1 ശമൂവേൽ 12 : 1 (IRVML)
അതുകഴിഞ്ഞ് ശമൂവേൽ എല്ലായിസ്രായേലിനോടും പറഞ്ഞത്: “നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് എല്ലാം ഞാൻ ചെയ്തു. നിങ്ങൾക്ക് ഒരു രാജാവിനെയും വാഴിച്ചു തന്നു.
1 ശമൂവേൽ 12 : 2 (IRVML)
ഇപ്പോൾ രാജാവ് നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കൾ നിങ്ങളോടുകൂടെ ഉണ്ട്; എന്റെ ബാല്യംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്ക് നായകനായിരുന്നു.
1 ശമൂവേൽ 12 : 3 (IRVML)
ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു: “ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ മോഷ്ടിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ഞാൻ ആരുടെയെങ്കിലും കയ്യിൽനിന്ന് കൈക്കൂലി വാങ്ങി സത്യത്തിന് നേരേ കണ്ണ് അടച്ചിട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എനിക്കെതിരെ സാക്ഷീകരിപ്പിൻ; ഞാൻ അത് മടക്കിത്തരാം.”
1 ശമൂവേൽ 12 : 4 (IRVML)
അതിന് അവർ: “നീ ഞങ്ങളെ ചതിക്കുകയോ, പീഡിപ്പിക്കയോ, ആരുടെയെങ്കിലും കയ്യിൽനിന്ന് വല്ലതും മോഷ്ടിക്കുകയോ ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
1 ശമൂവേൽ 12 : 5 (IRVML)
ശമുവേൽ പിന്നെയും അവരോട്: “നിങ്ങൾ എന്റെ പേരിൽ കുറ്റം ഒന്നും കണ്ടില്ല എന്നുള്ളതിന് യഹോവയും അവന്റെ അഭിഷിക്തനും ഇന്ന് സാക്ഷി” എന്നു പറഞ്ഞു.
1 ശമൂവേൽ 12 : 6 (IRVML)
അപ്പോൾ ശമൂവേൽ ജനത്തോട് പറഞ്ഞത്: “മോശെയെയും അഹരോനെയും നിയമിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവരികയും ചെയ്തത് യഹോവ തന്നെ.
1 ശമൂവേൽ 12 : 7 (IRVML)
അതുകൊണ്ട് ഇപ്പോൾ നിങ്ങൾ നിൽക്കുന്നിടത്ത് തന്നെ നില്ക്കുവിൻ; യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ചെയ്തിട്ടുള്ള സകല നീതികളെയുംകുറിച്ച് നിങ്ങളെ ഞാൻ യഹോവയുടെ മുമ്പാകെ കുറ്റം വിധിക്കുകയാണു.
1 ശമൂവേൽ 12 : 8 (IRVML)
യാക്കോബ് മിസ്രയീമിൽ ചെന്ന് പാർത്തു; അവിടെവെച്ച് നിങ്ങളുടെ പിതാക്കന്മാർ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് ഈ സ്ഥലത്ത് അധിവസിപ്പിച്ചു.
1 ശമൂവേൽ 12 : 9 (IRVML)
എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ യഹോവ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കൈയിലും, ഫെലിസ്ത്യരുടെ കയ്യിലും, മോവാബ്‌രാജാവിന്റെ കൈയിലും ഏല്പിച്ചു, അവരെല്ലാം യിസ്രായേൽമക്കളോടു യുദ്ധം ചെയ്തു.
1 ശമൂവേൽ 12 : 10 (IRVML)
അപ്പോൾ അവർ യഹോവയോട് നിലവിളിച്ചു: ‘ഞങ്ങൾ യഹോവയെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ച് പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷിക്കണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും’ എന്നു പറഞ്ഞു.
1 ശമൂവേൽ 12 : 11 (IRVML)
അപ്പോൾ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്ന് നിങ്ങളെ വിടുവിച്ചു; നിങ്ങൾ സുരക്ഷിതരായി വസിച്ചു.
1 ശമൂവേൽ 12 : 12 (IRVML)
പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങൾക്ക് എതിരെ വന്നപ്പോൾ, ദൈവമായ യഹോവ നിങ്ങളുടെ രാജാവായിരുന്നിട്ടും, നിങ്ങൾ എന്നോട്: ‘ഒരു രാജാവ് ഞങ്ങളുടെമേൽ വാഴണം’ എന്നു പറഞ്ഞു.
1 ശമൂവേൽ 12 : 13 (IRVML)
ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവ്; യഹോവ നിങ്ങൾക്ക് ഒരു രാജാവിനെ നൽകിയിരിക്കുന്നു.
1 ശമൂവേൽ 12 : 14 (IRVML)
നിങ്ങൾ യഹോവയുടെ കല്പനയെ എതിർക്കാതെ യഹോവയെ ഭയപ്പെട്ട് അവനെ സേവിച്ച് അവന്റെ വാക്ക് അനുസരിക്കണം. നിങ്ങളും നിങ്ങളുടെ രാജാവും ദൈവമായ യഹോവയോട് ചേർന്നിരിക്കുകയും ചെയ്യണം.
1 ശമൂവേൽ 12 : 15 (IRVML)
എന്നാൽ നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെ യഹോവയുടെ കല്പനയെ നിരസിച്ചാൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്ക് എതിരായിരുന്നതുപോലെ നിങ്ങൾക്കും എതിരായിരിക്കും.
1 ശമൂവേൽ 12 : 16 (IRVML)
അതുകൊണ്ട് ഇപ്പോൾ യഹോവ നിങ്ങൾ കാൺകെ ചെയ്യുവാൻ പോകുന്ന ഈ വലിയ കാര്യം കാണുവാൻ നിങ്ങൾ നിൽക്കുന്നിടത്ത് തന്നെ നിൽക്കുവിൻ.
1 ശമൂവേൽ 12 : 17 (IRVML)
ഇത് കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോട് അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട് യഹോവയോട് ചെയ്ത ദോഷം എത്ര വലിയതെന്ന് നിങ്ങൾ അതിനാൽ തിരിച്ചറിയും.”
1 ശമൂവേൽ 12 : 18 (IRVML)
അങ്ങനെ ശമൂവേൽ യഹോവയോട് അപേക്ഷിച്ചു; യഹോവ അന്ന് ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
1 ശമൂവേൽ 12 : 19 (IRVML)
ജനമെല്ലാം ശമൂവേലിനോട്: "അടിയങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതുകൊണ്ട് മറ്റെല്ലാ പാപങ്ങൾക്കും ഒപ്പം ഞങ്ങൾ ഈ ഒരു പാപം കൂടി കൂട്ടിയിരിക്കുന്നു” എന്നു പറഞ്ഞു.
1 ശമൂവേൽ 12 : 20 (IRVML)
ശമൂവേൽ ജനത്തോട് പറഞ്ഞത്: “ഭയപ്പെടാതിരിക്കുവിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ.
1 ശമൂവേൽ 12 : 21 (IRVML)
എന്നാൽ നിങ്ങൾ ഉപകാരമില്ലാത്തതും, രക്ഷിപ്പാൻ കഴിയാത്തതുമായ മിത്ഥ്യാ ദേവന്മാരിലേക്ക് തിരിയരുത്; എന്തെന്നാൽ അവ മിത്ഥ്യാ രൂപങൾ തന്നേയല്ലോ.
1 ശമൂവേൽ 12 : 22 (IRVML)
യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നിയിരിക്കുന്നു.
1 ശമൂവേൽ 12 : 23 (IRVML)
ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോട് പാപം ചെയ്യുവാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്ക് നല്ലതും നേരും ആയ വഴി ഉപദേശിക്കും.
1 ശമൂവേൽ 12 : 24 (IRVML)
യഹോവയെ ഭയപ്പെട്ട് പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓർത്തുകൊള്ളുവിൻ.
1 ശമൂവേൽ 12 : 25 (IRVML)
എന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25