാശിനോട്: “ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.
1 ശമൂവേൽ 11 : 2 (IRVML)
അമ്മോന്യനായ നാഹാശ് അവരോട്: “നിങ്ങളുടെ വലത്തെ കണ്ണുകൾ തുരന്നെടുക്കയും എല്ലാ യിസ്രായേൽ ജനങ്ങളെയും നിന്ദിക്കുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോട് ഉടമ്പടി ചെയ്യാം” എന്നു പറഞ്ഞു.
1 ശമൂവേൽ 11 : 3 (IRVML)
യാബേശിലെ മൂപ്പന്മാർ അവനോട്: “ഞങ്ങൾ യിസ്രായേൽദേശത്തെല്ലാം ദൂതന്മാരെ അയയ്ക്കുന്നതിന് ഞങ്ങൾക്ക് ഏഴ് ദിവസത്തെ അവധി തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം” എന്നു പറഞ്ഞു.
1 ശമൂവേൽ 11 : 4 (IRVML)
ദൂതന്മാർ ശൗലിന്റെ ഗിബെയയിൽ ചെന്ന് ആ വാർത്ത ജനത്തെ പറഞ്ഞ് കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
1 ശമൂവേൽ 11 : 5 (IRVML)
അപ്പോൾ ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്ന് വരികയായിരുന്നു. ജനം കരയുവാൻ കാരണം എന്ത് എന്ന് ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വാർത്ത അവനെ അറിയിച്ചു.
1 ശമൂവേൽ 11 : 6 (IRVML)
ശൗൽ വാർത്ത കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
1 ശമൂവേൽ 11 : 7 (IRVML)
അവൻ രണ്ട് കാളകളെ പിടിച്ചു കഷണംകഷണമായി മുറിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽ ദേശത്തെല്ലായിടത്തുംകൊടുത്തയച്ചു: ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും കൂടെ യുദ്ധത്തിന് വരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.
1 ശമൂവേൽ 11 : 8 (IRVML)
ശൗൽ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.
1 ശമൂവേൽ 11 : 9 (IRVML)
ദൂതന്മാരോടു ശൗൽ: “നിങ്ങൾ ഗിലെയാദിലെ യാബേശ്യരോട്: നാളെ ഉച്ച ആകുമ്പോഴേക്ക് നിങ്ങൾക്ക് രക്ഷ ഉണ്ടാകും എന്നു പറവിൻ” എന്നു പറഞ്ഞു. ദൂതന്മാർ ചെന്ന് യാബേശ്യരോട് അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.
1 ശമൂവേൽ 11 : 10 (IRVML)
പിന്നെ യാബേശ്യർ നഹാശിനോട്: “നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങളുടെ ഇഷ്ടം പോലെ ഞങ്ങളോടു ചെയ്തുകൊൾവിൻ” എന്നു പറഞ്ഞയച്ചു.
1 ശമൂവേൽ 11 : 11 (IRVML)
പിറ്റെ ദിവസം ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭജിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്ന് ഉച്ച വരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവർ ഒന്നിക്കാതവണ്ണം ചിതറിപ്പോയി.
1 ശമൂവേൽ 11 : 12 (IRVML)
അപ്പോൾ ജനം ശമൂവേലിനോടു: “ശൗൽ ഞങ്ങൾക്കു രാജാവായിരിക്കുമോ” എന്നു ചോദിച്ചത് ആർ? അവരെ ഏല്പിച്ചുതരണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.
1 ശമൂവേൽ 11 : 13 (IRVML)
അതിന് ശൗൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന് രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
1 ശമൂവേൽ 11 : 14 (IRVML)
പിന്നെ ശമൂവേൽ ജനത്തോട്: “വരുവിൻ; നാം ഗില്ഗാലിൽ ചെന്ന്, അവിടെവച്ചു രാജത്വം പുതുക്കുക” എന്നു പറഞ്ഞു.
1 ശമൂവേൽ 11 : 15 (IRVML)
അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15